കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നത് പോലെ അനന്തമാണ് കളി ആരാധകർക്ക് മെസ്സിയാണോ നെയ്മറാണോ മികച്ച കളിക്കാരന്‍ എന്ന ചോദ്യവും. മറ്റാര് സമ്മതിച്ചാലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ ഇതില്‍ ഏതെങ്കിലും ഒരുത്തരം സമ്മതിച്ചുതരില്ല. പെലെ - മറഡോണ തര്‍ക്കം തലമുറകള്‍ പിന്നിട്ട് എത്തിനില്‍ക്കുന്നത് മെസ്സിയുടെയും നെയ്മറിന്റെയും കാലത്തിലാണ്.
ഈ ലോകകപ്പിലെ ടോപ്‌സ്‌കോററാണ് നെയ്മര്‍. മൂന്ന് കളികളില്‍ നാലു ഗോളുകളാണ് നെയ്മറിന്റെ നേട്ടം. രണ്ട് തവണ ഇരട്ടഗോള്‍ നേടിയ തങ്ങളുടെ സൂപ്പര്‍ താരത്തെ കോച്ച് ലൂയിസ് ഫിലിപ് സ്‌കൊളാരി വിളിക്കുന്നത് ബ്രസീലിന്റെ മെസ്സി എന്നാണ്. അര്‍ജന്റീനയ്ക്ക് മെസി എന്താണോ അതാണത്രെ ബ്രസീലിന് നെയ്മര്‍. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ബ്രസീലിന്റെ മെസ്സിയാണ് നെയ്മര്‍.

കളിച്ച രണ്ട് കളികളിലും ഓരോ ഗോളുകള്‍ അടിച്ച് ടീമിനെ പ്രീ ക്വാര്‍ട്ടറില്‍ എത്തിച്ചുകഴിഞ്ഞു അര്‍ജന്റീനയുടെ മിശിഹ. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഗോള്‍ നേടുന്നില്ല എന്ന പരാതിയും തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഗോളടിച്ച് മെസ്സി തീര്‍ത്തുകഴിഞ്ഞു. ബുധനാഴ്ച നൈജീരിയയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ ഗ്രൂപ്പിലെ അവസാനത്തെ കളി.
കാമറൂണിനെതിരായ കളിക്ക് ശേഷമാണ് സ്‌കൊളാരി നെയ്മറിനെ പുകഴ്ത്തി രംഗത്തുവന്നത്. നെയ്മറിനെ പുകഴ്ത്തുമ്പോഴും മെസ്സിയെ പരാമര്‍ശിക്കാന്‍ സ്‌കൊളാരി മറന്നില്ല. അര്‍ജന്റീനയ്ക്ക് മെസ്സി എന്ന പോലെയാണ് ബ്രസീലിന് നെയ്മര്‍. തങ്ങളുടെ ടീമിന്റെ കളി മാറ്റിമറിക്കാന്‍ ഇരുവര്‍ക്കും ഒറ്റയ്ക്ക് സാധിക്കും. ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും പരസ്പരം വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അതുവരെ അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും, നെയ്മറോ മെസ്സിയോ...