കൊച്ചി: ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ഐഎസ്എല്‍ മൂന്നാം സീസണ്‍ അവസാനിച്ചത്. പക്ഷേ ആ സങ്കടത്തിനിടയിലും സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ലീഗിലെ ഏറ്റവും മികച്ച ടീം ബ്ലാസ്റ്റേഴ്‌സ് തന്നെയാണെന്നു തെളിയിക്കുന്നതാണ് ആ വാര്‍ത്ത.
ഐഎസ്എല്‍ മൂന്നാം സീസണു ശേഷം തെരഞ്ഞെടുത്ത ഐഎസ്എല്‍ ഇലവനില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം. ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങള്‍ ഉള്‍പ്പെട്ട 11 അംഗ ടീമില്‍ ആറു പേര്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍.

ആ ടീമിന്റെ കോച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാനായ സ്റ്റീവ് കോപ്പല്‍ തന്നെ. ടൂര്‍ണമെന്റിനു ശേഷം ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണു ടീം പ്രഖ്യാപിച്ചത്. രണ്ടു കൊല്‍ക്കത്ത താരങ്ങളും മുംബൈയുടേയും ഡല്‍ഹിയുടേയും നോര്‍ത്ത് ഈസ്റ്റിന്റേയും ഓരോ താരങ്ങളുമാണ് ടീമിലുള്ളത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയെ മൊത്തമായിത്തന്നെ ആരാധകര്‍ ഡ്രീം ടീമിലേക്കു തെരഞ്ഞെടുത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് വല്യേട്ടന്‍ സെഡ്രിക് ഹെങ്ബര്‍ട്, സന്ദേശ് ജിംഘാന്‍ മൂന്നു പേരും ടീമിലുണ്ട്. മുന്നേറ്റ നിരയില്‍ മലയാളികളുടെ സ്വന്തം സി.കെ. വിനീതും, കെര്‍വിന്‍സ് ബെല്‍ഫോര്‍ട്ടും സ്ഥാനം പിടിച്ചു. സന്ദീപ് നന്ദിയാണു ഡ്രീം ടീമിന്റെ വലകാക്കുക.

കോല്‍ക്കത്തയുടെ താരമായ, മലയാളികളുടെ ഹ്യൂമേട്ടനാണ് മുന്നേറ്റ നിരയിലെ മറ്റൊരു താരം കൊല്‍ക്കത്ത നിരയില്‍ നിന്ന് ഹാവി ലാറയുമുണ്ട്. മുംബൈ സിറ്റി എഫ്‌സിയില്‍ നിന്ന് സാക്ഷാല്‍ ഡിഗോ ഫോര്‍ലാനും ദില്ലിയില്‍ നിന്ന് സൗവിക് ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു.
എന്നാല്‍ ഡല്‍ഹിയുടെ മാര്‍ക്വീ താരം ഫ്‌ലോറന്‍സ് മലൂദയ്ക്കും ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് ഉടമ മാര്‍സലിനോയ്ക്കും ആരാധകര്‍ ഡ്രീം ടീമില്‍ ഇടം നല്‍കിയില്ല.