തിരുവനന്തപുരം: കൊളംബിയക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ബ്രസീലിയന്‍ താരം നെയ്മറിന്റെ ചികിത്സയുടെ കാര്യത്തില്‍ കേരളം ഒരു തീരുമാനത്തിലെത്തി. 10 ദിവസം ബ്രസീലിലും 30 ദിവസം കേരളത്തിലും ചികിത്സ നടത്തിയാല്‍ മാറാവുന്നതേയുള്ളു നെയ്മറിന്റെ പരിക്ക്!!!
തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആണ് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിത്. വിശദമായ റിപ്പോര്‍ട്ട് നമ്മുടെ മുഖ്യമന്ത്രിക്ക് കോളേജ് അധികൃതര്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇനി ഉമ്മന്‍ ചാണ്ടി ഒരു തീരുമാനമെടുത്താല്‍ മാത്രം മതി!!!

നെയ്മറിന് കേരളത്തില്‍ ചികിത്സയെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമാണെന്ന് ഇത്തിരി വൈകിയെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞതാണ്. പക്ഷേ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ആയുര്‍വേദ കോളേജുകാര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ. പരിക്കിന്റെ വിശദാംശങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ് ഒരുഗ്രന്‍ റിപ്പോര്‍ട്ട് തന്നെ അവര്‍ തയ്യാറാക്കി.
നെയമറിന്റെ ചികിത്സയുടെ കാര്യം തീരുമാനിക്കേണ്ടത് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണോ അതോ അദ്ദേഹം കളിക്കുന്ന ബാര്‍സലോണ ടീം അധികൃതരാണോ എന്ന് പോലും സംശയമാണിപ്പോള്‍. അതിനിടയിലാണ് ഇവിടെ ഇത്തിരിയില്ലാത്ത കേരളത്തിലെ ആയുര്‍വേദ ചികിത്സ. എന്തായാലും മാധ്യമങ്ങള്‍ക്ക് രണ്ട് ദിവസം ആഘോഷിക്കാനുള്ള വക നെയ്മര്‍ നല്‍കി. അതിനിടക്ക് മുഖ്യമന്ത്രിയും അടിച്ചു ഒരു ഗോള്‍.