ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊളളിച്ച യൂറോ കപ്പും കോപ്പാ അമേരിക്കയുമെല്ലാം സമ്മാനിച്ച ശേഷം 2024 എന്ന വര്‍ഷം 'കളംവിടാന്‍' തയ്യാറെടുക്കുകയാണ്. കാല്‍പന്തു കളി ആരാധകരെ സംബന്ധിച്ച് ഒരുപാട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനിന്ന ഒരു വര്‍ഷം തന്നെയായിരുന്നു ഇത്. ലാറ്റിനമേിക്കന്‍ സിംഹാസനത്തിനു വേണ്ടിയുള്ള കോപ്പ 'യുദ്ധം' അര്‍ജന്റീന ജയിച്ചു കയറിയപ്പോള്‍ യൂറോപ്യന്‍ രാജാക്കന്‍മാര്‍ക്കു വേണ്ടിയുള്ള അങ്കം ജയിച്ചത് സ്‌പെയിനായിരുന്നു.
വ്യത്യസ്ത കുപ്പായങ്ങളില്‍, വ്യത്യസ്ത രാജ്യങ്ങളില്‍ നിരവധി താരങ്ങളുടെ ഗോള്‍വേട്ടയ്ക്കും ഈ വര്‍ഷം ഫുട്‌ബോള്‍ ലോകം സാക്ഷിയായി. 2024ല്‍ ഏറ്റവുമധികം ഗോളുകള്‍ വാരിക്കൂട്ടിയ അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

വിക്ടര്‍ ഗ്യോക്കെറസ് (49 ഗോള്‍)
പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിനായി കളിക്കുന്ന സ്വീഡിഷ് സ്‌ട്രൈക്കര്‍ വിക്ടര്‍ ഗ്യോക്കെറസാണ് ഈ വര്‍ഷം ഏറ്റവുമധികം ഗോളുകള്‍ വാരിക്കൂട്ടിയത്. 49 ഗോളുകളുമായി അദ്ദേഹം ഈ ലിസ്റ്റില്‍ ഏറെ മുന്നിലാണ്. ഇതേ തുടര്‍ന്ന് ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെല്ലാം താരത്തെ നോട്ടമിടുകയും ചെയ്തിട്ടുണ്ട്.
ഹാരി കെയ്ന്‍ (39 ഗോള്‍)
ഇംഗ്ലണ്ടിന്റെ ഗോളടി വീരനും ബയേണ്‍ മ്യൂണിക്ക് സ്‌ട്രൈക്കറുമായ ഹാരി കെയ്‌നാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ഇതിനകം 39 ഗോളുകള്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കന്നി സീസണില്‍ തന്നെ ഏറ്റവുമധികം ഗോളുകളടിച്ച താരമെന്ന റെക്കോര്‍ഡ് അദ്ദേഹം നേരത്തേ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി (39 ഗോള്‍)
പോളണ്ടിന്റെയും ബാഴ്‌സലോണയുടെയും സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ലിസ്റ്റിലെ മൂന്നാമന്‍. 39 ഗോളുകളുമായി ഹാരി കെയ്‌നിനൊപ്പം തന്നെ നില്‍ക്കുകയാണ് അദ്ദേഹം. 35ാം വയസ്സിലും തന്റെ ഗോളടിമികവിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു ബാഴ്സസയില്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് ലെവന്‍ഡോസ്‌കി.
എര്‍ലിങ് ഹാളണ്ട് (36 ഗോള്‍)
ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീനും ഫിന്‍ലാന്‍ഡ് താരവുമായ എര്‍ലിങ് ഹാളണ്ടാണ് ഈ ലിസ്റ്റിലെ നാലാമന്‍. 36 ഗോളുകളാണ് അദ്ദേഹം ഈ വര്‍ഷം ഇതിനകം നേടിയിട്ടുള്ളത്.
സിറ്റിയെ പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഹാളണ്ട് 2024-25ലെ സീസണിലും നന്നായിട്ടു തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ അഞ്ചു കളിയില്‍ നിന്നും രണ്ടു ഹാട്രിക്കുകളടക്കം താരം അടിച്ചെടുത്തത് 10 ഗോളുകളായിരുന്നു.
ജൊനാതന്‍ ഡേവിഡ് (34 ഗോള്‍)
ഈ വര്‍ഷത്തെ ഗോള്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത് ഫ്രഞ്ച് ക്ലബ്ബായ ലില്ലെയുടെ സ്‌ട്രൈക്കറും കാനഡ താരവുമായ ജൊനാതന്‍ ഡേവിഡാണ്. 34 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ഫ്രഞ്ച് കപ്പില്‍ ലില്ലെയ്ക്കായി ഹാട്രിക്കടിച്ചു കൊണ്ടാണ് താരം ഈ വര്‍ഷം തുടങ്ങിയത്. ഇതിനു ശേഷം കളിച്ച മല്‍സരങ്ങളിലും ഡേവിഡ് തന്റെ ഗോള്‍ സ്‌കോറിങ് ഫോം തുടരുകയും ചെയ്തു.