
വെയ്ന്‍ റൂണി(ഇംഗ്ലണ്ട്)
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഈ 'കാളക്കൂറ്റനെ' ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്ലതുപോലെ അറിയാം. ഏത് പ്രതിരോധത്തിലും വിള്ളലുണ്ടാക്കാനുള്ള കഴിവാണ് റൂണിയെ അതുല്യനാക്കുന്നത്. യോഗ്യതാ റൗണ്ടില്‍ റൂണിയുടെ മിടുക്കാണ് ഇംഗ്ലണ്ടിന് തുണയായത്.

റോബിന്‍ വാന്‍പേഴ്‌സി(നെതര്‍ലാന്‍ഡ്)
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ടീമാണ് നെതര്‍ലാന്‍ഡ് എന്ന ഹോളണ്ട്. ഓറഞ്ചുപടയുടെ വജ്രായുധം തന്നെയാണ് റോബിന്‍ വാന്‍ പേഴ്‌സി. കാര്യങ്ങളെല്ലാം ഒത്തു വരികയാണെങ്കില്‍ വാന്‍പേഴ്‌സിയ്ക്ക് ടീമിനെ കിരീടം വരെ എത്തിക്കാന്‍ കഴിയും. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുവേണ്ടിയാണ് കളിയ്ക്കുന്നത്.

നെയ്മര്‍(ബ്രസില്‍)
ആറാം കിരീടം ലക്ഷ്യമാക്കിയിറങ്ങുന്ന ആതിഥേയരുടെ സൂപ്പര്‍താരമാരെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ. അത് നെയ്മറാണ്. സന്നാഹ മത്സരത്തില്‍ പനാമയ്‌ക്കെതിരേയുള്ള മത്സരത്തില്‍ അത് ഊട്ടിയുറപ്പിയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു.

ലയണല്‍ മെസ്സി(അര്‍ജന്റീന)
വിശദീകരണം ആവശ്യമില്ലാത്ത താരം. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്ക്കുവേണ്ടി പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുന്ന ഗോളടിയന്ത്രം എന്നു വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ബാഴ്‌സലോണയ്ക്കുവേണ്ടി 243 ഗോളുകളാണ് ഈ താരം അടിച്ചുകൂട്ടിയത്. ഈ 26കാരന്‍ തിളങ്ങിയാല്‍ ചിര വൈരികളായ ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീനയ്ക്ക് കിരീടം നേടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

മാര്‍കോ റ്യൂസ്(ജര്‍മനി)
ഡോര്‍ട്ട്മുണ്ട് ക്ലബ്ബിന്റെ താരം. പെനല്‍റ്റി ബോക്‌സിനുള്ളില്‍ മാര്‍കോയുണ്ടെങ്കില്‍ അവിടെ ബോളെത്തിയാല്‍ ഗോളാണ്. എന്നാണ് ജര്‍മന്‍ ആരാധകര്‍ മാര്‍കോയെ വിശേഷിപ്പിക്കുന്നത്.

ലൂയിസ് സോറസ്( ഉറുഗ്വേ)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സുവര്‍ണ പാദുകത്തിനുടമ. പോയിന്റ് നിലയില്‍ ലിവര്‍പൂളിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍.

ഫ്രാങ്ക് റിബെറി(ഫ്രാന്‍സ്)
പ്ലേമേക്കര്‍മാര്‍ എന്നും ഫ്രാന്‍സിന്റെ കരുത്തായിരുന്നു. റിബെറിയുടെ മികച്ച പ്രകടനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മുന്‍ ചാംപ്യന്മാര്‍ ഫൈനല്‍ റൗണ്ടില്‍ എത്തില്ലായിരുന്നു. ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടിയാണ് റിബറി കളിയ്ക്കുന്നത്.

എദന്‍ ഹസാര്‍ഡ്(ബെല്‍ജിയം)
2014ലോകകപ്പിലെ കറുത്തകുതിരകളായാണ് എല്ലാവരും ബെല്‍ജിയത്തെ കാണുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച എദന്‍ ഹസാര്‍ഡ് തന്നെയായിരിക്കും ഇവരുടെ തുരുപ്പ് ശീട്ട്. ഗോളടിയ്ക്കുന്നതിനേക്കാള്‍ പ്ലേ മേക്കര്‍ എന്ന നിലയിലാണ് ഈ താരത്തിന്റെ മിടുക്ക്.

ഡീഗോ കോസ്റ്റ (സ്‌പെയിന്‍)
ബ്രസീലിയന്‍ വംശജനാണ്. ഈ സീസണില്‍ അത്‌ലറ്റികോ മാഡ്രിഡിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു രാജ്യത്തിനുവേണ്ടി കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബ്രസീല്‍ ദേശീയ ടീമിനുവേണ്ടി രണ്ടു മത്സരത്തില്‍ ഡീഗോ കളിച്ചിട്ടുണ്ട്.. ലോകകപ്പിനു മുമ്പ് തന്നെ ചെല്‍സിയിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ് ഡീഗോ.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍)
ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ താരങ്ങളിലൊരാള്‍. റയല്‍ മാഡ്രിഡ് ടീമിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍. തീര്‍ച്ചയായും എതിരാളുകളുടെ ഉറക്കം കെടുത്താന്‍ കെല്‍പ്പുള്ള താരം.


Click it and Unblock the Notifications


