ജിങ്കനില്‍ തട്ടി ബെംഗളൂരു വീഴുമോ? അന്നത്തെ പഴിക്ക് കണക്ക് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍
കൊച്ചി: ഐഎസ്എല്ലില്‍ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടം പല പ്രത്യേകതകള്‍ കൊണ്ടും ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മഞ്ഞപ്പട മുന്‍ ഐ ലീഗ് ചാംപ്യന്‍മാരെ നേരിടുന്നത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇരുടീമും ആദ്യമായി കൊമ്പുകോര്‍ക്കുന്ന മല്‍സരം കൂടിയാണിത്. കഴിഞ്ഞ സീസണ്‍ വരെ ഐ ലീഗിന്റെ ഭാഗമായിരുന്ന ബെംഗളൂരു ഇത്തവണയാണ് ഐഎസ്എല്ലിലെത്തിയത്.
അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്തി ബെംഗളൂരു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന മല്‍സരം മഞ്ഞപ്പടയ്ക്ക് എളുപ്പമാവില്ല. ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഒരു താരത്തിലേക്കാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ നിറസാന്നിധ്യവും ക്യാപ്റ്റനുമായ സന്ദേഷ് ജിങ്കനാണ് ഈ താരം.

മുന്‍ താരങ്ങളുടെ പോരാട്ടം
ബ്ലാസ്‌റ്റേഴ്‌സ് ടീമിലും ബെംഗളൂരു ടീമിലും പല മുന്‍ താരങ്ങളും ഇത്തവണ മുഖാമുഖം വരുന്നുണ്ട്. നേരത്തേ ബെംഗളൂരുവിന്റെ നീല ജഴ്‌സിയണിഞ്ഞ മലയാളി താരം സികെ വിനീത്, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ, സിയാം ഹംഗെല്‍ എന്നിവര്‍ ഇത്തവണ മഞ്ഞ ജഴ്‌സിയിലുണ്ടാവും. കൂടാതെ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജിങ്കനും നേരത്തേ ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരുന്ന രാഹുല്‍ ബെക്കെ, തോങ്കോസിയെം ഹാവോകിപ്പ് എന്നിവര്‍ ഇത്തവണ ബെംഗളൂരുവിനു വേണ്ടിയാണ് ബൂട്ടണിയുന്നത്.

ബെംഗളൂരുവില്‍ ഫ്‌ളോപ്പ്
ബ്ലാസ്റ്റേഴ്‌സിനു തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ മികച്ച ഡിഫന്‍ഡറായി പേരെടുത്ത ജിങ്കന് പക്ഷെ ബെംഗളൂരു ടീമിനൊപ്പം മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. അന്നു കേട്ട പഴിക്ക് ഇത്തവണ അവര്‍ക്കെതിരേ തന്നെ കണക്കുതീര്‍ക്കുകയാവും ജിങ്കന്റെ ലക്ഷ്യം.
കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ ജിങ്കന്‍ ബെംഗളൂരു നിരയിലുണ്ടായിരുന്നു. എന്നാല്‍ ടീമിനെ ലീഗില്‍ നാലാമതെത്താനേ ജിങ്കനടക്കമുള്ള താരനിരയ്ക്കു സാധിച്ചുള്ളൂ.

എത്തിയത് വായ്പയില്‍
പ്രഥമ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ജിങ്കന്‍ കഴിഞ്ഞ ഐഎസ്എല്ലിനു ശേഷമാണ് വായ്പയില്‍ ബെംഗളൂരുവിലെത്തുന്നത്. ഐഎസ്എല്ലിലെ മിന്നുന്ന പ്രകടനങ്ങളെ തുടര്‍ന്ന് 24 കാരനായ താരത്തില്‍ ബെംഗളൂരു ആരാധകര്‍ക്കു വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്.
ജിങ്കന്‍ ടീമിനൊപ്പം ചേരുമ്പോള്‍ തന്നെ ബെംഗളൂരുവിന് മികച്ച പ്രതിരോധനിരയാണുണ്ടായിരുന്നത്. ഇതോടെ ജിങ്കന്റെ സാന്നിധ്യം ബെംഗളൂരുവിന്റെ കിരീടസാധ്യത വര്‍ധിപ്പിക്കുമെന്നും അന്നു ഫുട്‌ബോള്‍ പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കണക്കൂകൂട്ടലുകള്‍ തെറ്റി
പക്ഷെ ജിങ്കന്റെ വരവും ബെംഗളൂരുവിനെ രക്ഷിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹീറോ ബെംഗളൂരു വന്‍ ഫ്‌ളോപ്പായി മാറുന്നതാണ് പിന്നീട് കണ്ടത്. ടീമില്‍ എത്തിയതിനു പിറകെയേറ്റ പരിക്കും ജിങ്കന്റെ മോശം പ്രകടനത്തിനു കാരണമായി.
ഐ ലീഗില്‍ പിന്നീട് ബെംഗളൂരുവിന്റെ പ്രതിരോധം ആടിയുലയുന്നത് ആരാധകര്‍ ഞെട്ടലോടെ കണ്ടു. എളുപ്പം ഗോള്‍ വഴങ്ങിയ ടീം ഒടുവില്‍ ലീഗില്‍ നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.

11 മല്‍സരങ്ങള്‍ കളിച്ചു
ബെംഗളൂരുവിനു വേണ്ടി 11 ഐ ലീഗ് മല്‍സരങ്ങളില്‍ ജിങ്കന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇതില്‍ ടീം ജയിച്ചത് വെറും നാലെണ്ണത്തില്‍ മാത്രമാണ്. കോച്ച് റോക്കയുടെ ശൈലിയുമായി ഒരിക്കലും ഒത്തുപോവാന്‍ ജിങ്കനായില്ല.
ലീഗിലെ പുതുമുഖങ്ങളായ മിനെര്‍വ പഞ്ചാബ് എഫ്‌സിക്കെതിരായ കളിയില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയും ജിങ്കന്‍ നിരാശപ്പെടുത്തി. മല്‍സരത്തില്‍ ബെംഗളൂരു സമനിലയില്‍ കുരുങ്ങുകയും ചെയ്തു.

ഫെഡറേഷന്‍ കപ്പിലും പഴികേട്ടു
ബെംഗളൂരു ജേതാക്കളായ കഴിഞ്ഞ സീസണിലെ ഫെഡറേഷന്‍ കപ്പിലും ജിങ്കന്‍ പഴി കേട്ടിരുന്നു. ഐസ്വാളിനെതിരായ സെമി ഫൈനലില്‍ ബെംഗളൂരു 1-0ന് ലീഡ് ചെയ്യവെ അവര്‍ക്കെതിരേ റഫറി പെനല്‍റ്റി വിധിക്കാന്‍ കാരണം ജിങ്കനായിരുന്നു. ഇഞ്ചുറിടൈമില്‍ അദ്ദേഹത്തിന്റെ ഫൗളായിരുന്നു ഇതിനു കാരണം. എന്നാല്‍ ജിങ്കന് ആശ്വാസമേകി ഈ പെനല്‍റ്റി ബെംഗളൂരു ഗോളി അംറീന്ദര്‍ സിങ് വിഫലമാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications