ആംസ്റര്‍ഡാം: യൂറോ 2000 ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക്. പ്രാഥമിക ഘട്ടത്തിലെ ആവേശമിരമ്പിയ 24 മത്സരങ്ങള്‍ കഴിഞ്ഞ് ശേഷിക്കുന്നത് എട്ടു ടീമുകള്‍ - പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയിന്‍, നെതര്‍ലന്റ്സ്, റൊമാനിയ, തുര്‍ക്കി, യൂഗോസ്ലാവിയ, ഫ്രാന്‍സ്.
ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ വമ്പന്മാരുടെ വീഴ്ചകള്‍ക്കും പോര്‍ച്ചുഗല്‍, തുര്‍ക്കി തുടങ്ങിയ ടീമുകളുടെ അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്കും ശേഷം ജൂണ്‍ 24ന് ശനിയാഴ്ച യൂറോ 2000-ല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു.
കറുത്ത കുതിരകളായ പോര്‍ച്ചുഗലും തുര്‍ക്കിയും തമ്മിലാണ് ആദ്യക്വാര്‍ട്ടര്‍. ആംസ്റര്‍ഡാമില്‍ വെച്ച് ഇന്ത്യന്‍ സമയം രാത്രി 9.30-ന്. ബി ഗ്രൂപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഒമ്പത് പോയിന്റുമായെത്തിയ ഇറ്റലിയെ വിറപ്പിക്കാന്‍ റൊമാനിയ കച്ചകെട്ടി നില്‍ക്കുകയാണ്. രണ്ടാം ക്വാര്‍ട്ടര്‍ നടക്കുന്ന ബ്രസ്സല്‍സ് ആണ് വേദി.
മറ്റു രണ്ടു ക്വാര്‍ട്ടറുകള്‍ ജൂണ്‍ 25 ഞായറാഴ്ചയാണ്. ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഡി ഗ്രൂപ്പ് ജേതാക്കളായെത്തിയ നെതര്‍ലന്റ്സിനെ മൂന്നാം ക്വാര്‍ട്ടറില്‍ നേരിടാന്‍ കാത്തു നില്‍ക്കുന്നത് യൂഗോസ്ലാവിയയാണ്. റോട്ടര്‍ഡാമില്‍ വെച്ചാണ് ഈ മത്സരം.
ഒരു പക്ഷേ യൂറോ 2000 കണ്ടതില്‍ വെച്ച് ഏറ്റവും തീ പാറുന്ന പോരാട്ടം നാലാം ക്വാര്‍ട്ടറിലായിരിക്കും നടക്കുക. ബ്രഗ്സില്‍ നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടുന്നത് അവസാന ലീഗ് മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയവുമായെത്തിയ സ്പെയിനാണ്.
ഒരു മത്സരത്തില്‍ ശരാശരി 2.7 എന്ന കണക്കില്‍ പ്രാഥമിക ലീഗില്‍ ഗോളുകള്‍ പിറന്നപ്പോള്‍ 24 മത്സരങ്ങളില്‍ നിന്നായി കാണികള്‍ക്ക് വിരുന്നെത്തിയത് 65 ഗോളുകളാണ്. ക്വാര്‍ട്ടറില്‍ ഗോളുകളുടെ ശരാശരി ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.
ആക്രമണമാണ് ഫലപ്രദമായ പ്രതിരോധം എന്ന തന്ത്രം മനസ്സിലാക്കിയതിന്റെ ഉണര്‍വ് പ്രാഥമിക ലീഗില്‍ തന്നെ ദൃശ്യമായിരുന്നു. കളിയോട് നെഗറ്റീവ് സമീപനം കാണിച്ച ഇംഗ്ലണ്ടും നോര്‍വെയും സ്ലോവേനിയയും പുറത്തായി. അതേസമയം അവസാന നിമിഷം വരെ ഗോളിനുവേണ്ടി എതിരാളിയുടെ തട്ടകത്തില്‍ ആക്രമണം നടത്താന്‍ തയ്യാറായ സ്പെയിനും റൊമാനിയയും തുര്‍ക്കിയും പോര്‍ച്ചുഗലും അവിസ്മരണീയ വിജയങ്ങളിലൂടെ ക്വാര്‍ട്ടറില്‍ കടന്നു.
അതെ ഇനിയുള്ള ദിനങ്ങള്‍ ഗോള്‍ വര്‍ഷങ്ങളുടേതാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികവു കാണിക്കുന്ന ചടുലതയാര്‍ന്ന ഫുട്ബോളിന്റേത്.