
മോസ്‌കോ: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റിയായേയും കുറിച്ച് തര്‍ക്കിച്ച് ദമ്പതികള്‍ വേര്‍പിരിഞ്ഞു. ലോകകപ്പ് നടക്കുന്ന റഷ്യയിലാണ് സംഭവം. അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തിയതിനുശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് ഒരു റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അര്‍ജന്റീനയുടെ ജയം ഭര്‍ത്താവ് ആഘോഷിച്ചിരുന്നു. എന്നാല്‍, മെസ്സിയേക്കാള്‍ മികച്ചവന്‍ റൊണാള്‍ഡോയാണെന്ന് ഭാര്യ തര്‍ക്കിച്ചതോടെ ഇരുവരും വാദപ്രതിവാദത്തിലേര്‍പ്പെട്ടു. ഒടുവില്‍ ഭര്‍ത്താവ് തന്റെ സാധനങ്ങള്‍ പാക്ക് ചെയ്ത് വീടുവിട്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ പേര് ആര്‍സെന്‍ എന്നും ഭാര്യയുടെ പേര് ലിദ്മില എന്നുമാണ് വാര്‍ത്തയിലുള്ളത്.

ഇരുവരും കണ്ടുമുട്ടിയതും ഫുട്‌ബോളിനോടുള്ള പ്രണയത്തിന്റെ പേരിലാണ്. ഒരു ബാറില്‍വെച്ച് 2002ലെ ലോകകപ്പ് ആസ്വദിക്കുന്നതിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. വിവാഹിതരായശേഷം മുതല്‍ ഭാര്യ മെസ്സിയെ അധിക്ഷേപിക്കുന്നത് പതിവാണ്. ഒരു പെനാല്‍റ്റിപോലും അടിക്കാനാകാത്ത താരമാണ് മെസ്സിയെന്നും ഭാര്യ പറഞ്ഞതായി ആര്‍സെന്‍ വെളിപ്പെടുത്തി.
റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ക്ലബ്ബുമാണ് ഭാര്യയ്ക്ക് പ്രിയം. ഇതുസംബന്ധിച്ചുള്ള തര്‍ക്കം ഇതാദ്യമായല്ല. എന്നാല്‍, ഇത്തവണ സംഭവം കൂടുതല്‍ ഗൗരവതരമാണ്. തര്‍ക്കത്തിനുശേഷം പിറ്റേദിവസം തന്നെ ഭര്‍ത്താവ് വിവാഹമോചനത്തിനായി കോടതി കയറുകയും ചെയ്തു. എന്തായാലും, മെസ്സിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയും പോര്‍ച്ചുഗലും ഒരേദിവസം തന്നെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.