
ദില്ലി: 18ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷാണ് ഇന്ത്യയെ നയിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ സ്വര്‍ണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലെംബാങിലുമായി ഓഗസ്റ്റിലാണ് ഗെയിംസ് അരങ്ങേറുന്നത്.
ഫോര്‍വേഡായ അക്ഷ്ദീപ് സിങിനെയും ഡ്രാഗ്ഫ്‌ളിക്കര്‍ രൂപീന്ദര്‍ പാല്‍ സിങിനെയും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. മിഡ്ഫീല്‍ഡര്‍ ചിന്‍ഗ്ലെന്‍സെന സിങ് കങ്ജുമാണ് 18 അംഗ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരിചയസമ്പന്നനായ സര്‍ദാര്‍ സിങിനെയും ടീമിലുള്‍പ്പെടുത്തി. മധ്യനിരയില്‍ മന്‍പ്രീത് സിങ്, സിമ്രന്‍ജീത്ത് സിങ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരും സര്‍ദാരിന് കൂട്ടായെത്തും.

മുന്‍നിരയില്‍ അക്ഷ്ദീപിനെക്കൂടാതെ പരിചയസമ്പന്നനായ എസ് വി സുനില്‍, മന്‍ദീപ് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, ദില്‍പ്രീത് സിങ് എന്നിവരുമുണ്ട്. ആരൊക്കെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്ന് കളിക്കു മുമ്പ് മാത്രമേ തീരുമാനിക്കുകയുള്ളൂ. പരിചയസമ്പന്നനായ രൂപീന്ദര്‍പാലിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ പ്രതിരോധത്തെ ശക്തിപ്പെടുത്തും. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, അമിത് രോഹിദാസ്, സുരേന്ദര്‍ കുമാര്‍, ബിരേന്ദ്ര ലാക്ര എന്നിവരാണ് ടീമിലെ മറ്റു ഡിഫന്‍ഡര്‍മാര്‍.