ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണ്‍ ടീമുകള്‍ ജയിച്ചു കയറിയപ്പോള്‍ ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആഴ്സണലിനോടാണ് ചെല്‍സി തോറ്റത്. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍ പൂളിനോടും തോറ്റ ചെല്‍സിക്ക് ഇതോടെ അവസാന മൂന്നു മത്സരങ്ങളില്‍ നിന്നും 8 പോയന്റുകളാണ് നഷ്ടമായത്.
സ്വാന്‍സീ സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി(3-1) തോല്‍പ്പിച്ചത്. സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടു ഗോളുകളും റഹീം സ്റ്റര്‍ലിങ്ങിന്റെ ഗോളുമാണ് സിറ്റിക്ക് വിജയക്കുതിപ്പ് നല്‍കിയത്. ഫെര്‍ണാന്‍ണ്ടോ ലോറന്റ് സ്വാന്‍സിയുടെ ആശ്വാസഗോള്‍ നേടി. ഇതോടെ സീസണിലെ ആദ്യ ആറു മത്സരങ്ങളും ജയിച്ച സിറ്റിക്ക് 18 പോയന്റായി.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഹള്‍ സിറ്റിയെ 5-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ബോണിമൗത്ത് എവര്‍ട്ടനെയും (1-0), ടോട്ടന്‍ ഹാം മിഡില്‍സ്ബ്രോയെയും (2-1), ക്രിസ്റ്റല്‍ പാലസ് സണ്ടര്‍ലന്റിനെയും (3-2) തോല്‍പ്പിച്ചു. വെസ്റ്റ്ബ്രോംവിച്ച് സ്റ്റോക്ക് സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-1 എന്ന സ്‌കോറിന് നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്ററിനെ തോല്‍പ്പിച്ചിരുന്നു.