ക്ലാസിക്കില്‍ മെസ്സിയുടെ അഭാവം, ബ്രസീലിന് ആശ്വാസമോ? നെയ്മര്‍ പറഞ്ഞത് ഇങ്ങനെ...
ജിദ്ദ: ലോക ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന ത്രില്ലറിനു വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം ഇന്നു രാത്രി 11.20നാണ് പോരാട്ടത്തിനു വിസില്‍ മുഴങ്ങുന്നത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മറുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് ബ്രസീല്‍ അണിനിരത്തുന്നതെങ്കില്‍ അര്‍ജന്റീന ടീമില്‍ വന്‍ താരങ്ങളൊന്നുമില്ല. പുതുമുഖങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് താല്‍ക്കാലിക കോച്ച് ലയണല്‍ സ്‌കലോനി ഇറക്കുന്നത്.
ക്യാപ്റ്റനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയുടെ അഭാവം ലാറ്റിന്‍ ക്ലാസിക്കിന്റെ ഗ്ലാമര്‍ കുറച്ചിട്ടുണ്ട്.ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ് മെസ്സി.

ആശ്വാസമെന്നു നെയ്മര്‍
തന്റെ അടുത്ത സുഹൃത്തും മുന്‍ ടീമംഗവുമായ മെസ്സിക്കെതിരേ കളിക്കേണ്ട എന്നതില്‍ ആശ്വാസമുണ്ടെന്നാണ് നെയ്മര്‍ പ്രതികരിച്ചത്. ബാഴ്‌സലോണയ്ക്കു വേണ്ടി ഇരുവരും നേരത്തേ ഒരുമിച്ചു കളിച്ചിട്ടുണ്ട്. നെയ്മര്‍ പിന്നീട് ബാഴ്‌സ വിട്ടു പിഎസ്ജിയിലേക്കു ചേക്കേറുകയായിരുന്നു.
മെസ്സി കളിക്കുന്നില്ലെന്നത് തീര്‍ച്ചയായും മല്‍സരം കാണാനെത്തുന്നവര്‍ക്കു വലിയ നഷ്ടമാണ്. എന്നാല്‍ ബ്രസീലിനെ സംബന്ധിച്ചിടത്തോളം അത് ആശ്വാസമാണ്. കളിയില്‍ ജയിക്കാനുള്ള ബ്രസീലിന്റെ സാധ്യതകളാണ് ഇതോടെ വര്‍ധിച്ചതെന്നും മല്‍സരത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെയ്മര്‍ അഭിപ്രായപ്പെട്ടു.

അര്‍ജന്റീന മികച്ച ടീം
മെസ്സിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ കളിക്കുന്നില്ലെങ്കിലും അര്‍ജന്റീനയെ വില കുറച്ചു കാണാന്‍ നെയ്മര്‍ തയ്യാറല്ല. അര്‍ജന്റീന ഇപ്പോഴും മികച്ച ടീം തന്നെയാണ്. പ്രതിഭയുള്ള യുവതാരങ്ങള്‍ അവര്‍ക്കുണ്ട്. പൗലോ ദിബാല തനിക്ക് ഏറെ ഇഷ്ടമുള്ള താരമാണ്. ലോകോത്തര താരമായി മാറാന്‍ ശേഷിയുള്ള കളിക്കാരനാണ് അദ്ദേഹം.
മല്‍സരം കടുപ്പമേറിയതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബ്രസീല്‍ ഫേവറിറ്റുകളൊന്നുമല്ല. ഇരുടീമിനും കളിയില്‍ തുല്യസാധ്യതയാണുള്ളത്. അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്നത് എല്ലായ്‌പ്പോഴും സ്‌പെഷ്യലാണെന്നും നെയ്മര്‍ വിശദമാക്കി.

സാഹചര്യത്തിന് അനുസരിച്ച് പൊസിഷന്‍
ഓരോ മല്‍സരത്തിലും സാഹചര്യമനുസരിച്ച് കോച്ച് ടിറ്റെ ആവശ്യപ്പെടുന്ന പൊസിഷനില്‍ കളിക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നു നെയ്മര്‍ പറഞ്ഞു.
പിഎസ്ജിയില്‍ സെന്‍ട്രല്‍ പൊസിഷനിലാണ് താന്‍ കളിക്കുന്നത്. ബ്രസീല്‍ ടീമില്‍ ടിറ്റെ തനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ മുന്നോട്ടു കയറി കളിക്കാനും അദ്ദേഹം നിര്‍ദേശിക്കാറുണ്ട്. ദേശീയ ടീമിന് വേണ്ടി തനിക്കു ഇനിയും പലതും നല്‍കാനാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മല്‍സരം സമനിലയില്‍ കലാശിക്കില്ല
ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഇന്നു നടക്കാനിരിക്കുന്ന ക്ലാസിക്ക് മല്‍സരം സമനിലയില്‍ കലാശിക്കില്ലെന്നുറപ്പാണ്. കാരണം നിശ്ചിത സമയത്ത് കളി സമനിലയില്‍ പിരിഞ്ഞാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ജയിക്കുന്ന ടീമിന് കിരീടവും സമ്മാനിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications