സാവോ പോളോ: ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ലോകം കാത്തിരുന്ന മത്സരം. ആതിഥേയരായ ബ്രസീല്‍ ക്രൊയേഷ്യക്കെതിരെ ബൂട്ടണിയുന്നു. കളിയില്‍ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. പക്ഷേ ബ്രസീലും മഞ്ഞപ്പടയുടെ ആരാധകരും ആ നിമിഷങ്ങളെ വെറുക്കുന്നുണ്ടാകും....
11-ാം മിനിട്ടിലെ സെല്‍ഫ് ഗോളിനേക്കാള്‍ ബ്രസീലിനെ വലക്കുന്നത് നെയ്മറിന് കിട്ടിയ ആ മഞ്ഞക്കാര്‍ഡ് ആയിരുന്നു. ഓരോ ബ്രസീല്‍ ആരാധകനും അറിയാതെ ചോദിച്ചുപോകും... എന്തിനായിരുന്നു നെയ്മര്‍ ആ ഫൗള്‍...?

സെല്‍ഫ് ഗോളിന്റെ ദു:ഖത്തിലായിരുന്നു നെയ്മര്‍ സമ്മതിക്കാം. പക്ഷേ ഗോള്‍ മടക്കാനുള്ള ആവേശത്തില്‍ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിക്കിനെ ഫൗള്‍ ചെയ്യേണ്ടിയിരുന്നോ... വായുവില്‍ ഉയര്‍ന്ന് ചാടി, പന്തിനായി മത്സരിക്കുമ്പോള്‍ കൈമുട്ടുകൊണ്ട് മോഡ്രിക്കിന്റെ മുഖത്ത് കുത്തിയത് തീരെ ശരിയായില്ല. ഫൗളിന് തൊട്ടുമുമ്പ് മോഡ്രിക്കിനെ നോക്കുന്ന നെയ്മറിനെ റീപ്ലേ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കളിക്കിടെ പറ്റിയ ഒരു പിഴവായിരുന്നില്ല അതെന്ന് ആരാധകരെ സംശയിപ്പിക്കുന്നതും അതുകൊണ്ട് തന്നെ.
ലോകകപ്പില്‍ ബ്രസീലിന്റെ തുറുപ്പ് ചീട്ടാണ് നെയ്മര്‍. ആക്രമണത്തിന്റെ കുന്തമുന. ആദ്യമത്സരത്തില്‍ തന്നെ കാണാമായിരുന്നു ടീമിന് വേണ്ടിയുള്ള നെയ്മറിന്റെ കത്തിജ്ജ്വലിക്കുന്ന പ്രകടനം. എന്നിട്ടും ഇത്തവണത്തെ ലോകകപ്പിലെ ആദ്യ മഞ്ഞക്കാര്‍ഡിന്റെ ഉടമ നെയ്മര്‍ തന്നെയായി .
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ബ്രസീല്‍ സ്വപ്‌നം കാണുന്നില്ല. എന്നാല്‍ ആ യാത്രയില്‍ നെയ്മറില്ലാതെ പറ്റില്ല. ഇനി ഒരു മഞ്ഞക്കാര്‍ഡ് കൂടി കിട്ടിയാല്‍ നെയ്മറിന്റെ കാര്യത്തില്‍ തീരുമാനമാകും.