വിവാദങ്ങള്‍ക്കറുതിവരുത്തി നെതര്‍ലന്റ്സ് ക്വാര്‍ട്ടറില്‍
റോട്ടര്‍ഡാം: വിവാദങ്ങള്‍ക്ക് വിരാമമിട്ട് നെതര്‍ലന്റ്സ് തിരിച്ചുവന്നു. ആദ്യമത്സരത്തില്‍ റഫറിയുടെ കാരുണ്യം കൊണ്ട് ചെക്ക് റിപ്പബ്ലിക്കിനെ തോല്പിച്ചുവെന്ന് പരാതിപ്പെട്ടവരുടെ വായടച്ചുകൊണ്ട് അവര്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി ക്വാര്‍ട്ടറില്‍ കടന്നു.
ഇതോടെ ഗ്രൂപ്പ് ഡിയിലെ ക്വാര്‍ട്ടര്‍ നിര വ്യക്തമായി. ചെക്ക് റിപ്പബ്ലിക്കിനെ തോല്പിച്ച് ഫ്രാന്‍സ് നേരത്തെത്തന്നെ ക്വാര്‍ട്ടറിലെത്തിയിരുന്നു. രണ്ടുകളികളും തോറ്റ ഡെന്മാര്‍ക്കിനോടൊപ്പം ചെക്ക് റിപ്പബ്ലിക്കും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ഇരച്ചുകയറിയ നെതര്‍ലന്റ്സ് ഫോര്‍വേഡുകള്‍ക്കെതിരെ ഡെന്‍മാര്‍ക്ക് പ്രതിരോധം ഉറച്ചുനിന്നപ്പോള്‍ ഗോള്‍ രഹിതമായാണ് ആദ്യപകുതി കടന്നുപോയത്. 57-ാം മിനിറ്റില്‍ പാട്രിക്ക് ക്ലൂവര്‍ട്ട് നെതര്‍ലന്റ്സിനുവേണ്ടി പട്ടിക തുറന്നു. പ്രതിരോധക്കാരെ കബളിപ്പിച്ച് മുന്നേറിയ ഡെന്നിസ് ബെര്‍ഗ്കാംപാണ് ഗോളിന് വഴി തുറന്നത്. ബെര്‍ഗ്കാംപില്‍ നിന്ന് ലഭിച്ച പാസ് ക്ലൂവെര്‍ട്ട് ഒരു ഇടങ്കാലനടികൊണ്ട് ഗോള്‍വലക്കകത്താക്കി (1-0).
ഒമ്പതു മിനിറ്റിനുശേഷം റൊണാള്‍ഡ് ഡിബോര്‍ നെതര്‍ലന്റ്സിന്റെ ലീഡ് ഉയര്‍ത്തി. സെന്‍ഡന്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു ഗോള്‍ (2-0). മൂന്നാമത്തെ ഗോള്‍ സെന്‍ഡന്റെ വകയായിരുന്നു. ക്ലൂവെര്‍ട്ടും സെന്‍ഡനും കൂടി ഡെന്‍മാര്‍ക്ക് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയപ്പോള്‍ ഗോള്‍ക്കീപ്പര്‍ ഷ്മിച്ചലിന് പകച്ചു നില്‍ക്കാനേ സാധിച്ചുള്ളൂ (3-0).
ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താനുള്ള മത്സരത്തില്‍ ജൂണ്‍ 21-ന് ഫ്രാന്‍സും നെതര്‍ലന്റ്സും കൊമ്പുകോര്‍ക്കും. അന്നുതന്നെ ഡെന്മാര്‍ക്കും ചെക്ക് റിപ്പബ്ലിക്കും തങ്ങളുടെ അവസാനത്തെ യൂറോ 2000 മത്സരവും കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications