Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാജിക്ക് ദുരന്തം... അസ്സൂറിപ്പടക്ക് വിജയം - ഇറ്റലി സെമിയില്‍

ബ്രസ്സല്‍സ്: യൂറോ 2000-ല്‍ അസ്സൂറിപ്പട ജൈത്രയാത്ര തുടരുന്നു. ശനിയാഴ്ച നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ റൊമാനിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇറ്റലി മൂന്നാമതു തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു.

ലോകം കണ്ട തന്ത്രശാലിയായ റൊമാനിയന്‍ ഫുട്ബോളര്‍ക്ക് കണ്ണീരേകിക്കൊണ്ടാണ് യൂറോ 2000-ല്‍ നിന്ന് റൊമാനിയ വിടവാങ്ങുന്നത്. തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം കളിച്ച റൊമാനിയന്‍ ക്യാപ്റ്റന്‍ ജോര്‍ജെ ഹാജി അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തുപോയപ്പോള്‍ റൊമാനിയക്കൊപ്പം ഫുട്ബോള്‍ ലോകവും തേങ്ങി. അടുത്ത രണ്ടു മത്സരങ്ങളില്‍ വിലക്ക് ലഭിക്കുന്ന ഹാജി അന്താരാഷ്ട്ര ഫുട്ബോള്‍ രംഗം വിടുന്ന കാര്യത്തില്‍ ഇതോടെ ഉറച്ചുനില്‍ക്കുമെന്നാണ് കരുതുന്നത്.

സ്റാര്‍ സ്ട്രൈക്കര്‍ അഡ്രിയാന്‍ ഇലിയെക്കൂടാതെ കളിക്കളത്തിലിറങ്ങിയ റൊമാനിയയെ കളിയുടെ എല്ലാ മേഖലയിലും ഇകഴ്ത്തിക്കൊണ്ടുള്ള പ്രകടനമായിരുന്നു ഇറ്റലിയുടേത്. ഡെമിത്രിയോ ആല്‍ബര്‍ട്ടിനിയും ഫ്രാന്‍സിസ്കോ ടോട്ടിയും സ്റെഫാനോ ഫിയോറും തമ്മിലുള്ള കൂട്ടുകെട്ട് തുടക്കം മുതല്‍ക്കേ ക്ലിക്ക് ചെയ്തു.

ഇവര്‍ക്കൊപ്പം ഫിലിപ്പോ ഇന്‍സാഗിയും ഫോമിലെത്തിയതോടെയാണ് ഇറ്റലിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൈവന്നത്. മൈതാനത്തിന്റെ ഇരുപാര്‍ശ്വങ്ങളിലൂടെയും റൊമാനിയന്‍ ഗോള്‍മുഖത്തേക്ക് പന്ത് കുതിച്ചപ്പോള്‍ 33-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണു. ഒരു കോര്‍ണര്‍കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഫിയോര്‍ ടോട്ടിക്ക് കൈമാറുകയായിരുന്നു. ഓഫ്സൈഡ് കെണിയില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറിയ ടോട്ടി റൊമാനിയന്‍ ഗോളിയെ കീഴ്പ്പെടുത്തി പന്ത് വലയിലാക്കി (1-0).

പത്ത് മിനിറ്റുകള്‍ക്ക് ശേഷം റൊമാനിയയുടെ മറ്റൊരു ഓഫ്സൈഡ് കെണിയും തകര്‍ന്നു. ആല്‍ബര്‍ട്ടിനിയില്‍ നിന്ന് ലഭിച്ച പാസുമായി മുന്നേറിയ ഇന്‍സാഗിയാണ് ഇത്തവണ ഗോള്‍ നേടിയത് (2-0).

രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന റൊമാനിയയെ കൂടുതല്‍ തകര്‍ക്കുന്ന സംഭവങ്ങളാണ് രണ്ടാം പകുതിയില്‍ അരങ്ങേറിയത്. 54-ാം മിനിറ്റില്‍ അന്‍റോണിയോ കോന്റിയെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ ഹാജിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചപ്പോള്‍ അതൊരു ദുരന്തത്തിന്റെ സൂചനയാണെന്ന് ആരും കരുതിയിരുന്നില്ല.

അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ഇറ്റലി ഗോള്‍മുഖത്തേക്ക് കുതിച്ചുപാഞ്ഞ തന്നെ പെനാല്‍റ്റി ബോക്സില്‍ വെച്ച് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ഗിയന്‍ലുക്ക സാംബ്രട്ടോ വീഴ്ത്തിയെന്ന് ഹാജി അവകാശപ്പെട്ടു. എന്നാല്‍ ഹാജി ബോക്സില്‍ വെച്ച് ഡൈവ് ചെയ്യുകയായിരുന്നുവെന്ന് വിധിച്ച റഫറി അദ്ദേഹത്തിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും നല്‍കി.
നെതര്‍ലന്റ്സും യൂഗോസ്ലാവിയയും തമ്മില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് ഇറ്റലി സെമിയില്‍ നേരിടുക.

Story first published: Monday, June 11, 2012, 15:08 [IST]
Other articles published on Jun 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+