കസാന്‍: ലോകകപ്പ് മത്സരം കാണാനെത്തിയ സെനഗല്‍ ആരാധകര്‍ ഗ്യാലറി വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി മറ്റൊരു ദൃശ്യം കൂടി പ്രചരിക്കുന്നത്. ഇറാനും സ്‌പെയിനും തമ്മില്‍ നടന്ന മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിന്നും ഒരു ചെറിയ കിളിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. ജെറാര്‍ഡ് പിക്വെയും, ഇസ്‌കോയുമാണ് കളത്തിലിറങ്ങിയ ഇത്തിരിക്കുഞ്ഞനെ രക്ഷപ്പെടുത്തിയത്.

മത്സരം നടക്കുമ്പോള്‍ കളിക്കാര്‍ക്കിടയില്‍ ഈ കിളികള്‍ പെട്ടാല്‍ ചവിട്ടി അരയ്ക്കപ്പെടും. ഇത് മനസ്സിലാക്കിയാണ് ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന കിളിയെ ജെറാര്‍ഡ് പിക്വെ ആദ്യം എടുത്ത് പുറത്തേക്ക് എത്തിച്ചത്. 100-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സൂപ്പര്‍താരമാണ് തന്നെ എടുത്ത് മാറ്റിയതെന്നൊന്നും മനസ്സിലാകാത്ത കിളി തന്റെ കുട്ടിക്കളി നിര്‍ത്തിയില്ല. വീണ്ടും ഗ്രൗണ്ടിലെത്തി. ഇക്കുറി സ്‌പെയിന്‍ താരം ഇസ്‌കോയാണ് കിളിയെ ഗ്രൗണ്ടിന് അരികിലേക്ക് നീക്കിയത്.
സൂപ്പര്‍താരങ്ങള്‍ കിളിയെ കൈയിലെടുത്ത് ശ്രദ്ധയോടെ പുറത്തേക്ക് നീക്കുന്ന ദൃശ്യങ്ങള്‍ ചാനല്‍ ക്യാമറകള്‍ ഒപ്പിയെടുത്തതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തു. സ്പാനിഷ് താരങ്ങളുടെ മനസ്സ് തനിത്തങ്കമാണെന്ന് വരെ ആളുകള്‍ പുകഴ്ത്തുന്നു. എന്തായാലും മത്സരത്തില്‍ ഡീഗോ കോസ്റ്റയുടെ ഏക ഗോളിനാണ് സ്‌പെയിന്‍ ഇറാനെതിരെ വിജയം കരസ്ഥമാക്കിയത്.
ഗ്രൂപ്പ് ബി'യില്‍ ഇതോടെ ചിരവൈരികളായ പോര്‍ച്ചുഗലും, സ്‌പെയിനും തുല്യപോയിന്റ് നിലയിലെത്തി. അടുത്ത റൗണ്ട് കാണാതെ പുറത്തായ മൊറോക്കോയ്‌ക്കെതിരെയാണ് സ്‌പെയിന്റെ അടുത്ത മത്സരം. പോര്‍ച്ചുഗലിന് എതിരെ അടുത്ത മത്സരം വിജയിച്ചാല്‍ ഇറാനും പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇറാന്‍ ശക്തമായ ടീമാണെന്ന് സ്പാനിഷ് കോച്ച് ഫെര്‍ണാണ്ടോ ഹീരോ പറഞ്ഞു. മത്സരത്തില്‍ പോയിന്റ് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായും അദ്ദേഹം വ്യക്തമാക്കി.