ക്ലബ്ബ് ഫുട്‌ബോള്‍ എപ്പോഴും ആരാധകരുടെ ഫേവറേറ്റ് ടൂര്‍ണമെന്റാണ്. ഓരോ ടീമും തങ്ങളുടെ ഫേവറേറ്റ് താരങ്ങളുമായി കിരീടത്തിനായി പോരടിക്കുമ്പോള്‍ വീറും വാശിയും കൂടും. ക്ലബ്ബ് ഫുട്‌ബോളില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ എല്ലാ ടീമുകളും ഇപ്പോള്‍ തങ്ങള്‍ക്കാവശ്യമായ താരങ്ങളെ നോട്ടമിട്ട് തന്ത്രം മെനയുകയാണ്. പല വമ്പന്‍ കൂടുമാറ്റങ്ങളും വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പ്രതീക്ഷിക്കാം.
ഒരു കാലത്ത് ടീമുകളുടെ മുഖമായി നിറഞ്ഞ് കളിച്ചിരുന്ന പല താരങ്ങളും ഇപ്പോള്‍ ആ ടീമുകളില്‍ നിന്ന് കൂടൊഴിഞ്ഞ് മറ്റൊരു ടീമിനായി കളിക്കുകയാണ്. ഈ താരങ്ങള്‍ പഴയ ടീമിലേക്ക് തിരിച്ചുവന്നിരുന്നെങ്കിലെന്ന് എല്ലാ ആരാധകരും ആഗ്രഹിക്കുന്ന ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ ആരാധകര്‍ ആഗ്രഹിക്കുന്നതും എന്നാല്‍ നടക്കാന്‍ സാധ്യതയില്ലാത്തതുമായ ഡ്രീം ട്രാന്‍സ്ഫറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മെസി വീണ്ടും ബാഴ്‌സലോണയില്‍
ലയണല്‍ മെസി ബാഴ്‌സലോണയുടെ മുഖമായിരുന്നു. ബാഴ്‌സലോണ എന്ന ക്ലബ്ബിന് ഇത്രത്തോളം ആരാധക പിന്തുണയുണ്ടാക്കുന്നതിന് പിന്നില്‍ മെസിയുടെ പങ്ക് വളരെ വലുതാണ്. മെസി കളിച്ചിരുന്നപ്പോള്‍ ബാഴ്‌സലോണയുടെ പ്രകടനങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയും സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാഴ്‌സലോണ വിട്ട മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് കളിക്കുന്നത്.
മെസി ബാഴ്‌സലോണയില്‍ കളിച്ച് വിരമിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. മെസിയെ സംബന്ധിച്ചും ബാഴ്‌സലോണ ഒരു വികാരമാണ്. എന്നാല്‍ ഇനി ഈ ട്രാന്‍സ്ഫര്‍ നടക്കാന്‍ യാതൊരു സാധ്യതയുമില്ല. മെസിയെപ്പോലൊരു സൂപ്പര്‍ താരത്തെ വീണ്ടും ടീമിലേക്കെത്തിക്കാനുള്ള സാമ്പത്തിക നില ബാഴ്‌സലോണക്കില്ലെന്നതാണ് വസ്തുത. ഇക്കാരണത്താലാണ് മെസി ബാഴ്‌സലോണ വിട്ടതും.

റൊണാള്‍ഡോ റയലില്‍
ബാഴ്‌സലോണക്ക് മെസി എന്തായിരുന്നുവോ അതുപോലെ തന്നെയാണ് റയല്‍ മാഡ്രിഡിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലുമെല്ലാം കിരീടങ്ങള്‍ വാരിക്കൂട്ടിയത് റൊണാള്‍ഡോയ്‌ക്കൊപ്പമായിരുന്നു. ക്ലബ്ബിനായി റൊണാള്‍ഡോ തകര്‍പ്പന്‍ പ്രകടനങ്ങളും നിരവധി റെക്കോഡുകളുമിട്ടെങ്കിലും ഒടുവില്‍ റയല്‍ വിടേണ്ടി വന്നു. നിലവില്‍ സൗദി ക്ലബ്ബിനായാണ് റൊണാള്‍ഡോ കളിക്കുന്നത്. റൊണാള്‍ഡോ റയലിനായി കളിച്ച് വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്തായാലും റൊണാള്‍ഡോ റയലിലേക്ക് തിരിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ലാത്തതിനാല്‍ ഈ കൂടുമാറ്റം ഇനി സ്വപ്‌നം മാത്രമായിരിക്കും.
നെയ്മര്‍ ബാഴ്‌സലോണയില്‍
നെയ്മര്‍ ബാഴ്‌സലോണക്കായി വീണ്ടും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. മെസി, നെയ്മര്‍, സുവാരസ് കൂട്ടുകെട്ട് ബാഴ്‌സലോണക്കായി കളിച്ചിരുന്ന സമയം ടീമിന്റെ പ്രധാന കാലഘട്ടമായിരുന്നു. ഇപ്പോള്‍ ഇതെല്ലാം ഓര്‍മകള്‍ മാത്രമാണ്. വീണ്ടും നെയ്മറും മെസിയും ഒന്നിച്ച് കളിക്കുന്നത് കാണണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്ന നെയ്മറെ ബാഴ്‌സലോണ ഇനി ഒരിക്കലും ടീമിലേക്കെത്തിക്കില്ലെന്നതാണ് വസ്തുത.