ഷാര്‍ലറോ: വീറും വാശിയുമുണ്ടായിരുന്ന ആവേശകരമായ ഒരു മത്സരത്തില്‍ റുമാനിയ ഇംഗ്ലണ്ടിനെ 3-2 എന്ന് സ്കോറിന് തോല്‍പിച്ചു. 89 ാം മിനിട്ടില്‍ റുമാനിയയുടെ ഐയോണല്‍ ഗാനിയ പെനാല്‍ട്ടി കിക്കിലൂടെ നേടിയ ഗോള്‍ നിര്‍ണ്ണായകമായി. ക്വാര്‍ട്ടറിലെത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന ഇംഗ്ലണ്ടിന് ഇത് ഒരു കനത്ത പ്രഹരമായിരുന്നു.
ഇരു ടീമുകളും കളിയുടെ തുടക്കത്തില്‍ ക്ഷമയോടെ പാസുകള്‍ കൈമാറി സൂക്ഷമതയോടെയാണ് കളിച്ചത്. കളി പുരോഗമിച്ചതോടെ റുമാനിയ ആധിപത്യം പുലര്‍ത്താനും ഇംഗ്ലണ്ടിന്റെ സുരക്ഷാ വലയം പരീക്ഷിക്കാനും തുടങ്ങി.
22ാം മിനിട്ടില്‍ റുമാനിയ ആദ്യ ഗോള്‍ നേടി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ക്രിസ് ചിവുവിന് ലഭിച്ച പന്ത് കൃത്യമായി അദ്ദേഹം വലയിലാക്കി (1-0). അര മണിക്കൂറിന് ശേഷം പോപ്പിസ്കോവിന് പരിക്ക് പറ്റി പിന്മാറിയത് റുമാനിയയ്ക്ക് തിരിച്ചടിയായി.
41 മിനിട്ടിന് ശേഷം ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി. പെനാള്‍ട്ടി ലഭിച്ച ഇംഗ്ലണ്ട് അലന്‍ ഷേറരിലൂടെ അത് ഗോളാക്കി മാറ്റി (1-1). ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ മൈക്കല്‍ ഓവന്‍ പോള്‍ ഷോലസ് കൊടുത്ത പാസുമായി മുന്നേറി ഗോള്‍ നേടി (1-2).
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിട്ട് കഴിഞ്ഞപ്പോള്‍ റുമാനിയ ഗോള്‍ മടക്കി. മാര്‍ട്ടിന്റെ പാസ് സ്വീകരിച്ച മുന്‍ടിയാനോവിന്റെ ഒരു ഇടങ്കാലനടി കൃത്യമായി ലക്ഷ്യം കണ്ടു (2-2). രണ്ട് ടീമുകളും ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അത് ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു.
റുമാനിയയെ രക്ഷപ്പെടുത്തിയത് ഇംഗ്ലണ്ടിന്റെ നിവില്ലിക്ക് പറ്റിയ പിഴവാണ്. റുമാനിയയുടെ മുന്‍നിര കളിക്കാരനായ മോള്‍ഗോവനെ വീഴ്ത്തിയതിന് റഫറി പെനാള്‍ട്ടി വിധിച്ചു. റുമാനിയയുടെ ഐയോണല്‍ ഗാനിയയ്ക്ക് പിഴവ് പറ്റിയില്ല (3-2). ഈ വിജയത്തോടെ റുമാനിയ ഗ്രൂപ്പില്‍ രണ്ടാം സ്്ഥാനം കരസ്ഥമാക്കുകയും ക്വാര്‍ട്ടറില്‍ ഇറ്റലിയുമായി ഏറ്റുമുട്ടാന്‍ യോഗ്യത നേടുകയും ചെയ്തു.