സാവോ പോളോ: നെയ്മറില്ലാതെയായിരുന്നു ബ്രസീല്‍ ജര്‍മനിക്കെതിരെ ബൂട്ടണിഞ്ഞത്. അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വി.
ഇനി ശേഷിക്കുന്നത് ലൂസേഴ്‌സ് ഫൈനലാണ്. ലോകകപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം. അതും കരുത്തരായ ഹോളണ്ടിനെതിരെ. എന്നാല്‍ പരിക്കിന്റെ ക്ഷീണം മാറ്റിവച്ച് നെയമര്‍ ഇത്തവണ ടീമിനൊപ്പം ഉണ്ടാകും.

ഞെട്ടണ്ട. കാലില്‍ ബൂട്ടണിഞ്ഞ്, മൈതാനത്തെ അടക്കി വാഴാനല്ല നെയ്മറെത്തുക. ആത്മവിശ്വാസം തകര്‍ന്നടിഞ്ഞ് പരാജയത്തിന്റെ പടുകുഴിയില്‍ വീണ തന്റെ ടീമിന് ആവേശം പകരാന്‍... സാന്നിധ്യം കൊണ്ട് ആരാധകരെ ആവേശഭരിതരാക്കാന്‍... കളിക്കളത്തിന് പുറത്ത് മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം നെയ്മറും ഉണ്ടാകും.
ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ഈ വാര്‍ത്ത അറിയിച്ചത്. ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീല്‍ ഹോളണ്ടിനെതിരെ കളിക്കുമ്പോള്‍ നെയ്മര്‍ ടീമിനൊപ്പം ഉണ്ടാകുമെന്ന് ഫെഡറേഷന്‍ വക്താവ് റോഡ്രിഗ അറിയിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള പോരാട്ടത്തിനിടെയായിരുന്നു നെയ്മര്‍ക്ക് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ നെയ്മര്‍ക്ക് ആഴ്ചകള്‍ നീളുന്ന വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത്.
നെയ്മര്‍ക്ക് പരിക്കേറ്റില്ലായിരുന്നെങ്കില്‍, ക്യാപ്റ്റന്‍ തിയാഗോ സില്‍വക്ക് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തിരിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ചരിത്രം മറ്റൊന്നായേനെ....