
മോസ്‌കോ: റഷ്യ ലോകകപ്പിലെ ആദ്യ ചുവപ്പുകാര്‍ഡ് കൊളംബിയന്‍ താരത്തിന്. ജപ്പാനുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് വാങ്ങി. മത്സരം തുടങ്ങി കേവലം മൂന്ന് മിനിറ്റ് ആകുമ്പോഴേക്കുമാണ് മത്സരഗതി വഴിതിരിച്ചുവിടുന്ന തരത്തില്‍ റഫറിയുടെ ശിക്ഷ ലഭിച്ചത്.
ഇതോടെ ലോകകപ്പില്‍ അതിവേഗത്തില്‍ ചുവപ്പു കാര്‍ഡ് വാങ്ങുന്ന രണ്ടാമത്തെ താരമെന്ന നാണക്കേടും സാഞ്ചസിന്റെ പേരിലായി. നേരത്തെ 1986 ലോകകപ്പില്‍ യുറുഗ്വന്‍ താരം ജോസ് ആല്‍ബെര്‍ട്ടോ ബാറ്റിസ്റ്റ 54-ാം സെക്കന്റില്‍ ചുവപ്പുകാര്‍ഡ് വാങ്ങിയിരുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ഇത്.

സാഞ്ചസ് പെനാല്‍റ്റി ബോക്‌സില്‍ പന്ത് കൈകൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി ലഭിച്ചത്. ജപ്പാന്റെ ഷിന്‍ജി കവാജ പെനാല്‍റ്റി ഗോളാക്കി മാറ്റുകയും ചെയ്തു. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ക്വയിന്ററോ ഫ്രീകിക്ക് ഗോളാക്കിമാറ്റി കൊളംബിയയ്ക്ക് സമനിലയും നല്‍കി. നേരത്തെ മുപ്പത്തിയഞ്ചുകാരനായ ഇജി കവാഷിമ ജപ്പാനുവേണ്ടി ലോകകപ്പിലിറങ്ങുന്ന പ്രായംകൂടിയ കളിക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.