മോസ്‌കോ: ലോകകപ്പിനെത്തിയ ടീമുകളില്‍ ഏറ്റവും കുറഞ്ഞ റാങ്കുമായി കളിക്കളത്തിലിറങ്ങിയ റഷ്യ നിലവാരമുള്ള കളി പുറത്തെടുത്തപ്പോള്‍ സൗദി അറേബ്യ നാണംകെട്ടു. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലെ 5-0 എന്ന സ്‌കോറിന് റഷ്യ കടപ്പെട്ടിരിക്കുന്നത് ഇരട്ടഗോള്‍ നേടിയ ഡെനിസ് ദിമിത്രിയേവിച്ച് ഷെരിഷേവിനോടാണ്.

മാതൃരാജ്യത്തെക്കാള്‍ സ്‌പെയിനിനോടാണ് ഇഷ്ടമെന്ന് പറഞ്ഞയാളാണ് ഷെരിഷേവ്. ഇതേതുടര്‍ന്ന് റഷ്യയില്‍ ടീമില്‍ ഇടം പിടിക്കില്ലെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍, ടീമില്‍ ഇടം നേടുക മാത്രമല്ല, ആദ്യ മത്സരത്തില്‍തന്നെ ഇരട്ടഗോള്‍നേടി രാജ്യത്തിന്റെ സൂപ്പര്‍ഹീറോ ആവുകയും ചെയ്തു. പ്രസിഡന്റ് പുടിന് മുന്നിലായിരുന്ന ഷെരിഷേവിന്റെ ഹീറോയിസം എന്നതും ശ്രദ്ധേയമാണ്.
അച്ഛന്‍ ദിമിത്രിയ സ്പോര്‍ട്ടിങ് ഡി ഗിജോണ്‍ താരമായിരുന്നു. ക്ലബിന്റെ യൂത്ത് ടീമില്‍ കളിച്ചുകൊണ്ട് തുടങ്ങിയ താരം 2002ല്‍ റയല്‍ മാഡ്രിഡില്‍ എത്തിയതോടെ ശ്രദ്ധേയനായി. പിന്നീട് വലന്‍സിയയിലേക്ക് കൂടുമാറുകയും സ്‌പെയിന്‍ പൗരത്വം നേടുകയും ചെയ്തതോടെ ആ രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം തുറന്നു പറയുകയും ചെയ്തിരുന്നു.
2014 ലോകകപ്പും, 2016ലെ യൂറോ കപ്പും നഷ്ടമായ താരം 2018ലെ ലോകകപ്പില്‍ ഉയര്‍ത്തെഴുന്നേറ്റു. നാല്‍പത്തിമൂന്നാം മിനിറ്റില്‍ സൗദിയുടെ വല കുലുക്കിയശേഷം ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ രണ്ടാം ഗോളും നേടി പട്ടിക തികച്ചു. ഇതോടെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള കുതിപ്പ് തുടങ്ങിവെക്കാനും താരത്തിന് കഴിഞ്ഞു.