ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണ, യുവന്റസ്, ചെല്‍സി ടീമുകള്‍ക്ക് ജയം, പിഎസ്ജിക്ക് തോല്‍വി
ബാഴ്‌സലോണ/ടുറിന്‍/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ ടീമുകളെല്ലാം ജയിച്ച് കയറിയപ്പോള്‍ പിഎസ്ജിക്ക് അപ്രതീക്ഷിത തോല്‍വി. ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ഫെറിന്‍കാറോസിനെ 4-1നാണ് തോല്‍പ്പിച്ചത്. ഏഴാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റ യുവന്റസിന്റെ അക്കൗണ്ട് തുറന്നു. 60ാം മിനുട്ടിലും മൊറാറ്റ ലക്ഷ്യം കണ്ടപ്പോള്‍ 73ാം മിനുട്ടില്‍ പൗലോ ഡിബാല മൂന്നാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

81ാം മിനുട്ടില്‍ ലാഷ ഡാലിയുടെ സെല്‍ഫ് ഗോളിലാണ് യുവന്റസ് നാലാം ഗോള്‍ നേടിയത്. 90ാം മിനുട്ടില്‍ ഫ്രാങ്ക് ബോലിയാണ് ഫെറിന്‍കാറോസിന്റെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പ് ജിയില്‍ 6 പോയിന്റുള്ള യുവന്റസ് രണ്ടാം സ്ഥാനത്താണ്. ബാഴ്‌സലോണയോട് തോറ്റതാണ് യുവന്റസിന് തിരിച്ചടിയായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചെങ്കിലും യുവന്റസിനുവേണ്ടി വലകുലുക്കാനായില്ല.

ഗ്രൂപ്പ് ജിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുക്രെയ്ന്‍ ക്ലബ്ബായ ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. 2-1നാണ് ബാഴ്‌സലോണയുടെ ജയം. അഞ്ചാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി മെസ്സി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. 65ാം മിനുട്ടില്‍ ജെറാഡ് പിക്വെയാണ് ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 75ാം മിനുട്ടില്‍ വിക്ടറാണ് കീവിന്റെ ആശ്വാസ ഗോള്‍ നേടിയത്. കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച ബാഴ്‌സയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. സീസണില്‍ മൂന്ന് ഗോള്‍ മെസ്സി ഇതിനോടകം നേടിക്കഴിഞ്ഞു.

ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ റെന്നീസിനെ ചെല്‍സി 3-0ന് പരാജയപ്പെടുത്തി. ആക്രമണ ശൈലിയില്‍ ഇരു ടീമും പോരാടിച്ച മത്സരത്തിന്റെ 10ാം മിനുട്ടില്‍ ചെല്‍സി ലീഡെടുത്തു. പെനാല്‍റ്റി തിമോ വെര്‍ണര്‍ വലയിലെത്തിക്കുകയായിരുന്നു. 40ാം മിനുട്ടില്‍ റെന്നിസിന്റെ ഹെന്റിക്ക് ഡാല്‍ബെര്‍ട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഇതിന് ലഭിച്ച പെനാല്‍റ്റിയും വെര്‍ണര്‍ വലയിലാക്കി. 50ാം മിനുട്ടില്‍ ടാമി എബ്രഹാമാണ് ചെല്‍സിക്കായി മൂന്നാം ഗോള്‍ നേടിയത്. 7 പോയിന്റുള്ള ചെല്‍സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.

അതേ സമയം ഗ്രൂപ്പ് എച്ചില്‍ പിഎസ്ജി അപ്രതീക്ഷിത തോല്‍വി നേരിട്ടു. ആര്‍ബി ലെയ്പ്‌സിഗാണ് പിഎസ്ജിയെ തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. നെയ്മറും എംബാപ്പെയുമില്ലാതെ ഇറങ്ങിയ പിഎസ്ജിയെ ലെയ്പ്‌സിഗ് പൂട്ടുകയായിരുന്നു. ആറാം മിനുട്ടില്‍ ഡി മരിയയുടെ ഗോളില്‍ പിഎസ്ജി ലീഡെടുത്തു. എന്നാല്‍ 16ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി അവസരം ഡി മരിയ പാഴാക്കി. 42ാം മിനുട്ടില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിന്റെ ഗോളില്‍ ലെയ്പ്‌സിഗ് സമനില പിടിച്ചപ്പോള്‍ പെനാല്‍റ്റി വലയിലാക്കി ഇമില്‍ ഫോഴ്‌സ്ബര്‍ഗ് ലെയ്പ്‌സിഗിന് ജയം സമ്മാനിച്ചു. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ പിഎസ്ജി മൂന്ന് പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ്. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ റണ്ണറപ്പുകളാണ് പിഎസ്ജി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications