ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഇനി ഫുട്‌ബോളിലും ഒരുകൈ നോക്കാന്‍ തയ്യാറെടുക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒരു ടീമിന്റെ സഹ ഉടമകളിലൊരാളായി അദ്ദേഹം മാറിയേക്കും.
നിലവില്‍ ദുലീപ് ട്രോഫി കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഡി ടീമിന്റെ ഭാഗമാണ് സഞ്ജു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിലാണ് അദ്ദേഹമുള്ളത്. പക്ഷെ റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായ ഇന്ത്യന്‍ സി ടീമുമായി ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. അതിനിടെയാണ് ഫുട്‌ബോളിലേക്കു താരം ഗ്രാന്റ് എന്‍ട്രി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുള്ളത്.

സഞ്ജുവിന്റെ ടീം മലപ്പുറം എഫ്‌സി?
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകളിലൊന്നായ മലപ്പുറം എഫ്‌സിയുടെ സഹ ഉടയാവാനാണ് സഞ്ജു സാംസണിന്റെ നീക്കമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടീമുടമയായി സഞ്ജു വരികയാണെങ്കില്‍ അതു മലപ്പുറം എഫ്‌സിയുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം നിലവിലെ കേരളാ കായിക താരങ്ങളില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് സത്യം.
മികച്ച ഫുട്‌ബോളര്‍
സഞ്ജു സാംസണ്‍ മികച്ചൊരു ക്രിക്കറ്റര്‍ മാത്രമല്ല, കിടിലനൊരു ഫുട്‌ബോളര്‍ കൂടിയാണെന്നത് പലര്‍ക്കുമറിയാം. ക്രിക്കറ്റില്‍ മല്‍സരങ്ങളില്ലാത്ത സമയങ്ങളില്‍ പലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം മനോഹരമായി ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിന്റെ വീഡിയോകള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മാത്രല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള പരിശീലന സെഷനുകളിലും ടീമംഗങ്ങള്‍ക്കൊപ്പം അദ്ദേഹം ഫുട്‌ബോള്‍ കളിക്കാറുണ്ട്. മികച്ച വേഗതയും ഡ്രിബ്ലിങ് പാടവവും ഷൂട്ടിങ് മികവുമെല്ലാം സഞ്ജു ഇവയില്‍ പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഫുട്‌ബോളിനെ താന്‍ എത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഇവയിലൂടെ അദ്ദേഹം കാണിച്ചു തരികയും ചെയ്യുന്നു.
ക്രിക്കറ്റില്‍ അവഗണന
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സാംസണിനെപ്പോലെ നിരന്തരം അവഗണനകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വളരെ അപൂര്‍വ്വം താരങ്ങളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണാലും ഭൂരിഭാഗം കളിയിലും പ്ലെയിങ് ഇലവനില്‍ ഇടം കിട്ടാതെ അദ്ദേഹം ഒതുക്കപ്പെടുകയാണ്.

ഈ വര്‍ഷം ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിനു സാധിച്ചെങ്കിലും ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചില്ല. റിഷഭ് പന്തിനെയാണ് ടൂര്‍ണമെന്റിലുടനീളം ഇന്ത്യ കളിപ്പിച്ചത്. ലോകകപ്പിനു ശേഷം സിംബാബ്‌വെ, ശ്രീലങ്കന്‍ പര്യടനങ്ങളിലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും എല്ലാ മല്‍സരത്തിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
ദുലീപ് ട്രോഫിക്കു വേണ്ടി ആദ്യം തിരഞ്ഞെടുത്ത ഇന്ത്യ എ, ബി, ,സി, ഡി ടീമുകളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന്റെ തലേ ദിവസം ഇഷാന്‍ കിഷന്‍ പിന്‍മാറിയതോടെ അവസാന നിമിഷം സഞ്ജുവിനു ടീമിലേക്കു വിളിയെത്തുകയായിരുന്നു. പക്ഷെ ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. കെഎസ് ഭരതിനെയാണ് പകരം ഇന്ത്യ ഡി ടീം കളിപ്പിച്ചത്.