ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കളിക്കുന്ന ടീമാണ് ഇന്റര്‍ മയാമി. മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം ഉടമസ്ഥനായിട്ടുള്ള ക്ലബ്ബ് ഇതിനോടകം സൂപ്പര്‍ താരങ്ങളാല്‍ ശ്രദ്ധേയമാണ്. അമേരിക്കന്‍ ക്ലബ്ബിലേക്ക് മെസിയെ കൊണ്ടുവന്നതോടെ ടീമിന്റെ നിലവാരം തന്നെ മാറിയെന്ന് പറയാം. ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്ന ടീമായി മയാമി മാറിയിട്ടുണ്ട്. പല സീനിയര്‍ താരങ്ങളേയും ടീമിലേക്കെത്തിച്ച് ആരാധകരുടെ വികാരത്തോടൊപ്പം നില്‍ക്കാന്‍ ഉടമസ്ഥനെന്ന നിലയില്‍ ബെക്കാമിന് സാധിച്ചിട്ടുണ്ട്.
സമീപകാലത്തായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മയാമിയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദി ക്ലബ്ബിനായി കളിക്കുന്ന നെയ്മര്‍ തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന താരമാണ്. അതുകൊണ്ടുതന്നെ നെയ്മറിനെ സൗദി ക്ലബ്ബ് ഒഴിവാക്കുകയാണെന്നും നെയ്മറിനെ മയാമിയിലേക്ക് എത്തിക്കാന്‍ മെസി ഇടപെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ നെയ്മറെയല്ല ടീം നോട്ടമിടുന്നത് മറ്റൊരാളെയാണെന്ന് ബെക്കാം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
റോഡ്രിഗസിനെ നോട്ടമിടുന്നു
ഇന്റര്‍മയാമി നോട്ടമിടുന്നത് നെയ്മറിനെയല്ലെന്നും അത് മുന്‍ റയല്‍ മാഡ്രിഡ് താരം ഹാമേഷ് റോഡ്രിഗസിനെയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ബെക്കാം പറഞ്ഞുവെന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2025ന്റെ തുടക്കം തന്നെ ഈ കൈമാറ്റം നടന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 33കാരനായ റോഡ്രിഗസ് ഈ സീസണില്‍ വെറും ആറ് മത്സരമാണ് കളിച്ചത്. കൊളംബിയന്‍ സൂപ്പര്‍ താരം സ്പാനിഷ് ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
അങ്ങനെ വന്നാല്‍ റായോ വല്ലിക്കാനോവിട്ട് റോഡ്രിഗസ് ഇന്റര്‍ മയാമിയിലേക്ക് എത്താനാണ് സാധ്യത കൂടുതല്‍. മെസിയും റോഡ്രിഗസും ഒന്നിച്ച് കളിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ഈ കൂടുമാറ്റത്തിനായുള്ള സാധ്യത കൂടുതലാണെന്നതാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെയ്മറിന്റെ പരിക്കാണ് പ്രശ്‌നം
ബാഴ്‌സലോണയിലെ സൂപ്പര്‍ കൂട്ടുകെട്ടായിരുന്നു മെസി, സുവാരസ്, നെയ്മര്‍. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ ആരാധകരും. എന്നാല്‍ നെയ്മറിനെ കൊണ്ടുവരാന്‍ ഇന്റര്‍ മയാമി മടിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ പരിക്കാണ്. നെയ്മര്‍ ഒരു വര്‍ഷത്തോളം പരിക്കേറ്റ് പുറത്തിരുന്ന ശേഷം കഴിഞ്ഞിടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ ഈ മത്സരത്തില്‍ത്തന്നെ പരിക്കേറ്റ് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നിരുന്നു.
അതുകൊണ്ടാണ് നെയ്മറിനെ കൊണ്ടുവരാന്‍ ഇന്റര്‍ മയാമി വലിയ താല്‍പര്യം കാട്ടാത്തത്. റോഡ്രിഗസിന്റെ വരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് ബെക്കാമിന്റെ പ്രതീക്ഷ. പോര്‍ട്ടോ, മൊണാക്കോ, റയല്‍ മാഡ്രിഡ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള റോഡ്രിഗസ് മയാമിക്കൊപ്പം മികച്ച കരിയര്‍ തന്നെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.