എതിരാളികളുടെ 'ബോള്‍ട്ടി'ളകി... ഫുട്‌ബോളിലും ബോള്‍ട്ട് തരംഗം!! ഇരട്ടഗോളുമായി ഇതിഹാസം, വീഡിയോ
സിഡ്‌നി: ട്രാക്കിലെ മിന്നല്‍പ്പിണരെന്നു വിശേഷിപ്പിക്കപ്പെടുന്ന ജമൈക്കയുടെ സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലും തരംഗമാവുന്നു. അത്‌ലറ്റിക്‌സില്‍ ഒരു താരത്തിന് നേടാവുന്നതെല്ലാം സ്വന്തം പേരിലാക്കിയ ശേഷം പടിയിറങ്ങിയ ബോള്‍ട്ട് ഇപ്പോള്‍ തന്റെ പുതിയ തട്ടകമായ ഫുട്‌ബോളിലും കസറുകയാണ്.
ലോക, ഒളിംപിക് മെഡലുകള്‍ ഒന്നിലേറെ തവണ സ്വന്തമാക്കിയിട്ടുള്ള ബോള്‍ട്ട് നിരവധി ലോക റെക്കോര്‍ഡുകളും കുറിച്ച ശേഷമാണ് തന്റെ മറ്റൊരു പാഷനായ ഫുട്‌ബോളിലേക്കു ചേക്കേറിയത്. ട്രാക്കില്‍ മാത്രമല്ല ഗ്രൗണ്ടിലും താന്‍ പുലിയാണെന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ ജമൈക്കന്‍ രാജാവിന്റെ പ്രകടനം.

ഓസ്‌ട്രേലിയന്‍ ക്ലബ്ബിനു വേണ്ടി
ഓസ്‌ട്രേലിയ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിനു വേണ്ടിയാണ് ബോള്‍ട്ട് ഫുട്‌ബോള്‍ കരിയറില്‍ ആദ്യമായി ഗോള്‍ നേടിയത്. സൗഹൃദ മല്‍സരത്തില്‍ മറീനേഴ്‌സ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു മക്കാര്‍തര്‍ സൗത്ത് വെസ്റ്റ് യുനൈറ്റഡിനെ തകര്‍ത്തുവിട്ടപ്പോള്‍ ടീമിന്റെ രണ്ടു ഗോളും ബോള്‍ട്ടിന്റെ വകയായിരുന്നു. മൂന്നും നാലും ഗോളുകളാണ് സ്പ്രിന്റ് ഇതിഹാസം നേടിയത്. ടീമിനായി ബോള്‍ട്ടിന്റെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്.
ഒന്നാപകുതിയില്‍ ഗോള്‍ നേടാനുള്ള ചില അവസരങ്ങള്‍ പാഴാക്കിയെങ്കിലും ഇരട്ടഗോളോടെ ബോള്‍ട്ട് ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

മഹത്തായ അനുഭവം
ഇരട്ട ഗോളുകള്‍ നേടാന്‍ സാധിച്ചത് മഹത്തായ അനുഭവമാണെന്നാണ് മല്‍സരശേഷം ബോള്‍ട്ട് പ്രതികരിച്ചത്. തുടര്‍ന്നും മറീനേഴ്‌സ് ക്ലബ്ബിനായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഏറ്റവും മികച്ച പ്രകടനം ടീമിനു നല്‍കാന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.
ബോള്‍ട്ടിനെ മറീനേഴ്‌സ് ക്ലബ്ബും പ്രശംസ കൊണ്ടു മൂടി. എന്തൊരു മല്‍സരം, 4-0നു ജയിച്ച മല്‍സരത്തില്‍ ഫുട്‌ബോളറായി മാറിയ ഉസൈന്‍ ബോള്‍ട്ട് രണ്ടു ഗോളുകള്‍ നേടിയെന്ന് ക്ലബ്ബ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഓസ്‌ട്രേലിയയിലെ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബാണ് മറീനേഴ്‌സ്.

സ്ഥിരം ശൈലിയില്‍ ആഘോഷം
പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ തന്റെ ട്രേഡ് മാര്‍ക്കായ ആഹ്ലാദപ്രകടനത്തോടെയാണ് ബോള്‍ട്ട് ആഘോഷിച്ചത്. ഇത് മല്‍സരം കാണാനെത്തിയവരെ ഹരം കൊള്ളിക്കുകയും ചെയ്തു.
ആദ്യത്തെ ഗോളെന്നത് മറക്കാനാവാത്ത നിമിഷമാണ്. ഏറെ സന്തോഷവും അഭിമാനവും തോന്നി. ഗോള്‍ വലിയ ആത്മവിശ്വാസം തന്നെയാണ് നല്‍കിയത്. സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ആദ്യ ഗോള്‍ തന്നെ സഹായിച്ചുവെന്നും 32 കാരന്‍ മല്‍സരശേഷം വിശദമാക്കി.
ബോള്‍ട്ടിന്റെ ഗോള്‍
സൗഹൃദ മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ട് ടീമിനായി ഗോള്‍ നേടുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications