ആര്‍ണെം: പകരക്കാരനായി വന്ന കോസ്റ്റിന്‍ഹ നേടിയ ഗോളിലൂടെ റൊമാനിയയെ തോല്‍പിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കളി അവസാനിക്കാന്‍ മിനറ്റുകള്‍ ശേഷിക്കെയാണ് കോസ്റ്റിന്‍ഹ പോര്‍ച്ചുഗലിന് വേണ്ടി ഹെഡ് ചെയ്ത് ഗോള്‍ നേടിയത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഗ്രൂപ്പ് എ യുടെ തുടക്ക മത്സരത്തില്‍ പോര്‍ച്ചുഗല്‍ പുറത്തെടുത്ത മനോഹരമായ കളി ജൂണ്‍ 17 ശനിയാഴ്ച നടന്ന കളിയില്‍ കാണാനുണ്ടായിരുന്നില്ല. കളി അധിക നേരവും വിരസമായിരുന്നു.
87-ാം മിനറ്റില്‍ വിളിക്കപ്പെട്ട കോസ്റ്റിന്‍ഹ നാല് മിനറ്റുകള്‍ക്ക് ശേഷം ലൂയിസ് ഫിഗോയുടെ ഫ്രീ കിക്ക് ഹെഡ് ചെയ്തു പന്ത് വലയിലാക്കി (1-0). ഇരു ടീമുകളും സമനില പാലിക്കും എന്ന് തോന്നിയപ്പോഴായിരുന്നു ഇത്.
ഗോള്‍ നേടിയതോടെ പോര്‍ച്ചുഗല്‍ ആരാധകര്‍ ഇളകി മറിഞ്ഞു. റൊമേനിയയ്ക്ക്, പ്രത്യേകിച്ച് ജോര്‍ജി ഹാഗിക്ക് ഇത് വേദനാജനകമായി. ജോര്‍ജി ഹാഗിയുടെ വിടവാങ്ങല്‍ ടൂര്‍ണമെന്റായിരുന്നു ഇത്. ഇതിന് പുറമേ റഫറിയുടെ ചുവപ്പ് കാര്‍ഡും ജോര്‍ജിക്ക് ലഭിച്ചു. ജോ പിന്റോയെ ഫൗള്‍ ചെയ്തതിനാണ് ഇത്. ഇതോടെ ജൂണ്‍ 20 ചൊവാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന കളിയില്‍ നിന്നും ജോര്‍ജി പുറത്തായി.