Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയുടെ ഒന്നാംസ്ഥാനം തെറിച്ചു, റയല്‍ ഇനി തലപ്പത്ത്... ലിവര്‍പൂളിനെ തളച്ച് എവര്‍ട്ടന്‍

മാഡ്രിഡ്/ ലണ്ടന്‍: സ്‌പെയിനിലെ ലാ ലിഗയില്‍ ചിരവൈരികളായ ബാഴ്‌സലോണയെ പിന്തള്ളി റയല്‍ മാഡ്രിഡ് തലപ്പത്തേക്കു കയറി. വെള്ളിയാഴ്ച നടന്ന കളിയില്‍ ബാഴ്‌സയെ സെവിയ്യ ഗോള്‍രഹിതമായി തളച്ചിരുന്നു. ഈ അവസരം മുതലെടുത്ത റയല്‍ ഞായറാഴ്ച നടന്ന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ച് ഒന്നാംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. ഈ മല്‍സരത്തിനു മുമ്പ് മൂന്നു പോയിന്റ് മാത്രമായിരുന്നു ഇരുടീമുകളെയും വേര്‍തിരിച്ചു നിര്‍ത്തിയത്. എന്നാല്‍ ജയം റയലിനെ ബാഴ്‌സയ്‌ക്കൊപ്പമെത്തിച്ചു. മികച്ച ഗോള്‍ശരാശരി അവരെ തലപ്പത്തേക്കു കയറാന്‍ സഹായിക്കുകയും ചെയ്തു. കൊവിഡിനെ തുടര്‍ന്നു നിര്‍ത്തി വച്ച ലീഗ് പുനരാരംഭിച്ച ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ് സോസിഡിനെതിരേ റയല്‍ സ്വന്തമാക്കിയത്.

1

സോസിഡാഡിനെതിരേ രണ്ടാം പകുതിയിലാണ് റയല്‍ രണ്ടു ഗോളുകളും നേടിയത്. 50ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസാണ് റയലിനെ മുന്നിലെത്തിച്ചത്. 70ാം മിനിറ്റില്‍ കരീം ബെന്‍സെമ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ഈ മല്‍സരത്തിലെ ഗോളോടെ ലാ ലിഗയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ഗോളുകള്‍ നേടിയ ഡിഫന്‍ഡറെന്ന റെക്കോര്‍ഡിന് റാമോസ് അര്‍ഹനായി. താരത്തിന്റെ 68ാം ഗോളായിരുന്നു ഇത്. റൊമാണാള്‍ഡ് കോമാനെയാണ് റാമോസ് പിന്നിലാക്കിയത്.

നിശ്ചിത സമയം തീരാന്‍ ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മൈക്കല്‍ മെറിനോ സോസിഡാഡിനു വേണ്ടി ഗോള്‍ മടക്കിയെങ്കിലും ഒരു ഗോള്‍ ലീഗ് നിലനിര്‍ത്തി റയല്‍ കളി വരുതിയിലാക്കി. ടീമിന്റെ ഗോള്‍സ്‌കോററായ റാമോസ് പിന്നീട് പരിക്കേറ്റ് പുറത്തായത് റയലിനെ ആശങ്കയിലാക്കിയിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെല്‍റ്റാ വിഗോ 6-0ന് അലാവസിനെയും വലന്‍സിയ 2-0ന് ഒസാസുനയെയും തോല്‍പ്പിച്ചു.

2

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട ഫേവറിറ്റുകളായ ലിവര്‍പൂളിന്റെ തിരിച്ചുവരവ് സമനിലയില്‍ കലാശിച്ചു. മൂന്നു മാസത്തെ ബ്രേക്കിനു ശേഷം കളത്തിലിറങ്ങിയ റെഡ്‌സിനെ എവര്‍ട്ടന്‍ ഗോള്‍രഹിതമായി തളയ്ക്കുകയായിരുന്നു. എങ്കിലും ഇത് അവരുടെ കിരീടപ്രതീക്ഷയ്ക്കു തിരിച്ചടിയായിട്ടില്ല. രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കുമേല്‍ 23 പോയിന്റിന്റെ ആധികാരിക ലീഡ് അവര്‍ക്കുണ്ട്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ചെല്‍സി 2-1ന് ആസ്റ്റന്‍വില്ലയെയും ന്യൂകാസില്‍ യുനൈറ്റഡ് 3-0ന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും തോല്‍പ്പിച്ചു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ചെല്‍സി ജയം കൊയ്തത്. ക്രിസ്റ്റിയന്‍ പുലിസിച്ചും ഒലിവര്‍ ജിറൂഡുമാണ് സ്‌കോറര്‍മാര്‍.

3

ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്‍ ജയത്തോടെ തന്നെ ഫുട്‌ബോളിലേക്കു മടങ്ങിയെത്തി. സംഡോറിയയെ അവര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കീഴടക്കിയത്. റൊമേലു ലുക്കാക്കുവും (10ാം മിനിറ്റ്) ലൊറ്റാറോ മാര്‍ട്ടിനസുമാണ് (33) സ്‌കോറര്‍മാര്‍. ഈ വിജയം നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ യുവന്റസുമായുള്ള അകലം ആറു പോയിന്റാക്കി കുറയ്ക്കാന്‍ ഇന്ററിനെ സഹായിച്ചു.

Story first published: Monday, June 22, 2020, 8:08 [IST]
Other articles published on Jun 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+