
കോഴിക്കോട്: ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കെഎസ്ഇബി മിഡ്ഫീല്‍ഡറും തൃശൂര്‍ സ്വദേശിയുമായ ജിജോ ജോസഫിനു കീഴിലാണ് കിരീടസ്വപ്‌നവുമായി കേരളം ബൂട്ടുകെട്ടുക. മലപ്പുറമാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുന്നത്.
20 പേരുള്‍പ്പെടുന്ന സംഘത്തെയാണ് ഇന്നു കോഴിക്കോട്ടു നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. കൂടുതല്‍ താരങ്ങളുള്ളത് മലപ്പുറത്തു നിന്നാണ്. ആറു പേര്‍ക്കാണ് മലപ്പുറത്തു നിന്നും കേരളത്തിനായി പന്തു തട്ടാന്‍ അവസം ലഭിച്ചത്. എറണാകുളത്തു നിന്നും അഞ്ചു പേരും ടീമിലേക്കു വന്നു. തൃശൂര്‍ സ്വദേശിയും ഇതിനകം കോച്ചെന്ന നിലയില്‍ പല നേട്ടങ്ങളും കൊയ്തിട്ടുള്ള ബിനോ ജോര്‍ജാണ് കേരളത്തെ പരിശീലിപ്പിക്കുന്നത്.
ആറു തവണ സന്തോഷ് ട്രോഫി നേടിയിട്ടുള്ള ടീമാണ് കേരളം. അവസാനമായി കേരളത്തിന്റെ കിരീടവിജയം മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ കിരീടധാരണം. ഈ മാസം 16നാണ് മലപ്പുറത്ത് ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമാണ് മല്‍സരങ്ങള്‍.
രാവിലെ 9.30ന് പഞ്ചാബും പശ്ചിമ ബംഗാളുമാണ് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി എട്ടു മണിക്ക് കേരളം ആദ്യ അങ്കത്തിന് ഇറങ്ങും. രാജസ്ഥാനാണ് എതിരാളികള്‍. തിങ്കളാഴ്ച പശ്ചിമ ബംഗാളിനെതിരേയും (രാത്രി 8) ബുധനാഴ്ച മേഖാലയക്കെതിരേയും (രാത്രി 8) വെള്ളിയാഴ്ച പഞ്ചാബിനെതിരേയും (രാത്രി 8) കേരളം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കൊമ്പുകോര്‍ക്കും. മേയ് രണ്ടിന് എട്ടു മണിക്കാണ് ഫൈനല്‍.
കേരള ടീം
വി മിഥുന്‍ (ഗോള്‍കീപ്പര്‍, കണ്ണൂര്‍), എസ് ഹജ്മല്‍ (ഗോള്‍കീപ്പര്‍, പാലക്കാട്), സോയല്‍ ജോഷി (അണ്ടര്‍ 21, ഡിഫന്‍ഡര്‍ എറണാകുളം), ജി സഞ്ജു (ഡിഫന്‍ഡര്‍, എറണാകുളം), ബിബിന്‍ അജയന്‍ (ഡിഫന്‍ഡര്‍, എറണാകുളം), അജയ് അലെക്‌സ് (ഡിഫന്‍ഡര്‍, എറണാകുളം), മുഹമ്മദ് ഷഫീഖ് (അണ്ടര്‍ 21, ഡിഫന്‍ഡര്‍, മലപ്പുറം), സല്‍മാന്‍ കള്ളിയത്ത്, ഡിഫന്‍ഡര്‍, മലപ്പുറം), കെ മുഹമ്മദ് റാഷിദ് (മിഡ്ഫീല്‍ഡര്‍, വയനാട്), പി അഖില്‍ (മിഡ്ഫീല്‍ഡര്‍, എറണാകുളം), ജിജോ ജോസഫ് (ക്യാപ്റ്റന്‍, മിഡ്ഫീല്‍ഡര്‍, തൃശൂര്‍), അര്‍ജുന്‍ ജയരാജ് (മിഡ്ഫീല്‍ഡര്‍, മലപ്പുറം), പിഎന്‍ നൗഫല്‍ (മിഡ്ഫീല്‍ഡര്‍, കോഴിക്കോട്), ഷിഗില്‍ (അണ്ടര്‍ 21, മിഡ്ഫീല്‍ഡര്‍, മലപ്പുറം), നിജോ ഗില്‍ബെര്‍ട്ട് (മിഡ്ഫീല്‍ഡര്‍, തിരുവനന്തപുരം), ഫസലു റഹ്മാന്‍ (മിഡ്ഫീല്‍ഡര്‍, മലപ്പുറം), പിടി മുഹമ്മദ് ബാസിത് (ഫോര്‍വേഡ് കോഴിക്കോട്), മുഹമ്മദ് സഫ്‌നാദ് (അണ്ടര്‍ 21, ഫോര്‍വേഡ്, വയനാട്), ജെസിന്‍ ടികെ (അണ്ടര്‍ 21, ഫോര്‍വേഡ്, മലപ്പുറം), എം വിഗ്നേഷ് (ഫോര്‍വേഡ്, തിരുവനന്തപുരം).
ഒഫീഷ്യലുകള്‍- ബിനോ ജോര്‍ജ് (മുഖ്യ കോച്ച്, തൃശൂര്‍), ടിജി പുരുഷോത്തമന്‍ (അസിസ്റ്റന്റ് കോച്ച്, തൃശൂര്‍), മുഹമ്മദ് (ഫിസിയോ, കാസര്‍കോഡ്), മുഹമ്മദ് സലീം (മാനേജര്‍, മലപ്പുറം), സജി ജോയ് (ഗോള്‍കീപ്പര്‍ ട്രെയ്‌നര്‍, എറണാകുളം).