റിയോ ഡി ജെനീറോ: ഒരു ജയം, മികച്ച ഒരൊറ്റ ജയം മതി, മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും ജര്‍മനിയ്ക്കും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍. പോര്‍ച്ചുഗലിനെതിരായ മിന്നല്‍ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ജര്‍മന്‍ പടയെങ്കില്‍ ബോസ്‌നിയയ്‌ക്കെതിരെയുള്ള കളിയില്‍ തുറന്നുകണ്ട വിള്ളലുകള്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിലാണ് അര്‍ജന്റീന.
ഇന്ന് ഇന്ത്യന്‍ സമയം ഒമ്പതരയ്ക്കാണ് അര്‍ജന്റീന - ഇറാന്‍ മത്സരം. ഗ്രൂപ്പ് എഫില്‍ ബോസ്‌നിയ്‌ക്കെതിരായ കളി ജയിച്ച അര്‍ജന്റീനയ്ക്ക് മൂന്ന് പോയിന്റുണ്ട്. നൈജീരിയയെ സമനിലയില്‍ പിടിച്ച ഇറാന് ഒരു പോയിന്റും. ബോസ്‌നിയയ്ക്ക് പോയിന്റൊന്നുമില്ല. രാവിലെ 3.30ന് നൈജീരിയ ബോസ്‌നിയയെ നേരിടും.

ബോസ്‌നിയയ്‌ക്കെതിരെ ജയിച്ചെങ്കിലും അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകര്‍ തൃപ്തരല്ല. മെസിയുടെ ഒരു ഗോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആരാധകര്‍ക്ക് ഓര്‍മയില്‍ വെക്കാന്‍ പോന്നതൊന്നും ആ കളിയില്‍ ഇല്ല. കടലാസിലെ പുലികളല്ല എന്ന് അര്‍ജന്റീനയ്ക്ക് തെളിയിച്ചേ പറ്റൂ. നൈജീരിയയ്ക്ക് എതിരെ മികച്ച കളി കളിച്ച ഇറാന്‍ അര്‍ജന്റീനയെയും വാക്കോവര്‍ കൊടുത്ത് വിടാന്‍ പോകുന്നില്ല.
ജി ഗ്രൂപ്പില്‍ ജര്‍മനിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. പോര്‍ച്ചുഗലിനെതിരായ വമ്പന്‍ ജയം മാത്രം മതി ജര്‍മന്‍ പടയുടെ ആഴം മനസിലാക്കാന്‍. ജയിച്ചു എന്ന് മാത്രമല്ല, ഈ ലോകകപ്പില്‍ ഏറ്റവും ആധികാരികമായ പ്രകടനം നടത്തിയ ടീം കൂടിയാണ് ജര്‍മനി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വമ്പുമായി എത്തിയ പോര്‍ച്ചുഗലിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജര്‍മനി നിശബ്ദരാക്കിയത്.
ഘാനയ്‌ക്കെതിരെയും തങ്ങള്‍ ശൈലി മാറ്റാന്‍ പോകുന്നില്ലെന്ന് മിഡ് ഫീല്‍ഡര്‍ മരിയൊ ഗോട്‌സെ നയം വ്യക്തമാക്കിക്കഴിഞ്ഞു. ഗ്രൂപ്പ് ജിയില്‍ ജര്‍മനിക്ക് പിന്നിലായി മൂന്ന് പോയിന്റുകളോടെ യു എസ് ഉണ്ട്. ഘാനയ്‌ക്കെതിരായിരുന്നു യു എസിന്റെ വിജയം. ജര്‍മനിക്കെതിരായ തോല്‍വിയും റൊണാള്‍ഡോയുടെ പരിക്കുമായി പോര്‍ച്ചുഗല്‍ നിരാശയിലാണ്.