മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ ഇരു ടീമുകളുടെയും സാധ്യതകള്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്തു തുടങ്ങി. രണ്ടു ടീമുകളും അവസാന പതിനാറിലെത്തിയത് ആധികാരികമല്ലാത്തതിനാല്‍ കൃത്യമായ പ്രവചനം നടത്തുക അസാധ്യമാണ്. ശനിയാഴ്ച നടക്കുന്ന കളിയില്‍ അവസരം മുതലെടുക്കുന്നവര്‍ ജയിക്കുമെന്നാണ് കളി വിദഗ്ധരുടെ നിലപാട്.

സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ഇരു ടീമുകളെയും വേര്‍തിരിക്കുന്നത്. മെസ്സിതന്നെയായിരിക്കും കളിയിലെ ശ്രദ്ധാകേന്ദ്രവും. ആദ്യ രണ്ടും മത്സരങ്ങളിലും നിറംമങ്ങി കടുത്ത വിമര്‍ശനത്തിനിരയായ മെസ്സി നൈജീരിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഗോളടിച്ച് ടീമിനെ കരയറ്റിയിരുന്നു. അതുകൊണ്ടുതന്നെ മെസ്സിയലാണ് അര്‍ജന്റീനയുടെ പ്രതീക്ഷയെല്ലാം.
എന്നാല്‍, മെസ്സിയെ തടഞ്ഞുകൊണ്ട് കളിജയിക്കാന്‍ കഴിയില്ലെന്നാണ് ഫ്രഞ്ച് പ്രതിരോധതാരം പ്രെസ്‌നെല്‍ കിംപെബെ പറയുന്നത്. ഭൂമിയെ ഒരു താരത്തിനും മെസ്സിയെ തടയാനാകില്ല. തന്ത്രം വേറെയാണെന്നും താരം വ്യക്തമാക്കി. മെസ്സിയെ മാന്‍ ടു മാന്‍ മാര്‍ക്ക് ചെയ്യുന്നത് ഗുണം ചെയ്യില്ലെന്നാണ് മറ്റൊരു മുന്‍ താരമായ ലിസാരസുവും പറയുന്നത്.
മെസ്സിക്ക് പന്തെത്തുന്ന വഴികള്‍ തടയുകയാണ് ഫ്രാന്‍സിന്റെ തന്ത്രമെന്നാണ് റിപ്പോര്‍ട്ട്. ക്രൊയേഷ്യ കൃത്യമായി നടപ്പാക്കിയ ഈ പദ്ധതികൊണ്ട് അര്‍ജന്റീനയ്‌ക്കെതിരെ ആക്രമിച്ച് കളിക്കാമെന്നും ഫ്രാന്‍സ് കണക്കുകൂട്ടുന്നുണ്ട്. മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങളെ തടയാനുള്ള ശേഷി ഇപ്പോള്‍ ഫ്രാന്‍സ് പ്രതിരോധന നിരയ്ക്കുണ്ട്. അതേഅവസരത്തില്‍തന്നെ ആക്രമിച്ചുകളിക്കാനും ഫ്രാന്‍സിന് കഴിയും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ വാശിയേറിയ പോരാട്ടത്തിനാണ് ലോകം കാത്തിരിക്കുന്നത്.