ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് പോര്‍ച്ചുഗീസ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫിഫയുടെ ലോകകപ്പ് ട്രോഫിയൊഴികെ ഒരു ഫുട്‌ബോളറെ സംബന്ധിച്ച് കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതെല്ലാം റോണോ കൈക്കലാക്കിയിട്ടുണ്ടെന്നു കാണാം. എന്നാല്‍ ഫുട്‌ബോളര്‍ ആയിരുന്നില്ലെങ്കില്‍ റൊണാള്‍ഡോ എന്തായിരിക്കും ചെയ്യുകയെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഓരോ ഫുട്‌ബോള്‍ പ്രേമിയും തലപുകയ്ക്കാന്‍ സാധ്യതയുള്ള ഈ ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് പോര്‍ച്ചുഗീസ് ടീമില്‍ റൊണാള്‍ഡോയുടെ സഹതാരങ്ങളും സൂപ്പര്‍ മിഡ്ഫീല്‍ഡര്‍മാരായ ബ്രൂണോ ഫെര്‍ണാണ്ടസും ബെര്‍നാര്‍ഡോ സില്‍വയും. യുവര്‍ ക്രിസ്റ്റ്യാനോയെന്ന റൊണാള്‍ഡോയുടെ ഔദ്യോദിക യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്.

ഫുട്‌ബോളറല്ലെങ്കില്‍ ആര്?
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഫുട്‌ബോളര്‍ ആയിരുന്നില്ലെങ്കില്‍ മറ്റേതു മേഖലയിലാവും കാണാന്‍ സാധിക്കുകയെന്നായിരുന്നു മാഞസ്റ്റര്‍ യുനൈറ്റഡ് മിഡ് ഫീല്‍ഡറായ ബ്രൂണോ ഫെര്‍ണാണ്ടസിനോടും മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍നാര്‍ഡോ സില്‍വയോടുമുള്ള ചോദ്യം.
ഇതിനോടു ആദ്യമായി പ്രതികരിച്ചത് സില്‍വയായിരുന്നു. ഫുട്‌ബോളിലേക്കു വന്നിരുന്നില്ലെങ്കില്‍ റൊണാള്‍ഡോ ചിലപ്പോള്‍ ഒരു ന്യൂട്രീഷ്യനായി മാറിയിട്ടുണ്ടാവും. ഈ തരത്തിലുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനു വലിയ ഇഷ്ടവുമാണ്.
നിങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ എതു തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നതടക്കം ഇതു പോലെയുള്ള കാര്യങ്ങളാണ് റൊണാള്‍ഡോ എല്ലായ്‌പ്പോഴും സംസാരിക്കാറിള്ളത്. കൂടാതെ ആരോഗ്യത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ ന്യൂട്രീഷ്യനിസ്റ്റായി റൊണാള്‍ഡോ കാണാന്‍ കഴിഞ്ഞേക്കുമെന്നും സില്‍വ അഭിപ്രായപ്പെട്ടു.
എന്നാല്‍ സില്‍വ പറഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറുപടിയാണ് ഫെര്‍ണാണ്ടസ് നല്‍കിയത്. എങ്കിലും ന്യൂട്രിഷ്യനിസ്റ്റുമായി മാറാനുള്ള സാധ്യതയും അദ്ദേഹം തള്ളിയില്ല. ഈയൊരു നിമിഷത്തില്‍ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഫുട്‌ബോളറായില്ലെങ്കില്‍ ചിലപ്പോള്‍ പാഡ്ല്‍ പ്ലെയറായി (ടെന്നീസിന് സമാനമായ ഗെയിം) അദ്ദേഹത്തെ കാണാനായേക്കും.

കാരണം റൊണാള്‍ഡോയ്ക്കു ഈ ഗെയിമിനോടു വലിയ താല്‍പ്പര്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അതിലേക്കു വന്നേക്കുകയും ചെയ്യും. ഒരു പാഡ്ല്‍ പ്ലെയറായിട്ടാവും റൊണാള്‍ഡോയെ നമ്മള്‍ കാണുക. ഇനി ഈ ഗെയിമിലേക്കു വന്നില്ലെങ്കില്‍ അദ്ദേഹം ന്യൂട്രീഷ്യനിസ്‌റ്റോ, മെന്റല്‍ കോച്ചാ ആയി മാറിയേക്കുമെന്നും ഫെര്‍ണാണ്ടസ് വിശദമാക്കി.
അതേസമയം, പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയും സില്‍വയും ഇതിനകം 73 മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ടീമിനൊപ്പം എട്ടു ഗോളുകൡ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫെര്‍ണാണ്ടസിനൊപ്പം ദേശീയ ടീമില്‍ 109 മല്‍സരങ്ങില്‍ റോണോ കളിച്ചു കഴിഞ്ഞു. ഒമ്പതു ഗോളുകളില്‍ പങ്കാളികളാവാനും ഇരുവര്‍ക്കുമായിട്ടുണ്ട്.