ഭുവനേശ്വര്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കി. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ഖത്തറിനോടു ഇന്ത്യ പൊരുതി കീഴടങ്ങുകയായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ മിന്നുന്ന വിജയമാണ് ഖത്തര്‍ സ്വന്തമാക്കിയത്.
ഇരുപകുതികളുടെയും തുടക്കത്തില്‍ നേടിയ ഓരോ ഗോളുകളിലാണ് ഖത്തര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകും മുമ്പായിരുന്നു ഈ രണ്ടു ഗോളുകളും ഖത്തര്‍ കണ്ടെത്തിയത്. ഒടുവില്‍ കളി തീരുന്നതിനു മുമ്പ് മൂന്നാം ഗോളും നേടിയ ഖത്തര്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കുകയും ചെയ്തു.

കോച്ച് ഇഗോര്‍ സ്റ്റിമാച്ച് നടത്തിയ വലിയൊരു ചൂതാട്ടമാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ പരാജയത്തിനു കാരണമെന്നു പറയേണ്ടി വരും. കാരണം നേരത്തേ നടന്ന ആദ്യ മല്‍സരത്തില്‍ കുവൈത്തിനെ ഏകപക്ഷീമായ ഒരു ഗോളിനു തോല്‍പ്പിച്ച ടീമില്‍ അഞ്ചു മാറ്റങ്ങളോടെയാണ് സ്റ്റിമാച്ച് ഇന്ത്യയെ ഇറക്കിയത്. കുവൈത്തിനെതിരേ 12 സേവുകള്‍ നടത്തിയ ഗോള്‍മുഖത്തു നിറഞ്ഞുനിന്ന ഗോളി ഗുര്‍പ്രീത് സന്ധുവിനു പകരം അമരീന്ദര്‍ സിങിനെയും അദ്ദേഹം ഇവനിലേക്കു കൊണ്ടുവന്നു.
സ്റ്റിമാച്ചിന്റെ ഈ പരീക്ഷണം വന്‍ പരാജയമാവുകയും ചെയ്തു. ഗോള്‍മുഖത്ത് അമരീന്ദറിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഒരു മികച്ച സേവ് നടത്തിയത്തൊഴിച്ചാല്‍ അമരീന്ദറിനു ഗോളിയെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഖത്തറിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയതും അദ്ദേഹത്തിന്റെ പിഴവായിരുന്നു. അമരീന്ദറിന്റെ കൈയിലൊതുങ്ങാതെ വഴുതിപ്പോയ ബോളാണ് ഖത്തര്‍ താരം ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു തട്ടിയിട്ടത്.
ഖത്തറിന്റെ ആധിപത്യം തന്നെയാണ് മല്‍സരത്തിലുടനീളം കണ്ടത്. ചുരുക്കം ചില നീക്കങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്കു കാര്യമായൊന്നും കളിയില്‍ ചെയ്യാനായില്ല. ആദ്യ പകുതിയുടെ അവസാനത്തെ 15 മിനിറ്റിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കണ്ടത്.
രണ്ടു തുറന്ന ഗോളവസരങ്ങള്‍ ഇന്ത്യക്കു ഇരു പകുതികളിലും ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു. അനിരുദ്ധ് ഥാപ്പയും രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമായിരുന്നു ഷോട്ടുകള്‍ പുറത്തേക്കടിച്ചു കളഞ്ഞത്. ആദ്യ പകുതിയില്‍ അപ്പൂയയും ഇന്ത്യയുടെ അര്‍ധ ഗോളവസരം നഷ്ടപ്പെടുത്തിയിരുന്നു.

42ാം മിനിറ്റിലായിരുന്നു ടീമിനെ 1-1നു ഒപ്പമെത്തിക്കാനുള്ള സുവര്‍ണാവസരം ഥാപ്പ പാഴാക്കിയത്. ഖത്തര്‍ ഗോളി നല്‍കിയ ഷോര്‍ട്ട് പാസ് സുനില്‍ ഛേത്രി സമര്‍ഥമായി തട്ടിയെടുത്ത് ഥാപ്പയ്ക്കു നല്‍കുകയായിരുന്നു. പന്തുമായി കാര്യമായ വെല്ലുവിളിയില്ലാതെ ഓടിക്കയറിയ ഥാപ്പയ്ക്കു മുന്നില്‍ ഗോളി മാത്രം. പക്ഷെ ബോക്‌സിന്റെ എഡ്ജില്‍ നിന്നും ഥാപ്പ തൊടുത്ത താഴ്ന്ന വലംകാല്‍ ഷോട്ട് വലതു പോസ്റ്റിനു അരികിലൂടെ പുറത്തു പോവുകയായിരുന്നു.
രണ്ടാം പകുതിയിലാണ് ഥാപ്പയെ പിന്‍വലിച്ച് സഹലിനെ ഇന്ത്യ ഗ്രൗണ്ടിലിറക്കിയത്. മിനിറ്റുകള്‍ക്കം അദ്ദേഹത്തിനു ടീമിന്റെ ആദ്യ ഗോള്‍ മടക്കാനുള്ള നല്ലൊരു അവസരവും ലഭിച്ചു. സുരേഷ് വാങ്ചമിന്റെ ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ ലോങ് ബോള്‍ ഇടതു വിങിലൂടെ പിടിച്ചെടുത്ത് സഹലിന്റെ മുന്നേറ്റം.
ബോക്‌സിലേക്കു കയറിയ ശേഷം സെക്കന്റ് പോസ്റ്റ് ലക്ഷ്യമാക്കി അദ്ദേഹമൊരു ഇടംകാല്‍ ഗ്രൗണ്ടര്‍ തൊടുക്കുകയായിരുന്നു. പക്ഷെ അതു ഗോള്‍കീപ്പര്‍ക്കു ഭീഷണി സൃഷ്ടിക്കാതെ പുറത്തു പോവുകയും ചെയ്തു. കളിയില്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച രണ്ടു ഗോളവസരങ്ങള്‍ ഇവ രണ്ടുമായയിരുന്നു.