സാവോ പോളോ: ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സെമിയിലെ ടീമുകള്‍ ഏതെന്ന് വ്യക്തമായി. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലും ജര്‍മനിയും ഒന്നാം സെമിയില്‍ ഏറ്റുമുട്ടും.
ആദ്യ ക്വാര്‍ട്ടറില്‍ ജര്‍മനി ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. ലഭിച്ച അവസരങ്ങളില്‍ പാതിയെങ്കിലും മുതലാക്കാനായിരുന്നെങ്കില്‍ ഫ്രാന്‍സ് സെമിയിലെത്തിയേനെ. രണ്ടാം ക്വാര്‍ട്ടറില്‍ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആതിഥേയരായ ബ്രസീല്‍ സെമി ബര്‍ത്ത് നേടിയത്.

ജര്‍മനി-ഫ്രാന്‍സ് മത്സരം കടുത്തതായിരുന്നു. 13-ാം മിനിട്ടില്‍ ജര്‍മനിയുടെ ഹമ്മല്‍സ് ആണ് മത്സരത്തില്‍ ആദ്യമായും അവസാനമായും വല കുലുക്കിയത്. പിന്നീട് ഇരു ടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല. ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ ഗോള്‍ വലക്ക് മുന്നില്‍ മതില്‍ തീര്‍ത്തപ്പോള്‍ ഫ്രഞ്ച് പടയുടെ നീക്കങ്ങള്‍ വൃഥാവിലായി. അവസാന നിമിഷം ഫ്രഞ്ച് താരം കരീം ബെന്‍സെമ പായിച്ച ഷോട്ട് അത്ഭുതകരമായാണ് ന്യൂയര്‍ തടഞ്ഞിട്ടത്.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങി ഇത്രനാളും കളിച്ച കളിയായിരുന്നില്ല കൊളംബിയക്കെതിരെ ബ്രസീല്‍ പുറത്തെടുത്തത്. പ്രതിരോധത്തിലെ വിള്ളലുകള്‍ പരമാവധി ഇല്ലാതെ, മികച്ച് മുന്നേറ്റങ്ങളുമായി ബ്രസീലിന്റെ കളി ആരാധകര്‍ക്ക് ആവശം പകര്‍ന്നു. ഏഴാം മിനിട്ടില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും 69-ാം മിനിട്ടില്‍ ഡേവിഡ് ലൂയിസുമാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്. കൊളംബിയയുടെ സൂപ്പര്‍ താരം റോഡ്രിഗസ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടി.