ലെയ്ഗ്: നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് യൂറോ 2000-ല്‍ സമനിലയോടെ തുടക്കം. ലെയ്ഗില്‍ തിങ്കളാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ റൊമാനിയ അവരെ 1-1 എന്ന സ്കോറില്‍ സമനിലയില്‍ തളച്ചു.
മത്സരം ആരംഭിച്ച അഞ്ചാം മിനിറ്റില്‍ത്തന്നെ റൊമാനിയ മുന്നിലെത്തി. ജര്‍മ്മന്‍ ഡിഫന്‍ഡര്‍ തോമസ് ലിങ്കിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ വീണത്. വഴുതിവീണതു കാരണം ലിങ്കിന് നിയന്ത്രണത്തിലാക്കാന്‍ കഴിയാതിരുന്ന പന്ത് റൊമാനിയയുടെ അഡ്രിയാന്‍ ഇലി പിടിച്ചെടുത്ത് വിയോറല്‍ മോള്‍ഡോവന് നല്‍കി. ആറു വാര അകലെ നിന്ന് മോള്‍ഡോവന്‍ തൊടുത്തുവിട്ട ഷോട്ട് വെടിയുണ്ട കണക്കെ ഗോള്‍വലയില്‍ പതിച്ചതോടെ ജര്‍മ്മനി ആകെയൊന്നുലഞ്ഞു (1-0).
പിന്നീട് ഗോള്‍ മടക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ജര്‍മ്മനി 28-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പന്തുമായി മുന്നേറിയ മെഹ്മത് ഷോള്‍ റൊമാനിയന്‍ ഗോള്‍പോസ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഗോളി ബോഗ്ദാന്‍ സ്റെലിയക്ക് നിസ്സഹായനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ (1-1).
ജൂണ്‍ 17-ന് ജര്‍മ്മനി ഇംഗ്ലണ്ടുമായും റൊമാനിയ പോര്‍ച്ചുഗലുമായും ഏറ്റുമുട്ടും.