സ്പാനിഷ് ഫുട്‌ബോളിലെ കരുത്തന്മാരുടെ നിരയാണ് റയല്‍ മാഡ്രിഡ്. നിരവധി ഇതിഹാസ താരങ്ങള്‍ കളിച്ചിട്ടുള്ള റയല്‍ മാഡ്രിഡ് ഇപ്പോഴും താരസമ്പന്നമാണ്. നിരവധി യുവതാരങ്ങളെ റയല്‍ മാഡ്രിഡിനൊപ്പം ഇത്തവണയും കാണാനാവും. ഇത്തവണത്തെ ലാലിഗയില്‍ മികച്ച പ്രകടനം നടത്തുന്ന റയല്‍ മാഡ്രിഡ് ഇപ്പോഴിതാ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. വരുമാനത്തിന്റെ കാര്യത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണ് റയല്‍ സ്വന്തമാക്കിയിരിക്കുന്നത്.
1 ബില്യണ്‍ യൂറോയില്‍ അധികം ആസ്തി സൃഷ്ടിക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. അവസാന സീസണിലെ ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡാണ് ചാമ്പ്യന്മാരായത്. ഇത് റയല്‍ മാഡ്രിഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതില്‍ കരുത്തായിട്ടുണ്ട്. ഈ സീസണില്‍ ചിരവൈരികളായ ബാഴ്‌സലോണക്ക് മുന്നില്‍ ഒന്നിലധികം തവണ റയല്‍ മാഡ്രിഡ് മുട്ടുകുത്തിയിരുന്നു.
എന്നാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും റയല്‍ മാഡ്രിഡ് തലപ്പത്ത് തന്നെയാണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. 708 ദശലക്ഷം യൂറോയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആസ്തി. പെപ് ഗാര്‍ഡിയോളക്ക് കീഴില്‍ തകര്‍ത്ത് കളിക്കുന്ന സിറ്റി തുടര്‍ച്ചയായി നാല് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. യൂറോപ്യന്‍ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും അടുത്തിടെ ടീം നേടി. ഇത്തവണ പ്രീമിയര്‍ ലീഗിലെ ക്ലബ്ബിന്റെ പ്രകടനം അല്‍പ്പം പിന്നോട്ടാണ്.
എങ്കിലും ഇത്തവണയും സൂപ്പര്‍ താരനിരയോടെ വലിയ ആരാധക പിന്തുണയുള്ള ടീമായിത്തന്നെയാണ് സിറ്റി മുന്നോട്ട് പോകുന്നത്. പിഎസ്ജിയാണ് മൂന്നാം സ്ഥാനത്ത്. ഫ്രഞ്ച് ചാമ്പ്യന്മാരായുടെ ആകെ ആസ്തി 681 ദശലക്ഷം യൂറോയാണ്. നെയ്മറും മെസിയും ഒടുവില്‍ കെയ്‌ലിയന്‍ എംബാപ്പെയും ടീം വിട്ടത് പിഎസ്ജിയുടെ മൂല്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴും ഫ്രഞ്ച് ലീഗിലെ കരുത്തന്മാര്‍ പിഎസ്ജിയാണെന്ന് പറയാം. നാലാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചുവന്ന ചെകുത്താന്മാര്‍ക്ക് ഇപ്പോള്‍ പഴയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ 651 ദശലക്ഷം യൂറോയുടെ ആസ്തി നിലവില്‍ ക്ലബ്ബിനുണ്ട്. ഇപ്പോഴും വലിയൊരു വിഭാഗം ആരാധക പിന്തുണയുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അഞ്ചാം സ്ഥാനത്ത് ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കാണ്. 646 ദശലക്ഷം യൂറോയാണ് ബയേണിന്റെ ആകെ ആസ്തി. ജര്‍മന്‍ വമ്പന്മാരും വലിയ ആരാധക പിന്തുണയുള്ള ക്ലബ്ബാണ്. ഈ അഞ്ച് ക്ലബ്ബുകളാണ് ആസ്തിയുടെ കാര്യത്തില്‍ ടോപ് ഫൈവില്‍ നില്‍ക്കുന്നത്.