ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയും രവികുമാറും ചേര്‍ന്ന് വെങ്കലം നേടി. ഈ ഇനത്തില്‍ ചൈനീസ് തായ്പേയിക്കാണ് സ്വര്‍ണം. ചൈന വെള്ളി മെഡല്‍ നേടി.
പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്. മത്സരങ്ങള്‍ ആരംഭിച്ച ഞായറാഴ്ച ഇന്ത്യയ്ക്ക് കൂടുതല്‍ മത്സരങ്ങളുണ്ട്. മെഡല്‍ പ്രതീക്ഷകളായി ഷൂട്ടര്‍മാരും ഗുസ്തി താരങ്ങളും ഞായറാഴ്ച ഇറങ്ങും.
വര്‍ണാഭമായ കലാപരിപാടികളോടെ ശനിയാഴ്ച വൈകിട്ടാണ് 18-ാം ഏഷ്യന്‍ ഗെയിംസിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ തിരി തെളിഞ്ഞത്. ജാവലിന്‍ത്രോ താരം നീരജ് ചോപ്രയാണ് ഇന്ത്യന്‍ പതാകയേന്തിയത്. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്നു. ഇന്ത്യയുടെ 572 താരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസിനായി എത്തിയിരിക്കുന്നത്.