
തുടക്കം 1970ല്‍
1970 ആഗസ്റ്റ് 12നായിരുന്നു പിഎസ്ജിയുടെ പിറവി. കഴിഞ്ഞ വര്‍ഷമായിരുന്നു ക്ലബ്ബ് തങ്ങളുടെ 50ാം പിറന്നാള്‍ ആഘോഷിച്ചത്. രണ്ടു ക്ലബ്ബുകള്‍ ചേര്‍ന്നതായിരുന്നു തുടക്കത്തില്‍ പിഎസ്ജി. അമച്വര്‍ ക്ലബ്ബായ സ്റ്റെയ്ഡ് സെന്റ് ജര്‍മെയ്‌നും പാരീസ് എഫ്‌സിയുമായിരുന്നു ഈ രണ്ടു ടീമുകള്‍. ഇവര്‍ ഒന്നിച്ചതോടെയാണ് പിഎസ്ജിയെന്ന പുതിയ ടീമിന്റെ ഉദയം.
ബിസിനസുകാരനായ ഗയ് ക്രെസന്റ, എറ്റിനെ ഗയോറ്റ്, ഹെന്റി പാട്രെല്ലെ തുടങ്ങിയവാരായിരുന്നു അന്നു പിഎസ്ജിക്കു വേണ്ടി പണം മുടക്കിയിരുന്നത്. ഫ്രാന്‍സിലെ മുന്‍നിര ലീഗായ ലീഗ് വണ്ണില്‍ മല്‍സരിക്കാന്‍ ശേഷിയുള്ള ഒരു ക്ലബ്ബായി പിഎസ്ജിയെ മാറ്റിയെടുക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഗംഭീരമായിരുന്നു പിഎസ്ജിയുടെ തുടക്കം. ആദ്യ സീസണില്‍ തന്നെ ലീഗ് 2 കിരീടം സ്വന്തമാക്കിയ അവര്‍ ലീഗ് വണ്ണിലേക്കു പ്രൊമോഷന്‍ നേടുകയും ചെയ്തു.

രണ്ടായി പിരിഞ്ഞു
പിഎസ്ജിയുടെ ഈ പുതിയ തുടക്കത്തിന്റെ ആഹ്ലാദം പക്ഷെ അധികം നീണ്ടില്ല. ക്ലബ്ബിന്റെ പേര് പാരീസ് ഫുട്‌ബോള്‍ ക്ലബ്ബ് എന്നാക്കി മാറ്റിയില്ലെങ്കില്‍ സാമ്പത്തിക സഹായം പിന്‍വലിക്കുമെന്നു അവര്‍ക്കു ഭീഷണി വന്നു. പക്ഷെ മുന്‍ സ്റ്റെയ്ഡ് സെന്റ് ജര്‍മെയ്ന്‍ പ്രസിഡന്റും അപ്പോഴത്തെ പിഎസ്ജി വൈസ് പ്രസിഡന്റുമായ ഹെന്റി പട്രെല്ലെ ഇതില്‍ പ്രകോപിതനാവുകയും വിസമ്മതിക്കുകയുമായിരുന്നു.
ഒടുവില്‍ 1972 മേയില്‍ ക്ലബ്ബ് രണ്ടായി വീണ്ടും വേര്‍പിരിഞ്ഞു. പാരീസ് എഫ്‌സി ലീഗ് വണ്ണില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഉടമകളിലൊരാളായ ഗയ് ക്രെസെന്റ് പാരീസ് എഫ്‌സിക്കൊപ്പം ചേര്‍ന്നു. എന്നാല്‍ മറ്റൊരു ഉടമയായ പാട്രെല്ലെയാണ് പിഎസ്ജിയെ ഏറ്റെടുത്തത്. ടീമിലെ പ്രമുഖ താരങ്ങളെല്ലാം പാരീസ് എഫ്‌സിക്കൊപ്പം ചേര്‍ന്നു. ഇതോടെ പിഎസ്ജി മൂന്നാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെടുകയും ചെയ്തു.

പുതിയ തുടക്കം
പ്രധാനപ്പെട്ട കളിക്കാരെല്ലാം പാരീസ് എഫ്‌സിക്കൊപ്പം ചേര്‍ന്നതോടെ പിഎസ്ജിക്കു വീണ്ടും ഒന്നില്‍ നിന്നും തുടങ്ങേണ്ടിവന്നു. യുവതാരങ്ങളെ കണ്ടെത്തിയ പിഎസ്ജി മറ്റൊരു ടീമിനെ വാര്‍ത്തെടുത്തു. മൂന്നാം ഡിവിഷന്‍ ലീഗില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ അവര്‍ വൈകാതെ ലീഗ് രണ്ടിലേക്കു പ്രൊമോഷന്‍ നേടുകയും ചെയ്തു.
ആദ്യത്തെ മൂന്നു വര്‍ഷം പിഎസ്ജിയുടെ നടത്തിപ്പില്‍ ആരാധകരായിരുന്നു നിര്‍ണായക പങ്കുവഹിച്ചത്. അവരുടെ കൂടി സാമ്പത്തിക സഹായത്തിന്റെ പിന്‍ബലത്തിലായിരുന്നു ക്ലബ്ബ് മുന്നോട്ടുപോയത്. എന്നാല്‍ 1973ല്‍ രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് അവരെ ഏറ്റെടുത്തു. ക്ലബ്ബ് പ്രൊമോഷന്‍ നേടിയതിനു പിന്നാലെയായിരുന്നു ഇത്. ഡാനിയേല്‍ ഹെച്ചര്‍, ഫ്രാന്‍സിസ് ബൊറെല്ലി എന്നിവരുടെ കീഴിലായിരുന്നു ക്ലബ്ബ്.

ലീഗ് വണ്ണിലേക്ക്
1973 മുതല്‍ 1991 വരെ പിഎസ്ജിയെ സംബന്ധിച്ച് ഒരുപാട് വെല്ലുവിളികളും മറ്റും നേരിട്ട വര്‍ഷങ്ങളായിരുന്നു. നേട്ടങ്ങളോടൊപ്പം തിരിച്ചടികളും ഈ കാലയളവില്‍ അവരെ കാത്തിരുന്നു. 1974ല്‍ ആദ്യമായി പിഎസ്ജി ലീഗ് വണ്ണില്‍ കളിക്കാന്‍ യോഗ്യത നേടി. പാര്‍ക്ക് ഡി പ്രിന്‍സസെന്ന ഹോംഗ്രൗണ്ടിലേക്കു പിഎസ്ജി മാറുകയും ചെയ്തു. പക്ഷേ ഈ സമയത്തു പാരീസ് എഫ്‌സിയാവട്ടെ പതനത്തിന്റെ പാതയിലായിരുന്നു. അവര്‍ താഴേക്കു പതിച്ചുകൊണ്ടിരുന്നു.
സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നു ഉടമകളിലൊരാളായ ഹെച്ചഫിനു ഫുട്‌ബോളില്‍ നിന്നും ആജീവനാന്ത വിലക്ക് നേരിട്ടതോടെ 1978ല്‍ ബൊറെല്ലി പിഎസ്ജിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നു.

രാഷ്ട്രീയ ബന്ധങ്ങള്‍
1970 കളുടടെ അവസാനത്തില്‍ രാഷ്ട്രീയം പിഎസ്ജിയിലേക്കു കടന്നുകയറുന്നതാണ് കണ്ടത്. ഇതു ക്ലബ്ബിനെ ബാധിക്കുകയും ചെയ്തു. 1977ല്‍ ജാക്വസ് ഷിറാക്ക് പാരീസ് മേയറായതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കായി അദ്ദേഹം പിഎസ്ജിയെ ആയുധമാക്കിയെടുത്തു. ക്ലബ്ബിനു വേണ്ടി ഷിറാക്ക് സാമ്പത്തികസഹായവും വാഗ്ദാനം ചെയ്തു. തുടര്‍ന്നു പാര്‍ക്ക് ഡി പ്രിന്‍സസിലെ ഫോട്ടോ അവസരങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതാണ് കണ്ടത്.
പിഎസ്ജി പ്രസിഡന്റ് ബൊറെല്ലിയുമായി അടുത്ത ബന്ധമാണ് ഷിറാക്ക് പുലര്‍ത്തിയിരുന്നത്. ഇതു ക്ലബ്ബിന്റെ നടത്തിപ്പിനെയും ബാധിച്ചു. ബൊറെല്ലിയുടെ പല നയങ്ങളും ക്ലബ്ബിനെ ബാധിക്കുകയും ടീമിനെ ഇതു സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ ബൊറെല്ലിക്കു രാജിവയ്ക്കുകയായിരുന്നു.

രക്ഷകരായി ഫ്രഞ്ച് ചാനല്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പിഎസ്ജി കടന്നുപോകവെയാണ് 1991ല്‍ ഫ്രഞ്ച് ടിവി ചാനലായ കാനാല്‍ പ്ലസ് അവരുടെ രക്ഷകരായെത്തിയത്. ക്ലബ്ബിന്റെ 1.4 മില്ല്യണ്‍ യൂറോയോളം വരുന്ന കടത്തില്‍ നിന്നും അവരെ കൈപിടിച്ച് കയറ്റുകയും ചെയ്തു. കാനല്‍ പ്ലസുമായി കൈകോര്‍ത്തത് പിഎസ്ജിയെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുന്നതാണ് പിന്നീട് കണ്ടത്.
പിഎസ്ജിയുടെ മല്‍സരങ്ങള്‍ കാണുന്നതിനായി രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍, മറ്റു മേഖലകളിലെ പ്രമുഖര്‍ എന്നിവരെല്ലാം പാര്‍ക്ക് ഡി പ്രിന്‍സസിലേക്കു ഒഴുകിയെത്തി. 90 കളില്‍ ഫ്രഞ്ച് ഫുട്‌ബോളിലെ പുതിയ അതികായന്‍മാരെന്ന നിലയില്‍ പിഎസ്ജിയെ പലരും വിശേഷിപ്പിക്കാന്‍ തുടങ്ങി. 94ല്‍ ടീം ലീഗ് വണ്ണിലേക്കു പ്രൊമോഷന്‍ നേടി ഇതു ശരിവയ്ക്കുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവയില്‍ പിഎസ്ജി ചാംപ്യന്മാരായി. 1996ല്‍ യുവേഫയുടെ വിന്നേഴ്‌സ് കപ്പ് സ്വന്തമാക്കിയതോടെ പിഎസ്ജി യൂറോപ്പിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഈ 10 വര്‍ഷത്തിനിടെ ഒരു തവണ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലും രണ്ടു തവണ യുവേഫ കപ്പിന്റെ സെമി ഫൈനലിലും പിഎസ്ജി കളിച്ചു.

ഹൂളിഗനിസം
ഇതിനിടെയാണ് കളിക്കളത്തിലെ തെമ്മാടിക്കൂട്ടത്തിന്റെ പ്രവര്‍ത്തികള്‍ ഫ്രഞ്ച് ലീഗിലെ മല്‍സരങ്ങളുടെ നിറം കെടുത്തുന്നത്. പിഎസ്ജിയും പ്രധാന ശത്രുക്കളായ മാഴ്‌സെയില്‍ നിന്നുള്ള ക്ലബ്ബായ ഒളിംപിക് മാഴ്‌സെയും തമ്മിലുള്ള മല്‍സരങ്ങള്‍ക്കു പലപ്പോഴും യുദ്ധത്തിന്റെ പ്രതീതിയായിരുന്നു. ഇവര്‍ തമ്മിലുള്ള മല്‍സരങ്ങള്‍ക്കിടെ സ്‌റ്റേഡയത്തില്‍ വച്ചും പുറത്തു വച്ചും രണ്ടു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകളും അരങ്ങേറി. വയലന്‍സും വംശീയാധിക്ഷേപവുമെല്ലാാം ഈ മല്‍സരങ്ങളുടെ നിറംകെടുത്തി. 2006-10 വരെയുള്ള കാലയളവില്‍ രണ്ടു അക്രമസംഭവങ്ങളില്‍ രണ്ടു ആരാധകര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ചില വിഭാഗം ആരാധകരെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും അധികൃതര്‍ നിര്‍ബന്ധിതരായി.
തുടര്‍ച്ചയായ അക്രമസംഭവങ്ങള്‍ പിഎസ്ജിയുടെ പ്രതിച്ഛായക്കും മങ്ങലേല്‍പ്പിച്ചു. ഇതു അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. സാമ്പത്തികമായും ഇവ പിഎസ്ജിയെ തളര്‍ത്തി. ഇതോടെ കാനല്‍ പ്ലസ് ചാനലും അവരെ കൈവിടാന്‍ തീരുമാനിച്ചു. ഒരിക്കല്‍ക്കൂടി കടക്കെണിയിലായ പിഎസ്ജിയെ രക്ഷിക്കാന്‍ ഇതോടെ ഖത്തര്‍ ഗ്രൂപ്പെത്തുകയായിരുന്നു.

ഖത്തര്‍ ഗ്രൂപ്പിനു കീഴില്‍
2011 ജൂണിലാണ് ഖത്തര്‍ ഭരണാധികാരി പിഎസ്ജിയുടെ 70 ശതമാനം ഓഹരിയുമേറ്റെടുക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ (ക്യുഎസ്‌ഐ) തമീന്‍ ബിന്‍ ഹമാദ് അല്‍ താനിയാണ് പിഎസ്ജിയുടെ ഉടസ്ഥാവകാശമേറ്റെടുത്തത്. 2012ല്‍ ശേഷിച്ച 30 ശതമാനം ഓഹരി കൂടി വാങ്ങിയ അവര്‍ ക്ലബ്ബിന്റെ മുഴുവന്‍ അവകാശവും കൈക്കലാക്കുകയും ചെയ്തു. ഇതോടെയാണ് പിഎസ്ജി ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയത്.
ഓരോ സീസണിലും വമ്പന്‍ താരങ്ങളെ മോഹവില കൊടുത്ത് വാങ്ങിയ പിഎസ്ജി യൂറോപ്പിലെ മറ്റു ക്ലബ്ബുകള്‍ക്കെല്ലാം ഭീഷണിയായി മാറി. ഡേവിഡ് ബെക്കാം, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, തിയാഗോ സില്‍വ തുടങ്ങി ഇപ്പോള്‍ നെയ്മറിലും മെസ്സിയിലുമെല്ലാം എത്തിനില്‍ക്കുകയാണ് ഈ താരനിര.


Click it and Unblock the Notifications














