ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമങ്കവും ജയിച്ച് ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ കുതിക്കുകയാണ്. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെയും വാരിക്കളഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അഫ്ഗാനെ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യ കശാപ്പ് ചെയ്തത്. ഇത്രയും അനായാസമായ ഒരു വിജയം രോഹിത് ശര്‍മയും സംഘവും പ്രതീക്ഷിച്ചു കാണില്ല. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ടീം ഇന്ത്യ യഥാര്‍ഥ അഗ്നിപരീക്ഷയ്ക്കു ഇറങ്ങുകയാണ്.
ചിരവൈരികളായ പാകിസ്താനുമായുള്ള ഇന്ത്യയുടെ എല്‍ ക്ലാസിക്കോ പോരാട്ടമാണ് ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ ത്രില്ലറില്‍ വിജയം മാത്രമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള അപരാജിത റെക്കോര്‍ഡും ഇന്ത്യക്കു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലോകകപ്പില്‍ നേരത്തേ ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

പക്ഷെ അഫ്ഗാനിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ സംഭവിച്ച വലിയൊരു അബദ്ധം പാകിസ്താനെതിരേ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ടീം കോമ്പിനേഷനിലായിരുന്നു അഫ്ഗനെതിരേ ഇന്ത്യ ഒരു മണ്ടത്തരം കാണിച്ചത്. സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിച്ചതായിരുന്നു ഈ പിഴവ്. നേരത്തേ ഓസീസുമായുള്ള ആദ്യ കളിയിലേത് ഇന്ത്യയുടെ പെര്‍ഫെക്ട് കോമ്പിനേഷനായിരുന്നു. പക്ഷെ അഫ്ഗാനെതിരേ അതു പിഴയ്ക്കുകയും ചെയ്തു.
ശര്‍ദ്ദുലിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നതിനെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവര്‍ ടോസിനു ശേഷം വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2019ലെ കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനെതിരേ അവസാന ഓവറില്‍ ഹാട്രിക്ക് കുറിക്കുകയും ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയും ചെയ്ത മുഹമ്മദ് ഷമിയെ തഴഞ്ഞത് വലിയ പിഴവാണെന്നായിരുന്നു ഗവാസ്‌കറുടെ വിലയിരുത്തല്‍. ഷമിയെ കളിപ്പിച്ചിരുന്നെങ്കില്‍ അഫ്ഗാനു മേല്‍ മാനസികമായ മുന്‍തൂക്കം നേടാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.

അഫ്ഗാനെതിരേ ശര്‍ദ്ദുല്‍ ആറോവറുകളാണ് ബൗള്‍ ചെയ്തത്. 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ പാകിസ്താനെതിരേ ശര്‍ദ്ദുലിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിയ ശേഷം ഷമി, അശ്വിന്‍ എന്നിവരിലൊരാളെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കേണ്ടതുണ്ട്. ഇരുവരും ഒരുപോലെ അനുഭവസമ്പത്തുള്ള താരങ്ങളാണ്. അതുകൊണ്ടു തന്നെ പാകിസ്താനുമായുള്ള കളിയിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഇവര്‍ക്കു മിടുക്കും കൂടുതലായിരിക്കും.
അഹമ്മദാബാദിലേത് ബാറ്റിങ് പിച്ചാണെന്നു എല്ലാവര്‍ക്കു മറിയാം. എന്നാല്‍ ബൗളര്‍മാര്‍ക്കും ഇവിടെ നിന്നും സഹായം ലഭിക്കും. പേസര്‍മാര്‍ക്കു ഇവിടെ ബൗണ്‍സും സ്പിന്നര്‍മാര്‍ക്കു ടേണും ലഭിക്കും. അതുകൊണ്ടു തന്നെ അശ്വിനും ഷമിയും ഇവിടെ ഒരുപോലെ മികച്ച ഓപ്ഷനുകളാണ്. പക്ഷ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കുക അസാധ്യമായതിനാല്‍ തന്നെ ആരെ വേണമെന്നത് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കും.
മികച്ച ബൗളിങിനൊപ്പം ബാറ്റിങിനു കൂടുതല്‍ ആഴം കൂടി നല്‍കാനാണ് ഇന്ത്യയുടെ പ്ലാനെങ്കില്‍ തീര്‍ച്ചയായും അശ്വിനായിരിക്കും ഷമിയേക്കാള്‍ മുന്‍തൂക്കം ലഭിക്കുക. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിലും ഭേദപ്പെട്ട സംഭാവകള്‍ നല്‍കാനുള്ള ശേഷി അശ്വിനുണ്ട്. പക്ഷെ ഷമിയില്‍ നിന്നും ബാറ്റിങില്‍ ഇന്ത്യ കാര്യമായ പ്രതീക്ഷ വച്ചു പുലര്‍ത്തേണ്ടതില്ല. ഇതിനാല്‍ തന്നെ അശ്വിനെ പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ തിരിച്ചുവിളിക്കാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ ഷമിക്കു തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും പുറത്തിരുന്ന് കളി കാണേണ്ടതായി വരും.