ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി മാനോളോ മാര്‍ക്കേസിനെ നിയമിച്ചിരിക്കുകയാണ്. ഐഎസ്എല്‍ ക്ലബ്ബ് എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മാനോളോയെ ഇന്ത്യ റാഞ്ചുകയായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് മാനോളോയെ പരിശീലകനായി തിരഞ്ഞെടുത്തത്. 2020 മുതല്‍ ഐഎസ്എല്ലില്‍ പരിശീലിപ്പിക്കുന്ന മാനോളോയ്ക്ക് ഇന്ത്യയിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം.
ഹൈദാരാബാദ് എഫ്‌സിയുടെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പാനിഷുകാരനായ 55കാരന്‍ ഇന്ത്യയുടെ മികച്ച പരിശീലകനായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അനുഭവസമ്പന്നനായ പരിശീലകനാണ് അദ്ദേഹം. പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചാണ് അദ്ദേഹം ഐഎസ്എല്ലിലേക്കെത്തിയത്. ലാസ് പല്‍മാസ്, ലാസ് പല്‍മാസ് ബി ടീം, എസ്പാന്യോള്‍ ബി, മൂന്നാം ഡിവിഷന്‍ ക്ലബ്ബായ യൂറോപ്പ തുടങ്ങിയവയിലെല്ലാം അദ്ദേഹം പരിശീലകനായിരുന്നിട്ടുണ്ട്.
2021-22 സീസണില്‍ ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാനോളോ മാര്‍ക്കേസ്. പിന്നീട് ഗോവയിലേക്കെത്തിയ അദ്ദേഹം തോല്‍വി അറിയാതെ 12 ജയങ്ങള്‍ ഗോവക്ക് നേടിക്കൊടുത്തു. ഇപ്പോള്‍ ഗോവയുടെ സമ്മത പ്രകാരമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കുമെത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. സ്പാനിഷ് കളി ശൈലിയോടെയെത്തുന്ന മാനോളോക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ ഉന്നതയിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
സുനില്‍ ഛേത്രി പടിയിറങ്ങിയതോടെ ഇന്ത്യന്‍ ടീമിന് ഉടച്ചുവാര്‍ക്കല്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. പുതിയ യുവതാരങ്ങളെ കണ്ടുപിടിച്ച് വളര്‍ത്തി ടീമിനെ ശക്തമാക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് മാനോളോക്ക് മുന്നിലുള്ളത്. സ്പാനിഷ് ശൈലിയിലേക്ക് ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ പല പ്രതിസന്ധികളും നേരിടുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പുതിയ തലത്തിലേക്ക് വളര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇഗോര്‍ സ്റ്റിമാച്ചിന്റെ പകരക്കാരനായി എത്തുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ് മാനോളോക്ക് മുന്നിലുള്ളത്. നിലവില്‍ മികച്ച യുവ പ്രതിഭകള്‍ സ്പാനിഷ് ടീമിലുണ്ട്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന വ്യക്തമായ ധാരണയോടൊപ്പം വലിയ മത്സരങ്ങളില്‍ ജയിപ്പിക്കാന്‍ കെല്‍പ്പുള്ള പരിശീലകനാണ് അദ്ദേഹം. ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രതിഭ ഐഎസ്എല്ലിലൂടെ അടുത്തറിഞ്ഞിട്ടുള്ള മാനോളോക്ക് ടീമിനെ വലിയ വിജയങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ കരുതാം.
നിലവില്‍ അദ്ദേഹത്തിന്റെ കരാര്‍ കാലാവധി തീരുമാനിച്ചിട്ടില്ല. എഐഎഫ്എഫ് പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ടീമിനുള്ളില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ നടത്താന്‍ മാനോളോക്ക് സാധിക്കുമെന്ന് തന്നെ കരുതാം.