ബാലണ്‍ ഡിയോര്‍: ഇത്തവണ പുതിയ ജേതാവ്? റൊണാള്‍ഡോ നേടില്ല!! തടയാനൊരുങ്ങി ഇവര്‍...
പാരീസ്: കാല്‍പ്പന്തുകളിയിലെ രാജാവിനുള്ള ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇത്തവണ ആര്‍ക്കു ലഭിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കഴിഞ്ഞ തവണത്തെ ജേതാവായ യുവന്റസിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു തന്നെയാണ് ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ പോരായ്മയാണ്.
റൊണാള്‍ഡോയെ മറികടന്ന് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം മറ്റൊരു താരം നേടിയാലും അദ്ഭുതപ്പെടാനില്ല. അവാര്‍ഡ് നേടാന്‍ സാധ്യതയുള്ള മറ്റു ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

അന്റോണി ഗ്രീസ്മാന്‍
ഫ്രഞ്ച് സ്‌ട്രൈക്കറും അത്‌ലറ്റികോ മാഡ്രിഡിന്റെ കുന്തമുനയുമായ അന്റോണിയോ ഗ്രീസ്മാന്‍ ഇത്തവണ റൊണാള്‍ഡോയ്ക്ക് ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള താരമാണ്. ക്ലബ്ബിനായും രാജ്യത്തിനായും മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
അത്‌ലറ്റികോയെ യൂറോപ്പ ലീഗിലും യുവേഫ സൂപ്പര്‍ കപ്പിലും ജേതാക്കളാക്കുന്നതില്‍ ചുക്കാന്‍ പിടിച്ച ഗ്രീസ്മാന്‍ വിവിധ ടൂര്‍ണമെന്റുകളിലായി 29 ഗോളുകള്‍ നേടുകയും 15 ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കുകയും ചെയ്തു. റഷ്യയില്‍ നടന്ന ലോകകപ്പിലും ടീമിനെ വിജയികളാക്കുന്നതില്‍ ഗ്രീസ്മാന്‍ നിര്‍ണായക പങ്കുവഹിച്ചു.

കിലിയന്‍ എംബാപ്പെ
റഷ്യന്‍ ലോകകപ്പിലൂടെ കാല്‍പ്പന്തുകളിയിലെ പുതിയ സെന്‍സേഷനായി മാറിയ യുവതാരമാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും താരം തിളങ്ങി. കഴിഞ്ഞ സീസണില്‍ 21 ഗോളുകള്‍ നേടിയ എംബാപ്പെ 15 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ ലോകകപ്പിലാണ് എംബാപ്പെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത്.
മിന്നല്‍ വേഗം കൊണ്ടും അസാധാരണ ഷൂട്ടിങ് പാടവം കൊണ്ടും റഷ്യയിലെ താരോദയമായി 19 കാരന്‍ മാറുകയായിരുന്നു. ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും എംബാപ്പെയ്ക്കായിരുന്നു.

മുഹമ്മദ് സലാ
ലിവര്‍പൂളിലെത്തിയതോടെ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരമായി മാറിയ കളിക്കാരനാണ് ഈജിപ്തിന്റെ മുഹമ്മദ് സലാ. ലിവര്‍പൂളിനൊപ്പം കന്നി സീസണില്‍ തന്നെ അവിശ്വസനീയ പ്രകടനമാണ് താരം കാഴ്ചവച്ചത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെയെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് സലായായിരുന്നു.
വിവിധ ടൂര്‍ണമെന്റുകളിലായി 43 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ താരം അടിച്ചുകൂട്ടിയത്. കൂടാതെ 16 ഗോളുകള്‍ക്കു അസിസ്റ്റ് നല്‍കാനും സലായ്ക്കു സാധിച്ചു. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ സലാ പരിക്കേറ്റു പുറത്തായതാണ് ലിവര്‍പൂളിന് മേല്‍ ആധിപത്യം സ്ഥാപിച്ച് കിരീടം സ്വന്തമാക്കാന്‍ റയലിനെ സഹായിച്ചത്.

ലൂക്കാ മോഡ്രിച്ച്
ക്രൊയേഷ്യയുടെ ഇതിഹാസ താരങ്ങളിലൊരാളായി മാറിയ ലൂക്കാ മോഡ്രിച്ചും ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുണ്ടാവും. കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ റയലിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. കൂടാതെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതിലും മോഡ്രിച്ച് ചുക്കാന്‍ പിടിച്ചു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ ദിവസം യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും കൈക്കലാക്കിയ മോഡ്രിച്ച് റൊണാള്‍ഡോയ്ക്ക് കനത്ത വെല്ലുവിളി തന്നെയാവും.

ലയണല്‍ മെസ്സി
ആധുനിക ഫുട്‌ബോളില്‍ ഏറ്റവും കേമനാരെന്ന കാര്യത്തില്‍ റൊണാള്‍ഡോയുടെ മുഖ്യ എതിരാളിയായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ 10 വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം പരിശോധിച്ചാല്‍ റൊണാള്‍ഡോയും മെസ്സിയും അഞ്ചെണ്ണം വീതം പങ്കിടുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് മെസ്സി കാഴ്ചവച്ചത്. 44 ഗോളുകള്‍ നേടിയ അദ്ദേഹം 18 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു. ബാഴ്‌സയെ സ്പാനിഷ് ലീഗിലും കിങ്‌സ് കപ്പിലും ജേതാക്കളാക്കാനും മെസ്സിക്കു സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications