ലോക ഫുട്‌ബോളില്‍ നിലവിലെ രാജാക്കന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി കാല്‍പന്തുകളിയിലെ എതിരില്ലാത്ത അദ്ഭുതങ്ങളായി വിലസുകയാണ് ഇരുവരും. ഇപ്പോള്‍ കരിയറിന്റെ അസ്തമയത്തോടു അടുക്കുകയാണെങ്കിലും ആരാധക പിന്തുണയിലും കളി മിടുക്കിലും മെസ്സിയെയും റൊണാള്‍ഡോയെയും പിന്തള്ളാന്‍ ആരും തന്നെയില്ലെന്നു ഉറപ്പിച്ചു പറയാന്‍ സാധിക്കും.
കളിക്കളത്തില്‍ വ്യത്യസ്ത ചേരികളിലാണെങ്കിലും പരസ്പരം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഇരുവരും. മെസ്സിയുടെ ഒരു കഴിവ് തന്നിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ അതു എന്തായിരിക്കുമെന്നു റൊണാള്‍ഡോ ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഇതു എന്താണെന്നു നമുക്കു നോക്കാം.

മെസ്സിയുടെ ആ കഴിവ് വേണം
ലയണല്‍ മെസ്സിയുടെ ഒരു കഴിവ് തനിക്കു കിട്ടിയിരുന്നങ്കിലെന്നു തോന്നിയിട്ടുണ്ടെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തിയത്. സ്‌പോര്‍ട്ട്‌ബൈബിളിനു (Sportbible) നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. ലയണല്‍ മെസ്സിയുടെ ഇടതു കാല്‍ വളരെ മികച്ചതാണ്. എന്നേക്കാള്‍ നല്ലത് കൂടിയാണ്. അദ്ദേഹത്തിന്റെ ഇടംകാല്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു റൊണാള്‍ഡോ തുറന്നു പറഞ്ഞത്.
2015ലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനായി മെസ്സിക്കൊപ്പം റോണോയും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. അന്നു അഞ്ചാം തവണയും മെസ്സി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. ഈ ചടങ്ങില്‍ വച്ചായിരുന്നു മെസ്സിയെ പുകഴ്ത്തിയ റൊണാള്‍ഡോ അദ്ദേഹത്തിന്റെ ഒരു കഴിവ് കിട്ടിയാല്‍ എന്തായിരിക്കും സ്വീകരിക്കുകയെന്നും വെളിപ്പെടുത്തിയത്.

അതേസമയം, പ്രായം 40കളാടു അടുക്കുകയാണെങ്കിലും മെസ്സിയുടെയും റോണോയുടെയും പ്രതിഭയ്ക്കു ഇപ്പോഴും മങ്ങലൊന്നും ഏറ്റിട്ടില്ല. 39 കാരനായ പോര്‍ച്ചുഗീസ് ഇതിഹാസം സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 37കാരനായ മെസ്സിയാവട്ടെ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമി ടീമിന്റെ ഭാഗവുമാണ്.
അല്‍ നസറിനായി ഈ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 23 മല്‍സരങ്ങളില്‍ നിന്നും 20 ഗോളുകള്‍ റൊണാള്‍ഡോ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ മൂന്നു അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. മെസ്സിയാവട്ടെ ഇന്റര്‍ മയാമിക്കൊപ്പം ഒരു സീസണ്‍ കൂടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഇടയ്ക്കു ചില പരിക്കുകള്‍ വേട്ടയാടിയെങ്കിലും എംഎല്‍എസില്‍ കഴിഞ്ഞ തവണത്തെ ഏറ്റവും മൂല്യമേറിയ താരമായി അദ്ദേഹം മാറിയിരുന്നു. 25 മല്‍സരങ്ങളിലാണ് പല ചാംപ്യന്‍ഷിപ്പുകളിലുമായി മെസ്സി കളിച്ചത്. 23 ഗോളുകള്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം 13 അസിസ്റ്റുകള്‍ നല്‍കിയും കൈയടി നേടി.