
ആംസ്റ്റര്‍ഡാം: ടോട്ടല്‍ ഫുട്‌ബോളിലൂടെ ഒരു കാലത്ത് ലോകമെമ്പാടുമുള്ള കാല്‍പന്തു കളി ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയ ഹോളണ്ട് ഇപ്പോള്‍ പഴയ സുവര്‍ണകാലം അയവിറക്കി കഴിയുകയാണ്.
ഇത്തവണത്തെ ലോകകപ്പിനു പോലും യോഗ്യത നേടാന്‍ കഴിയാതിരുന്ന ഡച്ച് ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ മുന്‍ ദേശീയ താരം റൊണാള്‍ഡ് കോമാനെ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. 2014ലെ കഴിഞ്ഞ ലോകകപ്പ് കഴിഞ്ഞ് ലൂയിസ് വാന്‍ഗാല്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഡച്ച് ടീമിന്റെ നാലാമത്തെ കോച്ചാണ് കോമാന്‍. ഗുസ് ഹിഡ്ഡിങ്ക്, ഡാനി ബ്ലിന്‍ഡ്, ഏറ്റവും അവസാനമായി ഡിക്ക് അഡ്വക്കാറ്റ് എന്നിവരും അതിനു ശേഷം ഓറഞ്ച് പടയെ പരിശീലിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അഡ്വക്കാറ്റ് കോച്ച് സ്ഥാനം രാജിവച്ച ശേഷം ഹോളണ്ട് ടീം പുതിയ പരിശീലകനം തേടുകയായിരുന്നു. 2018ലെ റഷ്യന്‍ ലോകകപ്പിലേക്ക് ടീമിന് ഇടം നേടിക്കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണ് അഡ്വക്കാറ്റ് പരിശീലകസ്ഥാനം രാജിവച്ചത്.
യൂറോപ്പിലെ പല പ്രമുഖ ടീമുകളെയും പരിശീലിപ്പിച്ച ശേഷമാണ് കോമാന്‍ തന്റെ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോമാനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് പുതിയ ടീം തേടുന്നതിനിടെയാണ് നാട്ടില്‍ നിന്നു തന്നെ അദ്ദേഹത്തിന് ക്ഷണം വന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് വരെയുള്ള നാലു വര്‍ഷത്തെ കരാറിലാണ് കോമാന്‍ ഡച്ച് ടീമുമായി ഒപ്പുവച്ചത്.