അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തറിന് തകര്‍പ്പന്‍ ജയം.
ഗ്രൂപ്പ് ഇയില്‍ ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ മുന്‍പന്തിയിലുള്ള
ലെബ്നാനെയാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട്
ഗോളുകള്‍ക്കായിരുന്നു 2022 ലോകകപ്പ് ആതിഥേയര്‍ കൂടിയായ ഖത്തറിന്റെ വിജയം.
ഏഷ്യന്‍ കപ്പ്: നീലക്കടുവകള്‍ വീണ്ടുമിറങ്ങുന്നു... ഇത്തവണ യുഎഇ, ലക്ഷ്യം രണ്ടാം ജയം
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു ഖത്തര്‍ എതിരില്ലാത്ത രണ്ട്
ഗോളുകള്‍ ലെബ്നാന് ഗോള്‍വലയില്‍ നിക്ഷേപിച്ചത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ
66ാം മിനിറ്റില്‍ ബാസ്സാം ഹിഷാമാണ് ഖത്തറിന്റെ ആദ്യ ഗോള്‍ നേടിയത്. 79ാം
മിനിറ്റില്‍ മെഷാല്‍ അബ്ദുല്ല ഖത്തറിന്റെ വിജയം ഉറപ്പാക്കി രണ്ടാം ഗോളും
നിറയൊഴിച്ചു.
മല്‍സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഖത്തര്‍ അര്‍ഹിച്ച വിജയം
കൂടിയായിരുന്നു ലെബ്നാനിനെതിരേയുള്ളത്. 70 ശതമാനം പന്ത് നിയന്ത്രിച്ച ഖത്തര്‍
അഞ്ച് ഷോട്ടുകളാണ് ഓണ്‍ ടാര്‍ജറ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചത്. എന്നാല്‍,
കളിയില്‍ സമ്പൂര്‍ണ്ണ പരാജയമായ ലെബ്നാനിന് ഒരു ഷോട്ട് മാത്രമാണ് ഓണ്‍
ടാര്‍ജറ്റിലേക്ക് തൊടുക്കാനായത്. നിലവില്‍ ഫിഫാ റാങ്കിങില്‍ ഖത്തര്‍ 93ാമതും
ലെബ്നാന് 81ാം സ്ഥാനത്തുമാണുള്ളത്.