Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SAFF CUP: 22 താരങ്ങള്‍, 2 കിരീടം! ഫിഫ റാങ്കിങ്ങില്‍ 100നുള്ളില്‍- ഇന്ത്യന്‍ ഫുട്‌ബോള്‍ വളരുകയാണ്

ബംഗളൂരു: ഫുട്‌ബോളിനെ കേവലമൊരു കായിക ഇനമെന്നതിലുപരി ജീവശ്വാസമായി കൊണ്ടുനടക്കുന്നവര്‍ ഏറെയാണ്. ഇന്ത്യ ഫുട്‌ബോള്‍ ഭൂപടത്തിലെ കുഞ്ഞന്മാരാണെങ്കിലും തുകല്‍ പന്തിനെ പ്രണയിക്കുന്ന ആരാധകരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍ നിരയില്‍ സ്ഥാനമുണ്ടാവും. വളരെ കുറവ് ജനസംഖ്യയുള്ള, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ലോകകപ്പില്‍ പന്തു തട്ടുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യക്കത് സാധിക്കുന്നില്ലെന്ന ചോദ്യം ഏറെ നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്.

ഇന്ത്യയിലെ ഫുട്‌ബോള്‍ ഒരിക്കലും വളരില്ലെന്ന് നാഴിക്ക് നാല്‍പ്പതുവട്ടം ശപിക്കുന്നവരാണ് ഒട്ടുമിക്ക ആരാധകരും. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഇഗോര്‍ സ്റ്റിമാച്ച് എന്ന പരിശീലകനു കീഴില്‍ അച്ചടക്കത്തോടെ പന്തുതട്ടുന്ന ഇന്ത്യ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. സമീപകാലത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്റര്‍കോണ്ടിനന്റെല്‍ കപ്പ്, സാഫ് കപ്പ് കിരീടങ്ങള്‍ നേടിയെന്നത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. അതി ശക്തരായ ടീമുകളെ നേരിട്ടാണ് ഇന്ത്യ രണ്ട് കിരീടവും സ്വന്തമാക്കിയത്. ഈ രണ്ട് ടൂര്‍ണമെന്റിലും ഒരു മത്സരം പോലും ഇന്ത്യ തോറ്റില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അവസാന ഒമ്പത് മത്സരത്തില്‍ അഞ്ചിലും 90 മിനുട്ടിനുള്ളില്‍ ജയിക്കാന്‍ ഇന്ത്യക്കായി. സാഫ് കപ്പിന്റെ സെമിയിലും ഫൈനലിലും ഷൂട്ടൗട്ടിനൊടുവിലാണ് ഇന്ത്യയുടെ ജയം.

ഇന്ത്യയുടെ അവസാന 9 മത്സരങ്ങളില്‍ നിന്ന് 2 ഗോളാണ് ടീം വഴങ്ങിയത്. ഇതില്‍ ഒരു ഗോള്‍ സെല്‍ഫായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിന്റെ ഷബീബ് അല്‍ ഖാല്‍ദിയാണ് ഇന്ത്യയുടെ വലകുലുക്കിയ ഏക താരം. ഇന്ത്യയുടെ ഗോള്‍ വലക്കുമുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധുവെന്ന ഗോള്‍ കീപ്പര്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ സമീപകാല വിജയങ്ങളില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് പറയാം.

sunil chhetri

ഇന്ത്യയുടെ മുന്നിലെ പ്രധാന ചോദ്യങ്ങളിലൊന്ന് സുനില്‍ ഛേത്രിക്ക് ശേഷം ആരെന്നതാണ്. ഇതിനുള്ള ഉത്തരവും സമീപകാലത്തെ പ്രകടനങ്ങളിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നു. 38ാം വയസിലും ഇന്ത്യയുടെ തുറുപ്പുചീട്ട് സുനില്‍ ഛേത്രിയാണെന്നതാണ് വസ്തുത. എന്നാല്‍ ഛേത്രി പടിയിറങ്ങുന്നതോടെ തകര്‍ന്ന് തരിപ്പണമാകുന്ന പഴയ അവസ്ഥയില്‍ നിന്ന് ഇന്ത്യ മോചിതരായിട്ടുണ്ടെന്ന് തന്നെ പറയാം. മഹേഷ് സിങ്, സഹല്‍ അബ്ദുല്‍ സമദ്, ഉദാന്ത സിങ്, ലാലിന്‍സ്വാല ചാങ്‌തെ എന്നിവരെല്ലാം ഛേത്രിയുടെ വിടവ് നികത്താന്‍ ശേഷിയുള്ളവരാണ്.

എന്നാല്‍ ഛേത്രിയുടെ നായക മികവും ഫിനിഷിങ്ങിലെ കൃത്യതയും ഇന്ത്യ മിസ് ചെയ്യുമെന്നുറപ്പാണ്. ജൂണ്‍ മാസം ആരംഭിക്കുമ്പോള്‍ 85 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രിയുടെ പേരിലുണ്ടായിരുന്നത്. സാഫ് കപ്പ് അവസാനിക്കുമ്പോള്‍ അത് 92 ഗോളുകളാണ്. സാഫ് കപ്പിലെ എംവിപി അവാര്‍ഡും ഗോള്‍ഡന്‍ ബൂട്ടും ഛേത്രി ഏറ്റുവാങ്ങുമ്പോള്‍ ഗ്യാലറിയില്‍ അലയടിച്ച ആരവം അദ്ദേഹം എത്രമാത്രം ആരാധകരുടെ പ്രിയപ്പെട്ടവനാണെന്ന് തെളിയിക്കുന്നു. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് മെസിയും റൊണാള്‍ഡോയും എംബാപ്പെയുമെല്ലാം ഛേത്രിയാണ്.

ഛേത്രിയുടെ പൊസിഷനില്‍ പുതിയ കളിക്കാര്‍ വന്നേക്കും. ചിലപ്പോള്‍ ഛേത്രിയെക്കാളും മികച്ച പ്രകടനവും നടത്തിയേക്കും. എന്നാല്‍ ഛേത്രിക്ക് ആരാധക ഹൃദയങ്ങളിലുള്ള സ്ഥാനം ഒരു പകരക്കാരനും എത്തിപ്പിടിക്കാനാവുന്നതിലും ഉയരെയാണ്. ഇന്ത്യ ഒമ്പതാം സാഫ് കപ്പ് കിരീടം നേടുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നത് ഛേത്രിയോടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഞ്ച് ഗോളുകളാണ് അദ്ദേഹം സാഫ് കപ്പില്‍ നേടിയത്. ഇതിലൊരു ഹാട്രിക്കും ഉള്‍പ്പെടും.

ഇന്ത്യന്‍ ഫുട്‌ബോളിന് പരിമിതികളേറെയാണെങ്കിലും വളര്‍ച്ചയുടെ പാതയിലാണെന്നതിന്റെ തെളിവാണ് ഫിഫ റാങ്കിങ്ങിലെ മുന്നേറ്റം. നിലവില്‍ 100ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ഒരു മാസത്തിലെ ഒമ്പത് മത്സരങ്ങള്‍ക്കിടെ 22 താരങ്ങളെയാണ് ഇന്ത്യ പരീക്ഷിച്ചത്. മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യക്ക് സാധിക്കുന്നു. മലയാളികള്‍ക്ക് അഭിമാനമായി സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനും ഇന്ത്യന്‍ ജഴ്‌സിയിലുണ്ട്.

ഇനിയും വലിയ കടമ്പകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. എല്ലാ വെല്ലുവിളികളെയും മറികടന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒരിക്കല്‍ ലോകകപ്പില്‍ കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ അതിനായി ജീവന്‍ കൊടുക്കാന്‍ തയ്യാറാവുന്ന കളിക്കാര്‍ മാത്രമുണ്ടായിട്ട് കാര്യമില്ല. അതിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വലിയ പിന്തുണയും വേണം. എന്നാല്‍ അതു ലഭിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Wednesday, July 5, 2023, 7:10 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+