Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ തോല്‍ക്കണമെങ്കില്‍ സയ്ദയെ വീഴ്ത്തണം, ആരാണ് സയ്ദ ?

കറാച്ചി: കാല്‍പന്തുകളിയുടെ ഭൂപടത്തില്‍ പാകിസ്താന്‍ ടീമിന്റെ സ്ഥാനം എവിടെയാണെന്നു ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോവും. പുരുഷന്‍മാരുടെ മാത്രമല്ല വനിതകളുടെ ഫുട്‌ബോളിലും പാക് ടീമിന്റെ സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ കളിമിടുക്കും അഴകും കൊണ്ട് പാക് വനിതാ ഫുട്‌ബോളിലെ സെന്‍സേഷനായ താരമുണ്ട്- 23കാരിയായ സയ്ദ മഹ്പറ ശാഹിദ് ബുഖാരി. നിലവില്‍ പാക് സീനിയര്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയാണ് സയ്ദ.

പുരുഷ കേന്ദ്രീകൃതമായ ഫുട്‌ബോളില്‍ തന്റെ മികവ് കൊണ്ടും ഗ്ലാമര്‍ കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച വനിതാ താരങ്ങളില്‍ സയ്ദ മുന്‍പന്തിയില്‍ തന്നെയുണ്ട്. പ്രത്യേകിച്ചും വനിതാ താരങ്ങളെ കായിക മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ മുഖംതിരിച്ചുനില്‍ക്കുന്ന പാകിസ്താനില്‍ നിന്നെത്തുമ്പോള്‍ ഇതിന് പ്രാധാന്യം കൂടുന്നു. എതിര്‍പ്പുകളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് വരുന്ന സയ്ദ ഇന്ന് രാജ്യത്തെ മറ്റു പെണ്‍കുട്ടികള്‍ക്കും മാതൃകയാണ്.

പ്രശസ്തിയുടെ കാര്യത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവാം. എന്നാല്‍ ഒരു കായികതാരമെന്ന നിലയില്‍ താന്‍ ഇത് ആസ്വദിക്കുന്നുണ്ട്. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതു പ്രചോദനമാവുമെന്നും സയ്ദ പറഞ്ഞു.

സയ്ദയെ താരമാക്കിയത് കുടുംബം

കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് തന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്ന് സയ്ദ പറയുന്നു. 14ാം വയസ്സില്‍ അമ്മയാണ് ആദ്യമായി എന്നെ ട്രയല്‍സില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയത്. യങ് റൈസിങ് സ്റ്റാറെന്ന ക്ലബ്ബിലായിരുന്നു ട്രയല്‍സ്. അന്ന് ഡിഫന്ററായിട്ടായിരിന്നു തുടക്കമെങ്കിലും പിന്നീട് കോച്ചിന്റെ ഉപദേശത്തെത്തുടര്‍ന്ന് 2008ല്‍ ഗോള്‍കീപ്പിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ ട്രയല്‍സില്‍ തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയെന്ന് സയ്ദ പറഞ്ഞു. ഫുട്‌ബോളിനെ കൂടുതല്‍ സീരിയസായി കണ്ടാല്‍ കരിയറില്‍ ഏറെ മുന്നോട്ടുപോവാനാവുമെന്ന മാതാപിതാക്കളുടെ വാക്കുകള്‍ തന്നെ മികച്ച താരമാക്കി വളര്‍ത്തിയെടുത്തതായും സയ്ദ വ്യക്തമാക്കി.

ഇവള്‍ പാക് വന്‍മതില്‍

വന്‍മതിലെന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഓര്‍മ വരുക മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിനെയായിരിക്കും. എന്നാല്‍ പാകിസ്താന്‍ തങ്ങളുടെ വന്‍മതിലെന്നു ഓമനപ്പേരിട്ടു വിളിക്കുന്നത് സയ്ദയെയാണ്. എതിര്‍ ടീമിന്റെ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്ത് സ്വന്തം ടീമിനെ കാത്തുരക്ഷിക്കാനുള്ള മികവാണ് സയ്ദയ്ക്ക് ഈ പേര് വരാന്‍ കാരണം. ദ്രാവിഡിനെപ്പോലുള്ള ഒരു ഇതിഹാസത്തിനു ലഭിച്ച പേരില്‍ താനും അറിയപ്പെടുന്നത് ഏറെ അഭിമാനം നല്‍കുന്നെന്ന് സയ്ദ പറഞ്ഞു.
തന്റെ ഗോള്‍കീപ്പിങ് മികവ് കൊണ്ട് നിരവധി പുരസ്‌കാരങ്ങള്‍ താരം ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. 2011, 14 വനിതാ സാഫ് ചാംപ്യന്‍ഷിപ്പുകളിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം സയ്ദയ്ക്കായിരുന്നു. 2014ലെ ചാംപ്യന്‍ഷിപ്പില്‍ നേപ്പാളിനെതിരായ മല്‍സരത്തിലെ പെനല്‍റ്റി സേവാണ് തന്റെ കരിയറിലെ മറക്കാനാവാത്ത നിമിഷമെന്ന് താരം വെളിപ്പെടുത്തി. രാജ്യത്തിനു വേണ്ടി 10 തവണ സയ്ദ ഗോള്‍വല കാത്തിട്ടുണ്ട്.
കൂടാതെ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ 2008, 10, 11, 12, 13 വര്‍ഷങ്ങളിലുമ സയ്ദ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനകം തന്റെ മികവ് ലോകത്തിനു കാണിച്ചുകൊടുത്തെങ്കിലും സയ്ദ പൂര്‍ണ സംതൃപ്തയല്ല. സ്വന്തം പ്രകടനം ഇനിയുമേറെ മെച്ചപ്പെടുത്താനുള്ള കഠിനാധ്വാനത്തിലാണ് താരം.

വനിതാ ഫുട്‌ബോളിലെ നുയറാവണം

പുരുഷ വിഭാഗത്തില്‍ ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും നമ്പര്‍ വണ്‍ ഗോള്‍കീപ്പറായ മാന്വല്‍ നുയറാണ് സയ്ദയുടെ റോള്‍ മോഡല്‍. വനിതകളിലെ നുയറെന്ന് അറിയപ്പെടുകയാണ് തന്റെ ലക്ഷ്യമെന്നും നുയറുടെ നേട്ടങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമെന്നും സയ്ദ ആത്മവിശ്വാസത്തോടെ പറയുന്നു. ലോക ഫുട്‌ബോളറായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വനിതകളില്‍ അമേരിക്കന്‍ സൂപ്പര്‍ താരം ഹോപ്പ് സോളോയുമാണ് താരത്തിന്റെ മറ്റു ആരാധനാപാത്രങ്ങള്‍.

 ക്രിക്കറ്റിന്റെ ആരാധികയല്ല

രാജ്യത്തെ പ്രധാന കായിക വിനോദമായ ക്രിക്കറ്റിനോട് സയ്ദയ്ക്ക് വലിയ പ്രിയമില്ല. ഫുട്‌ബോള്‍ പാകിസ്താനില്‍ കൂടുതല്‍ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണെന്നും നിലവിലെ വനിതാ ടീമിന്റെ മികച്ച നേട്ടങ്ങളാണ് ഇതിനു കാരണമെന്നും സയ്ദ ചൂണ്ടിക്കാട്ടി.
നിരവധി പുതിയ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഫുട്‌ബോളിലേക്കു കടന്നു വരുന്നുണ്ട്. ഭാവിയില്‍ പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുമെന്നും സയ്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രിയപ്പെട്ട ടീം ആഴ്‌സനല്‍

ഇംഗ്ലീഷ് ഫുട്‌ബോളിലെ അതികായന്‍മാരായ ആഴ്‌സനല്‍ വനിതാ ടീമിന്റെ കടുത്ത ആരാധികയാണ് സയ്ദ. അവരുടെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഭാവിയില്‍ ഒരു നാള്‍ ആഴ്‌സനലിനായി കളിക്കാനാവുമെന്ന് സ്വപ്‌നം കാണുകയാണ് സയ്ദ.
ദേശീയ തലത്തില്‍ ബലോചിസ്താന്‍ യുനൈറ്റഡ് ടീമിനു വേണ്ടിയാണ് ഈ സുന്ദരി കളിക്കുന്നത്. 2014ല്‍ ടീമിലെത്തിയ താരം ആറു വിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു.

Story first published: Thursday, December 15, 2016, 12:18 [IST]
Other articles published on Dec 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+