ചാര്‍ലരോ: യൂറോ 2000-ലെ ശിശുക്കളായ സ്ലോവേനിയ അരങ്ങേറ്റം ഗംഭീരമാക്കി. തങ്ങളുടെ മാതൃരാജ്യമായിരുന്ന യൂഗോസ്ലാവ്യയെ കളിയുടെ 73-ാം മിനിറ്റുവരെ വെള്ളം കുടിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചു. മൂന്നു ഗോളിന് പിന്നിട്ടുനിന്ന ശേഷം എട്ടുമിനിറ്റിനുള്ളില്‍ തിരിച്ചടിച്ച് 3-3-ന് സമനില കൈവരിക്കാന്‍ കഴിഞ്ഞ യൂഗോസ്ലാവ്യക്ക് തങ്ങളുടെ പ്രതാപത്തിനനുസരിച്ച കളി പുറത്തെടുക്കാന്‍ സാധിച്ചതുമില്ല.
ഈ വര്‍ഷത്തെ യൂറോയില്‍ ആദ്യമായി ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ തുടക്കം മുതലേ ആക്രമിച്ചു കളിച്ചത് സ്ലോവേനിയയാണ്. 23-ാം മിനിറ്റില്‍ അമീര്‍ കാരിക്ക് പെനാല്‍റ്റി ബോക്സിലേക്ക് തട്ടിയിട്ട പന്ത് ഇടതുവിംഗില്‍കൂടി ഓടിയെത്തിയ സ്ലക്കോട്ടോ സഹോവിക്ക് യൂഗോസ്ലാവ് വലയുടെ മൂലയിലേക്ക് തട്ടിയിട്ടു (1-0). ഗോള്‍ മടക്കാന്‍ നിരവധി മാറ്റങ്ങളുമായി യുഗോസ്ലാവ്യ ഇറങ്ങിയെങ്കിലും സാധിച്ചില്ല.
രണ്ടാം പകുതിയുടെ ആദ്യഘട്ടത്തിലും സ്ലോവേനിയയുടെ ആധിപത്യമായിരുന്നു. 52-ാം മിനിറ്റില്‍ സ്ലോവേനിയ രണ്ടാം ഗോള്‍ നേടി. ആദ്യഗോള്‍ നേടിയ സഹോവിക്ക് എടുത്ത ഫ്രീക്കിക്ക് മിറാന്‍ പവ്ലിന്‍ ഗോളാക്കി മാറ്റി (2-0). ചാഞ്ചാട്ടമനുഭവപ്പെട്ട യൂഗോസ്ലാവ്യന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് സഹോവിക്ക് 57-ാം മിനിറ്റില്‍ സ്ലോവേനിയയെ വീണ്ടും മുന്നിലെത്തിച്ചു (3-0).
അതിനുശേഷമാണ് യൂഗോസ്ലാവ്യയുടെ തിരിച്ചുവരവ്. സാവോ മിലോസെവിച്ചും വിരോസ്ലാവ് ജുക്കിച്ചും ജുബിന്‍കോ ഡ്രൂലോവിച്ചും ചേര്‍ന്ന കൂട്ടുകെട്ടാണ് യൂഗോസ്ലാവ്യയുടെ മുഖം രക്ഷിച്ചത്. 67-ാം മിനിറ്റില്‍ ജുക്കിച്ച് തൊടുത്ത ഒരു ഷോട്ട് പോസ്റിന് തട്ടിമടങ്ങിയപ്പോള്‍ പന്ത് നിയന്ത്രണത്തിലാക്കിയ മിലോസെവിച്ച് ആദ്യഗോള്‍ നേടി (3-1). മൂന്നു മിനിറ്റിനുശേഷം ഡ്രൂലോവിച്ചിന്റെ ഷോട്ട് സ്ലോവേനിയ ഗോളി തടുത്തിട്ടപ്പോള്‍ ഓടിയെത്തിയ ജുക്കിച്ച് മാര്‍ജിന്‍ 2-3 ആക്കി കുറച്ചു. രണ്ടു മിനിറ്റിനുശേഷം യൂഗോസ്ലാവ്യ സമനില നേടി. ഡ്രൂലോവിച്ച് നല്‍കിയ മനോഹരമായ പാസ് മിലോസെവിച്ച് യൂഗോസ്ലാവ്യന്‍ വലയിലാക്കുകയായിരുന്നു (3-3).