ഫുട്‌ബോളില്‍ ഒരുപാട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ വര്‍ഷമാണ് 2024. ചില ടീമുകളുടെ മാജിക്കല്‍ പ്രകടനങ്ങള്‍ മാത്രമല്ല, താരങ്ങളുടെ മാച്ച് വിന്നിങ് വണ്‍മാന്‍ ഷോയും ഈ വര്‍ഷം ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ മുതല്‍ ലാമിന്‍ യമാല്‍ വരെ ഫുട്‌ബോള്‍ പ്രേമികളുടെ കൈയടിയേറ്റുവാങ്ങി.
എന്നാല്‍ ഈ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ വാരിക്കൂട്ടിയ താരം മെസ്സിയോ, റോണോയോ, എര്‍ലിങ് ഹാളണ്ടോയല്ല. അതു മറ്റൊരു സര്‍പ്രൈസ് താരമാണ്. പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിനു വേണ്ടി ഗോളുകള്‍ വാരിക്കൂട്ടി സ്വീഡിഷ് സ്‌ട്രൈക്കര്‍ വിക്ടര്‍ ഗ്യോക്കെറസാണ് പുതിയ ഗോള്‍ മെഷീനായി മാറിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഗോള്‍വേട്ടയാണ് താരം ഈ വര്‍ഷം നടത്തിയിട്ടുള്ളത്.

പുതിയ ഗോളടിവീരന്‍
ഈ വര്‍ഷം സ്‌പോര്‍ട്ടിങ് ലിസ്ബണിനു വേണ്ടി വിക്ടര്‍ ഗ്യോക്കെറസ് അടിച്ചുകൂട്ടിയത് 52 ഗോളുകളാണ്. 55 മല്‍സരങ്ങളില്‍ നിന്നാണ് 26 കാരനായ താരം ഇത്രയയും ഗോളുകളടിച്ചത്. ഈ പ്രകടനത്തോടെ യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകളും ഗ്യോക്കെറസിനെ റാഞ്ചാന്‍ വല വീശിക്കഴിഞ്ഞു. അടുത്ത ട്രാന്‍സ്ഫര്‍ സീസണില്‍ ഗ്യോക്കെറസിനെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തേ ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്രൈറ്റണിലും കവെന്‍ട്രി സിറ്റിയിലും ഫ്‌ളോപ്പായി മാറിയിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ സ്‌പോര്‍ട്ടിങിലേക്കു വന്നതോടെ സ്വീഡിഷ് സ്‌ട്രൈക്കറുടെ കരിയര്‍ തന്നെ അടിമുടി മാറിയിരിക്കുകയാണ്.
ഗ്യോക്കെറസ് കഴിഞ്ഞാല്‍ ഈ വര്‍ഷം കൂടുതല്‍ ഗോളുകളടിച്ച താരങ്ങളുടെ ലിസ്റ്റിലെ രണ്ടാമന്‍ ബാഴ്‌സലോണയുടെ പോളണ്ട് ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്. യൂറോപ്പിലെ ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവിന്റെ മുന്‍ അവകാശിയായ താരം ബാഴ്‌സയ്ക്കായി 52 മല്‍സരങ്ങളില്‍ നിന്നും നേടിയത് 40 ഗോളുകളാണ്.
നിലവിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ ജേതാവായ ഇംഗ്ലണ്ടിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് മൂന്നാംസ്ഥാനത്ത്. വിവിധ ടൂര്‍ണമെന്റുകളിലായി ഈ വര്‍ഷം താരത്തിന്റെ സമ്പാദ്യം 39 ഗോളുകളാണ്. 43 കളിയില്‍ നിന്നാണ് കെയ്ന്‍ ഇത്രയും ഗോളുകളടിച്ചത്.

ഗ്യോക്കെറസിന്റെ തുടക്കം
സ്വീഡനില്‍ ജനിച്ച വിക്ടര്‍ ഗ്യോക്കെറസ് സ്വന്തം നാട്ടിലെ ക്ലബ്ബായ ബ്രൊമോപൊക്കര്‍ണയിലൂടെയാണ് 16ാം വയസ്സില്‍ ഫുട്‌ബോള്‍ കരിയറിനു തുടക്കമിട്ടത്. തുടക്ക കാലത്തു വിങറുടെ റോളിലാണ് അദ്ദേഹം കളിച്ചു കൊണ്ടിരുന്നത്. പിന്നീടാണ് സ്‌ട്രൈക്കറായി താരം മാറിയത്. കഠിന പരിശീലനമാണ് മികച്ചൊരു സ്‌ട്രൈക്കറായി മാറാന്‍ തന്നെ സഹായിച്ചതെന്നു ഗ്യോക്കെറസ് പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു.
എന്റെ ടീമിലെ മറ്റുള്ളവരെല്ലാം സാധാരണ രീതിയിലുള്ള പരിശീലനം നടത്തിയിരുന്ന സമയത്തു ഞാന്‍ പിച്ചിന്റെ മറ്റൊരു വശത്താണ് തനിച്ചു പരിശീലനം നടത്തിയത്. അതു വളരെ കടുപ്പം തന്നെയായിരുന്നു. പക്ഷെ ഇതാണ് എന്നെ മറ്റൊരു ലെവലിലേക്കു ഉയരാന്‍ സഹായിച്ചതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.