
റോണോ ഗോളില്‍ സ്‌പെയിന്‍ ഞെട്ടി
ഫൈനലിനു തുല്യമായ സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടം കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഇരുടീമും തുടക്കം മുതല്‍ ആക്രമണാത്മക ശൈലിയാണ് സ്വീകരിച്ചത്. നാലാം മിനിറ്റില്‍ തന്നെ സ്‌പെയിനിനെ സ്തബ്ധരാക്കി റൊണാള്‍ഡോ പറങ്കിപ്പടയെ മുന്നിലെത്തിച്ചു. ഇടതുവിങിലൂടെ ഡ്രിബിള്‍ ചെയ്തു ബോക്‌സിനുള്ളിലേക്കു കയറിയ സൂപ്പര്‍ താരത്തെ സ്പാനിഷ് ഡിഫന്‍ഡര്‍ നാച്ചോ ഇടംകാല്‍ വച്ച് ഫൗള്‍ ചെയ്തിട്ടതാണ് പെനല്‍റ്റിക്കു വഴിവച്ചത്.
സൂപ്പര്‍ ഗോളി ഡേവിഡ് ഡെഹെയക്ക് ഒരു പഴുതും നല്‍കാതെ റൊണാള്‍ഡോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
1966നു ശേഷം ലോകകപ്പില്‍ പോര്‍ച്ചുലിന്റെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയാണിത്.

സ്പാനിഷ് ആധിപത്യം
തുടക്കത്തില്‍ തന്നെ വഴങ്ങിയ ഗോളില്‍ അല്‍പ്പമൊന്നു പതറിയെങ്കിലും പിന്നീട് തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. പാസിങ് ഗെയിമിലൂടെ പറങ്കികളെ മുള്‍മുനയില്‍ നിര്‍ത്താന്‍ സ്‌പെയിനിനു സാധിച്ചു.
ഇരുവിങുകളിലൂടെയും എണ്ണയിട്ട യന്ത്രം കണക്കെ സ്‌പെയിന്‍ പോര്‍ച്ചുഗീസ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി സ്‌പെയിനിനെ വീഴ്ത്തുകയെന്ന തന്ത്രമാണ് പോര്‍ച്ചുഗല്‍ പരീക്ഷിച്ചത്.

കോസ്റ്റയിലൂടെ സമനില
24ാം മിനിറ്റില്‍ സ്‌പെയിന്‍ അര്‍ഹിച്ച സമനില ഗോള്‍ പിടിച്ചുവാങ്ങി. കോസ്റ്റയുടെ മെയ്ക്കരുത്തിന്റെയും ഫിനിഷിങിന്റെയും സാക്ഷ്യപത്രം കൂടിയായിരുന്നു ഈ ഗോള്‍. ഹൈ ബോള്‍ തടുത്തിട്ട ശേഷം ബോക്‌സിലേക്കു കയറിയ കോസ്റ്റ രണ്ടു സ്പാനിഷ് ഡിഫന്‍ഡര്‍മാരെയും വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് പോര്‍ച്ചുഗീസ് ഗോളി പാട്രീഷിയോയെയും നിസ്സഹായനാക്കി വലയുടെ ഇടതുമൂലയില്‍ വിശ്രമിച്ചു.

ഗോള്‍ലൈന്‍ സാങ്കേതിക വിദ്യ
ഈ ലോകകപ്പില്‍ ആദ്യമായി ഗോള്‍ലൈന്‍ സാങ്കേതിക വിദ്യ പരീക്ഷിച്ച മല്‍സരം കൂടിയായിരുന്നു ഇത്. 26ാം മിനിറ്റിലായിരുന്നു മല്‍സരത്തിലെ ഏറ്റവും ആവേശകരമായ ഈ മുഹൂര്‍ത്തം. ബോക്‌സിനു തൊട്ടരികില്‍ നിന്നും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഇസ്‌കോ തൊടുത്ത വെടിച്ചില്ല് കണക്കെയുള്ള വോളി ക്രോസ് ബാറില്‍ തട്ടിയ ശേഷം ഗോള്‍ലൈനില്‍ വീണു പുറത്തേക്ക് തെറിച്ചു.
എന്നാല്‍ പന്ത് ഗോള്‍ലൈന്‍ കടന്നിട്ടില്ലെന്ന് റഫറിയുടെ കൈയിലെ ഡിജിറ്റല്‍ വാച്ചില്‍ നിന്നും വ്യക്തമായതോടെ സ്‌പെയിന്‍ നിരാശരാവുകയായിരുന്നു.

ഡെഹെയക്കു പിഴച്ചു
കളിയിലുടനീളം ആധിപത്യമുണ്ടായിരുന്ന സ്‌പെയിന്‍ നിരവധി തവണ ലീഡ് നേടുന്നതിന് തൊട്ടരികിലെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതിനിടെയാണ് കളിയുടെ ഗതിക്കു വിപരീതമായി പോര്‍ച്ചുഗല്‍ മുന്നിലെത്തുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവു ം മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡെഹെയക്ക് പറ്റിയ വലിയൊരു പിഴവാണ് സ്‌പെയിനിനു വിനയായത്.
കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിനു തൊട്ടരികില്‍ നിന്നും റൊണാള്‍ഡോ പാടയിച്ച അത്ര കരുത്തില്ലാത്ത, അനായാസം പപിടിയിലൊതുക്കാമായിരുന്ന താഴ്ന്ന ഷോട്ട് ഡെഹെയയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു.

കോസ്റ്റയിലൂടെ വീണ്ടും ഒപ്പം
55ാം മിനിറ്റില്‍ കോസ്റ്റ ഒരിക്കല്‍ക്കൂടി മല്‍സരത്തില്‍ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. ഡേവിഡ് സില്‍വയുടെ ഫ്രീകിക്ക് വലതുമൂലയില്‍ നിന്നും ബുസ്‌ക്വെറ്റ്‌സ് ബോക്‌സിനുള്ളിലേക്ക് ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയപ്പോള്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ കോസ്റ്റ പന്ത് വലയിലേക്ക് അടിച്ചുകയറ്റി.
പിന്നീടും സ്‌പെയിനിന്റെ ആധിപത്യം തന്നെയാണ് കണ്ടത്. പാസിങ് ഗെയിമിലൂടെ പറങ്കികളെ സ്‌പെയിന്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. പലപ്പോഴും പന്ത് തൊടാന്‍ പോലുമാവാതെ പോര്‍ച്ചുഗീസ് താരങ്ങള്‍ തലങ്ങും വിലങ്ങും ഓടിനടന്നു.

നാച്ചോയുടെ വെടിയുണ്ട
58ാം മിനിറ്റില്‍ മല്‍സരത്തില്‍ ആദ്യമായി സ്‌പെയിന്‍ ലീഡ് കരസ്ഥമാക്കി. ഇടതുവിങിലൂടെ പോര്‍ച്ചുഗീസ് ഗോള്‍മുഖത്ത് ഇരമ്പിയെത്തിയ ആക്രമണമാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനു പുറന്നും ലഭിച്ച പന്ത് ഡിഫന്‍ഡര്‍ കൂടിയായ നാച്ചോ ഇടംകാല്‍ വോളിയിലൂടെ വലയിലേക്ക് തൊടുക്കുകയായിരുന്നു. ഗോളിയൂടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഈ ഷോട്ട് ഇടതുപോസ്റ്റില്‍ തട്ടി വലയ്ക്കുള്ളിലേക്ക് കയറിയപ്പോള്‍ സ്‌പെയിന്‍ ആഹ്ലാദനൃത്തം ചവിട്ടി.

റോണോ മാജിക്ക്
നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും കേമനെന്ന് തന്നെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു പോര്‍ച്ചുഗലിനെ രക്ഷിച്ച റൊണാള്‍ഡോയുടെ വണ്ടര്‍ഗോള്‍. പോര്‍ച്ചുഗലിന് അനുകൂലമായ ലഭിച്ച ഫ്രീകിക്ക് എടുത്തത് റൊണാള്‍ഡോയായിരുന്നു. ബോക്‌സിന് തൊട്ടരികില്‍ നിന്നും റൊണാള്‍ഡോ തൊടുത്ത മഴവില്‍ കണക്കെയുള്ള ഫ്രീകിക്ക് ഉയര്‍ന്നു ചാടിയ സ്പാനിഷ് താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ വലയ്ക്കുള്ളില്‍ താഴ്ന്നിറങ്ങിയപ്പോള്‍ ഡെഹെയക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.


Click it and Unblock the Notifications


