Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോകകപ്പ്: ഇവര്‍ക്ക് അവസാന ഊഴം... ഇനി കാണില്ല!! വിടവാങ്ങല്‍ ഗംഭീരമാക്കാന്‍ സൂപ്പര്‍ താരങ്ങള്‍

വിടവാങ്ങല്‍ ഗംഭീരമാക്കാന്‍ സൂപ്പര്‍ താരങ്ങള്‍ | OneIndia Malayalam

മോസ്‌കോ: കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തിന് റഷ്യയൊരുങ്ങി. ലോകം മുഴുവന്‍ ഒരു പന്തിനു പിറകെ പായാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പന്തിന്റെ താളം ഹൃദയസ്പന്ദനമാക്കിയ ഇതിഹാസ താരങ്ങള്‍ ഇനി റഷ്യയിലെ പുല്‍മൈതാനങ്ങളെ പുളകം കൊള്ളിക്കും. പല സൂപ്പര്‍ താരങ്ങള്‍ക്കും ഒരുപക്ഷെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കും റഷ്യയിലേത്.

ഈ ലോകകപ്പോടു കൂടി കരിയറിനു തിരശീലയിടാമെന്ന വിശ്വാസത്തോടെയാണ് പലരും റഷ്യയിലേക്കു വിമാനം കയറുന്നത്. ഇനിയൊരു ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാണാന്‍ അവസരം ലഭിക്കാത്ത പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 ഡിയേഗോ ഗോഡിന്‍ (ഉറുഗ്വേ)

ഡിയേഗോ ഗോഡിന്‍ (ഉറുഗ്വേ)

ഉറുഗ്വേ പ്രതിരോധക്കോട്ടയിലെ ഇളകാത്ത കരുത്തന്‍ ഡിയേഗോ ഗോഡിന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ലോകകപ്പ് കൂടിയണിത്. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളിലും ഗോഡിന്‍ ഉറുഗ്വേയുടെ ജഴ്‌സിയണിഞ്ഞിരുന്നു.
2005 മുതല്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ അദ്ദേഹം 116 മല്‍സരങ്ങളില്‍ രാജ്യത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2010ലെ ലോകകപ്പില്‍ ഉറുഗ്വേ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ഗോഡിന്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.
2014ലെ ബ്രസീല്‍ ലോകകപ്പില്‍ ഉറുഗ്വേയുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ ടീം പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു. ഉറുഗ്വേയ്്ക്കു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച രണ്ടാമത്തെ താരമായ ഗോഡിന്‍ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് അവിസ്മരണീയമാക്കാമെന്ന പ്രതീക്ഷയിലാണ്.

ടിം കാഹില്‍ (ഓസ്‌ട്രേലിയ)

ടിം കാഹില്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ടിം കാഹിലിനും ഇത് അവസാന ലോകകപ്പാണ്. 38 കാരനായ കാഹിലിനെ ലോകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ഇതിനകം പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ചൊന്നും കാഹില്‍ ആശങ്കപ്പെടുന്നില്ല. തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഗ്രൗണ്ടില്‍ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, പെറു എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ലോകകപ്പില്‍ ഓസീസിന്റെ സ്ഥാനം. ഗ്രൂപ്പിലെ കറുത്ത കുതിരകളാവാന്‍ ശേഷിയുള്ള ടീമാണ് സോക്കറൂസ്.
ബോക്‌സിനുള്ളില്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കുള്ള കാഹിലിന്റെ സാന്നിധ്യം ഓസീസ് ആക്രമണങ്ങളുടെ മൂര്‍ച്ച വര്‍ധിപ്പിക്കും. ഇതിനകെ ദേശീയ ടീമിനായി 105 മല്‍സരങ്ങളില്‍ കളിച്ച താരം 50 ഗോളുകള്‍ നേടിയിട്ടുണ്ട്.

പെപ്പെ (പോര്‍ച്ചുഗല്‍)

പെപ്പെ (പോര്‍ച്ചുഗല്‍)

നിലവിലെ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗീസ് ടീമിലെ മികച്ച താരങ്ങളിലൊരാളാണ് വെറ്ററന്‍ഡിഫന്‍ഡര്‍ പെപ്പെ. പറങ്കിപ്പടയുടെ പ്രതിരോധകോട്ട കാക്കാനുള്ള മുഖ്യ ചുമതല പെപ്പെയ്ക്കായിരിക്കും. മുന്‍ റയല്‍ മാഡ്രിഡ് ഡിഫന്‍ഡറുടെ അവസാന ലോകകപ്പ് കൂടിയായിരിക്കും റഷ്യയിലേത്.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ കന്നിക്കിരീടം നേടിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പെപ്പെയ്ക്കായിരുന്നു. സമാനമായ പ്രകടനം തന്നെയാണ് പെപ്പെയില്‍ നിന്നും ലോകകപ്പിലും പോര്‍ച്ചുഗല്‍ പ്രതീക്ഷിക്കുന്നത്. 35 കാരനായ താരം 91 മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളിച്ചിട്ടുണ്ട്.

 ജാവിയര്‍ മഷെറാനോ (അര്‍ജന്റീന)

ജാവിയര്‍ മഷെറാനോ (അര്‍ജന്റീന)

കന്നി ലോകകപ്പ് സ്വപ്‌നം കാണുന്ന അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇതു യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഒരു താരത്തിന്റെ മികച്ച പിന്തുണ കൂടിയേ തീരൂ. ബാഴ്‌സലോണയുടെ മുന്‍ ഡിഫന്‍ഡര്‍ കൂടിയായ ജാവിയര്‍ മഷെറാനോയാണ് അര്‍ജന്റീനയുടെ ഈ നിര്‍ണായക താരം. 33 കാരനായ മഷെറാനോ ഇനിയൊരു ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധ്യതയില്ല.
142 മല്‍സരങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞ മഷെറാനോ ഇപ്പോഴും പ്ലെയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമാണ്. മെസ്സി, അഗ്വേറോ, ഡി മരിയ തുടങ്ങി മികച്ച അറ്റാക്കര്‍മാര്‍ ഉള്ള അര്‍ജന്റീനയുടെ വീക്ക്‌നെസ് പ്രതിരോധത്തിലാണ്. ഈ കുറവ് നികത്താനുള്ള ചുമതല മഷെറാനോയ്ക്കും സംഘത്തിനുമാവും.

വിന്‍സെന്റ് കൊംപനി (ബെല്‍ജിയം)

വിന്‍സെന്റ് കൊംപനി (ബെല്‍ജിയം)

ഈ ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ ശേഷിയുള്ള ടീമാണ് യൂറോപ്പിലെ പുത്തന്‍ ശക്തികളായ ബെല്‍ജിയം. യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്കായി മിന്നുന്ന പ്രകടനം നടത്തുന്ന ഒരുപിടി താരങ്ങള്‍ ബെല്‍ജിയം ടീമിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമായ വിന്‍സെന്റ് കൊംപനി ബെല്‍ജിയം ജഴ്‌സിയില്‍ ഇറങ്ങുന്ന അവസാന ലോകകപ്പ് കൂടിയാണിത്.
സിറ്റിക്കൊപ്പം ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടവിജയത്തില്‍ പങ്കാളിയായതിന്റെ ആവേശത്തിലാണ് 32 കാരനായ കൊംപനി ലോകകപ്പിനെത്തുന്നത്.

ഗോണ്‍സാലോ ഹിഗ്വയ്ന്‍ (അര്‍ജന്റീന)

ഗോണ്‍സാലോ ഹിഗ്വയ്ന്‍ (അര്‍ജന്റീന)

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി ഗോളുകള്‍ അടിച്ചുകൂട്ടിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌നിനും കരിയറിലെ അവസാന ലോകകപ്പായിരിക്കും റഷ്യയിലേത്. ക്ലബ്ബിനായി നടത്തുന്ന പ്രകടനം ദേശീയ ടീമിനു വേണ്ടി പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം നേരിടുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
ഇതുവരെ 70 മല്‍സരങ്ങള്‍ അര്‍ജന്റീനയ്ക്കു വേണ്ടി കളിച്ച ഹിഗ്വയ്ന്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്.മെസ്സിയുടെയും അഗ്വേറോയുടെയും സാന്നിധ്യത്തില്‍ ഹിഗ്വയ്‌ന് ലോകകപ്പില്‍ എത്ര മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.

 ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)

ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)

റയല്‍ മാഡ്രിഡിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യക്കു വേണ്ടിയാണ് ലോകകപ്പില്‍ ഇറങ്ങുക. 1998ലെ ലോകകപ്പിലൂടെ അരങ്ങേറിയ ശേഷം ഒരു തവണ മാത്രമാണ് ക്രൊയേഷ്യക്കു ലോകകപ്പില്‍ യോഗ്യത നേടാന്‍ സാധിക്കാതിരുന്നത്. 2010ലായിരുന്നു ഇത്.
2006, 14 ലോകകപ്പുകളില്‍ ക്രൊയേഷ്യക്കായി കളിച്ചിട്ടുള്ള മോഡ്രിച്ചിനും ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടായിരിക്കില്ല. ദേശീയ ടീമിനു വേണ്ടി 104 മല്‍സരങ്ങളില്‍ കളിച്ച 32 കാരന്‍ എട്ടു ഗോളുകളും നേടിയിട്ടുണ്ട്.
ഡിഫന്‍സിലും മോഡ്രിച്ചിനു ശ്രദ്ധിക്കേണ്ടിവരും. ടാക്ലിങില്‍ അഗ്രഗണ്യനായ താരം പാസുകളുടെ കാര്യത്തിലും കണിശത പുലര്‍ത്താറുണ്ട്.

തിയാഗോ സില്‍വ (ബ്രസീല്‍)

തിയാഗോ സില്‍വ (ബ്രസീല്‍)

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ ക്യാപ്റ്റനായിരുന്ന ഡിഫന്‍ഡര്‍ തിയാഗോ സില്‍വയ്ക്കും ഇത് അവസാന ടൂര്‍ണമെന്റായിരിക്കും. നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ മഞ്ഞപ്പട ജര്‍മനിയോട് 7-1ന് നാണംകെട്ട കളിയില്‍ പരിക്കു മൂലം സില്‍വ കളിച്ചിരുന്നില്ല. മുന്നില്‍ നിന്നു നയിക്കാനുള്ള ശേഷിയുള്ള സില്‍വയുടെ അഭാവത്തില്‍ ബ്രസീല്‍ പ്രതിരോധം ഛിന്നഭിന്നമാവുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പ് ടീമില്‍ നിന്നും ഇത്തവണത്തെ റഷ്യന്‍ ലോകകപ്പ് സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആറു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സില്‍വ. 33 കാരനായ താരം 68 മല്‍സരങ്ങളില്‍ മഞ്ഞക്കുപ്പായമണിഞ്ഞു. ഇനിയൊരു ലോകകപ്പില്‍ ബ്രസീല്‍ ജഴ്‌സിയില്‍ സില്‍വയെ കാണാന്‍ ആരാധകര്‍ക്കാവില്ല.

ആന്ദ്രെസ് ഇനിയേസ്റ്റ (സ്‌പെയിന്‍)

ആന്ദ്രെസ് ഇനിയേസ്റ്റ (സ്‌പെയിന്‍)

പാസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് മിഡ്ഫീല്‍ഡ് ഇതിഹാസം ആന്ദ്രെസ് ഇനിയേസ്റ്റയ്ക്കും അവസാന ലോകകപ്പാണിത്. തന്റെ ബാല്യകാല ക്ലബ്ബായ ബാഴ്‌സലോണ അടുത്തിടെ വിട്ട ഇനിയേസ്റ്റ ലോകകപ്പിലൂടെ ദേശീയ ടീമിനോടും ഗുഡ്‌ബൈ പറയാനൊരുങ്ങുകയാണ്.
ലോകകിരീടം തിരിച്ചുപിടിക്കുകയെന്ന സ്‌പെയിനിന്റെ മോഹം പൂവണിയണമെങ്കില്‍ മറ്റാരേക്കാളും കൂടുതല്‍ ഇനിയേസ്റ്റ തന്നെ മുന്‍കൈയെടുക്കണം. ഇതുവരെ 125 മല്‍സരങ്ങളില്‍ സ്‌പെയിനിനു വേണ്ടി കളിച്ച അദ്ദേഹം 13 ഗോളുകളും നേടിയിട്ടുണ്ട്.

സെര്‍ജിയോ റാമോസ് (സ്‌പെയിന്‍)

സെര്‍ജിയോ റാമോസ് (സ്‌പെയിന്‍)

ഇനിയേസ്റ്റ സ്പാനിഷ് മധ്യനിരയിലെ മിന്നല്‍പ്പിണരാണെങ്കില്‍ പ്രതിരോധത്തിലെ രാജാവ് സെര്‍ജിയോ റാമോസാണ്. റയല്‍ മാഡ്രിഡിന്റെ ഈ സ്റ്റാര്‍ ഡിഫന്‍ഡറുടെയും കരിയറിലെ അവസാന ലോകകപ്പായിരിക്കും റഷ്യയിലേത്.
മൂന്നു ലോകകപ്പുകളില്‍ സ്‌പെയിനിന്റെ പ്രതിരോധം കാത്ത റാമോസിന് 2010ല്‍ കിരീടത്തില്‍ മുത്തമിടാനും ഭാഗ്യം ലഭിച്ചു. 2008, 12 വര്‍ഷങ്ങളില്‍ സ്‌പെയിന്‍ യൂറോ കപ്പ് ഉയര്‍ത്തിയപ്പോഴും റാമോസ് സംഘത്തിലുണ്ടായിരുന്നു. മൈക്കല്‍ സല്‍ഗാഡോയുടെ വിരമിക്കലിനു ശേഷം സ്‌പെയിന്റെ ഫസ്റ്റ് ചോയ്‌സ് സെന്റര്‍ബാക്ക് റാമോസ് തന്നെയാണ്.

Story first published: Monday, May 21, 2018, 13:11 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+