
ലയണല്‍ മെസ്സി
കരിയറില്‍ വ്യക്തിഗത മികവ് കൊണ്ട് നേടാവുന്നതെല്ലാം തന്റെ ഷെല്‍ഫിലെത്തിച്ചെങ്കിലും ദേശീയ ടീമിനൊപ്പം ഒരു ലോക കിരീടമെന്ന മെസ്സിയുടെ മോഹം ഇത്തവണയും നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ച മെസ്സിയെ പ്രതീക്ഷകളുടെ അമിതഭാരം തളര്‍ത്തിയെന്നാണ് ഇത്തവത്തെ പ്രകടനം സൂചിപ്പിക്കുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട് കളിക്കു മുമ്പ് തോല്‍വി സമ്മതിച്ചവന്റെ മുഖഭാവമാണ് അദ്ദേഹത്തിനള്ളത്. ഈ ലോകകപ്പിനു ശേഷം താന്‍ ഭാവിയെക്കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം അടുത്തിടെ പറയുകയും ചെയ്തിരുന്നു.
ലോകകപ്പില്‍ അര്‍ജന്റീന നേരത്തേ തന്നെ പുറത്തായാല്‍ ബൂട്ടഴിക്കുമെന്ന സൂചനകള്‍ തന്നെയാണ് മെസ്സിയുടെ ഈ വാക്കുകള്‍ നല്‍കുന്നത്.
ലോകകപ്പില്‍ ഇതുവരെ യഥാര്‍ഥ മെസ്സിയെ കാണാനായിട്ടില്ല. ഐസ്‌ലാന്‍ഡിനെതിരായ കളിയില്‍ ചില മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും പെനല്‍റ്റി നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് തന്നെയാണ് അടിവരയിടുന്നത്. ക്രൊയേഷ്യയോട് അര്‍ജന്റീന വന്‍ തോല്‍വിയേറ്റുവാങ്ങിയ കളിയയില്‍ പരാജിനപ്പോലെ തുടക്കം മുതല്‍ കാണപ്പെട്ട മെസ്സിക്ക് ടീമിനെ ഒരിക്കല്‍പ്പോലും പ്രചോദിപ്പിക്കാനും സാധിച്ചില്ല.

എയ്ഞ്ചല്‍ ഡി മരിയ
മെസ്സിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലെത്തി വളര്‍ച്ചയുടെ പടവുകള്‍ ഒരുമിച്ച് കയറിയ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും കരിയറിന്റെ ഏറ്റവും മോശം ഫോമിലാണ്. ഐസ്‌ലാന്‍ഡുമായി അര്‍ജന്റീന സമനില വഴങ്ങിയ ആദ്യ കളിയില്‍ ഡിമരിയ തികഞ്ഞ പരാജയമായി മാറി. ഇതേ തുടര്‍ന്നു ക്രൊയേഷ്യക്കെതിരേ കോച്ച് സാംപോളി താരത്തെ പുറത്തിരുത്തുകയായിരുന്നു. നൈജീരിയക്കെതിരേയുള്ള അവസാന മല്‍സരത്തില്‍ ഡിമരിയയെ അര്‍ജന്റീന ഇനി തിരിച്ചുവിളിക്കുമോയെന്നാണ് അറിയാനുള്ളത്.
30 കാരനായ ഡിമരിയയുടെയും കരിയറിലെ അവസാന ലോകകപ്പായിരിക്കും റഷ്യയിലേത്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ 2022ലെ ഖത്തര്‍ ലോകകപ്പില്‍ താരം അര്‍ജന്റൈന്‍ നിരയില്‍ ഉണ്ടാവുകയുള്ളൂ.
തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനമാണ് ഡിമരിയ നടത്തിയത്. എന്നാല്‍ ദേശീയ ടീമിനൊപ്പം ഇതാവര്‍ത്തിക്കാന്‍ താരത്തിനു ഈ ലോകകപ്പില്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ എക്‌സ്‌ട്രൈമില്‍ ടീമിന്റെ വിജയഗോള്‍ നേടി ഹീറോയായ ഡിമരിയക്ക് പിന്നീട് അതുപോലൊരു പ്രകടനം നടത്താനായിട്ടില്ല.

നിക്കോളാസ് ഒട്ടാമെന്‍ഡി
ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധക്കോട്ടയുടെ കാവല്‍ക്കാരനായ നിക്കോളാസ് ഒട്ടാമെന്‍ഡിയും മറക്കാനാഗ്രഹിക്കുന്ന രണ്ടു മല്‍സരങ്ങളാണ് റഷ്യല്‍ കളിച്ചത്. അര്‍ജന്റീന ജഴ്‌സിയില്‍ സമീപകാലത്ത് ഏറ്റവും മോശം പ്രകടനമാണ് താരം കാഴ്ചവച്ചത്. ലോകകപ്പില്‍ മാത്രമല്ല യോഗ്യതാ റൗണ്ടിലും സൗഹൃദ മല്‍സരങ്ങളിലുമെല്ലാം ഒട്ടാമെന്‍ഡി തികഞ്ഞ പരാജയമായി മാറി.
മാര്‍ച്ചില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ സ്‌പെയിന്‍ 6-1ന് മുക്കിയ കളിയിലും താരം പഴി കേട്ടിരുന്നു.
ഇത്തവണ ലോകകപ്പില്‍ ഐസ് ലാന്‍ഡിനെതിരായ ആദ്യ കളിയില്‍ ശരാശരിയിലും താഴെയായിരുന്നു ഒട്ടാമെന്‍ഡിയുടെ പ്രകടനം. ക്രൊയേഷ്യക്കെതിരായ കളിയിലാവട്ടെ ഇത് കൂടുതല്‍ ദയനീയമായി മാറുകയും ചെയ്തു. ക്രൊയേഷ്യ നേടിയ മൂന്നു ഗോളുകളില്‍ രണ്ടിലും ഒട്ടാമെന്‍ഡിയുടെ പിഴവാണ് അര്‍ജന്റീനയ്ക്കു വിനയായത്.

എഡ്വാര്‍ഡോ സാല്‍വിയോ
ഏതു പൊസിഷനില്‍ കളിപ്പിക്കണമെന്നും പ്ലാനിങില്ലാതെയാണ് എഡ്വാര്‍ഡോ സാല്‍വിയോയെ അര്‍ജന്റീന കോച്ച് ജോര്‍ജെ സാംപോളി ടീമിലുള്‍പ്പെടുത്തിയത്. തന്റെ ക്ലബ്ബായ ബെന്‍ഫിക്കയ്ക്കു വേണ്ടി അത്ര ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത സാല്‍വിയോയെ എന്തിനാണ് ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് എന്നതു പോലും ചോദ്യചിഹ്നമാണ്.
ഈ ലോകകപ്പിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സാല്‍വിയോയെ കളിപ്പിക്കാന്‍ കാരണമെന്തെന്ന് സാംപോളിക്കു മാത്രമേ അറിയുകയുള്ളൂ. കളിക്കളത്തില്‍ ദുരന്തമായി മാറിയ സാല്‍വിയോ ഈ ലോകകപ്പിനു ശേഷം പിന്നീടൊരിക്കലും ദേശീയ ടീമിലെത്താന്‍ സാധ്യതയില്ല.

സെര്‍ജിയോ അഗ്വേറോ
മെസ്സി, ഡിമരിയ ജോടികള്‍ക്കൊപ്പം അര്‍ജന്റീന ടീമിലെത്തി പിന്നീട് ത്രീമെന്‍ ആര്‍മിയുടെ ഭാഗമായ താരമാണ് സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ. മെസ്സിക്കൊപ്പം ജൂനിയര്‍ ടീമിലൂടെ ഉയര്‍ന്നു വന്ന അഗ്വേറോയ്ക്കും ഒരു പക്ഷെ അവസാന ലോകകപ്പായിരിക്കും ഇത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോഴാണ് അഗ്വേറോ ഈ ലോകകപ്പിനായി റഷ്യയിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജേതാക്കളാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് അഗ്വേറോ. പക്ഷെ ഈ ലോകകപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ വലിയ ദുരന്തങ്ങളിലൊന്നായയി താരം മാറി. ക്രൊയേഷ്യക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 200 മിനിറ്റിലേറെ പന്ത് തൊടാന്‍ പോലുമാവാതെ ഉഴറിനടന്ന അഗ്വേറോടെ ലോകം കണ്ടു.
2005, 07 വര്‍ഷങ്ങളിലെ അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കിരീടം ചൂടിയ അഗ്വേറേ 2008ലെ ഒളിംപിക്‌സിലും ടീമിനൊപ്പം സ്വര്‍ണമണിഞ്ഞു. പക്ഷെ സീനിയര്‍ ടീമിനൊപ്പം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കളിച്ചപ്പോള്‍ നിരാശ മാത്രമാണ് അദ്ദേഹത്തെ കാത്തിരുന്നത്. അത്‌ലറ്റികോ മാഡ്രിഡിനും സിറ്റിക്കും കൂടി വേണ്ടി 558 മല്‍സരങ്ങളില്‍ നിന്നും 317 റണ്‍സ് വാരിക്കൂട്ടിയ അഗ്വേറോയ്ക്ക് പക്ഷെ ഈ മാജിക്ക് അര്‍ജന്റൈന്‍ ജഴ്‌സിയില്‍ കാഴ്ചവയ്ക്കാനായിട്ടില്ല.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.


Click it and Unblock the Notifications


