റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കറാണ് വിനീഷ്യസ് ജൂനിയര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒഴിച്ചിട്ട സീറ്റിലേക്ക് റയലിന്റെ ഇതിഹാസമായി വളര്‍ന്നുവരുന്ന താരമാണ് വിനീഷ്യസ്. കൃത്യതയുള്ള സ്‌ട്രൈക്കര്‍ വരുന്ന ബാലന്‍ദ്യോര്‍ പുരസ്‌കാര നേട്ടത്തിനായുള്ള പോരാട്ടക്കാരില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി ഹാട്രിക്കടക്കം നേടി വിനീഷ്യസ് കത്തിക്കയറിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലെ തന്നെ ജേഴ്‌സി ഉയര്‍ത്തിയുള്ള വിനീഷ്യസിന്റെ ആഘോഷം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
റയല്‍ മാഡ്രിഡില്‍ അടുത്ത സൂപ്പര്‍ താരമായി വിനീഷ്യസ് മാറുമെന്ന് തന്നെ ഇപ്പോള്‍ വിലയിരുത്താം. കെയ്‌ലിയന്‍ എംബാപ്പയുടെ വരവോടെ റയല്‍ മാഡ്രിഡ് കൂടുതല്‍ കരുത്തുറ്റതായി മാറിയിട്ടുണ്ട്. എന്നാല്‍ ടീമിന്റെ നട്ടെല്ലായി ഇപ്പോഴും വിനീഷ്യസ് തന്നെയാണുള്ളതെന്ന് പറയാം. നിലവിലെ യുവ സൂപ്പര്‍ താരങ്ങളിലൊരാളായ വിനീഷ്യസ് തന്റെ ഇഷ്ട താരത്തെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അത് റൊണാള്‍ഡോയല്ലെന്നതാണ്എടുത്തു പറയേണ്ടത്.

ഇഷ്ട താരം ലയണല്‍ മെസി
റയല്‍ മാഡ്രിഡിനായാണ് കളിക്കുന്നതെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ ഇഷ്ട താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയല്ല. ബാഴ്‌സലോണയുടെ മുന്‍ ഇതിഹാസവും അര്‍ജന്റീന സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസിയാണ് വിനീഷ്യസിന്റെ ഇഷ്ട താരം. മെസിയുടെ സ്വാഭാവിക ശൈലിയാണ് തനിക്ക് ഇഷ്ടമെന്നാണ് ഒരിക്കല്‍ വിനീഷ്യസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ റയല്‍ മാഡ്രിഡിലേക്കെത്തിയതോടെ റൊണാള്‍ഡോയുടെ പല കാര്യങ്ങളും വിനീഷ്യസ് അനുകരിക്കാന്‍ ശ്രമിക്കുകയാണ്.
ഗോള്‍ ആഘോഷത്തിലടക്കം റൊണാള്‍ഡോയെ അനുകരിക്കാന്‍ വിനീഷ്യസ് ശ്രമിക്കുന്നുണ്ട്. ഇത് റയല്‍ ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിനായാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിനീഷ്യസ് റയലില്‍ അടുത്ത റൊണാള്‍ഡോ ആകാന്‍ ശ്രമിക്കുന്നതാണെന്നും എന്നാല്‍ റൊണാള്‍ഡോയുടെ നിലവാരത്തിലേക്കുയരാന്‍ വിനീഷ്യസിന് സാധിക്കില്ലെന്നുമാണ് റൊണാള്‍ഡോ ആരാധകര്‍ പറയുന്നത്. എന്തായാലും ഇപ്പോള്‍ റയലിന്റെ നട്ടെല്ലാണ് വിനീഷ്യസെന്ന് പറയാം.
റയലിനായി വിനീഷ്യസ് തകര്‍ത്ത് കളിക്കുന്നു
റയല്‍ മാഡ്രിഡിനായി മികച്ച ഫോമിലാണ് വിനീഷ്യസ് ജൂനിയര്‍ കളിക്കുന്നത്. 24കാരനായ വിനീഷ്യസ് അവസാന സീസണില്‍ 24 ഗോളാണ് റയലിനായി നേടിയത്. 11 അസിസ്റ്റും 39 മത്സരത്തില്‍ നിന്ന് വിനീഷ്യസ് നേടി. റയല്‍ മാഡ്രിഡിനൊപ്പം വലിയ ഭാവി വിനീഷ്യസിനുണ്ടെന്ന് പറയാം. ബ്രസീല്‍ ടീമിനൊപ്പവും തകര്‍ത്ത് കളിക്കാന്‍ വിനീഷ്യസിന് സാധിക്കുന്നുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ നിലവാരത്തിലേക്കുയരാന്‍ വിനീഷ്യസിന് സാധിക്കുമോയെന്നത് കണ്ടറിയാം.
റയല്‍ മാഡ്രിഡില്‍ നിന്ന് പടിയിറങ്ങിയ റൊണാള്‍ഡോ ഇപ്പോള്‍ സൗദി ക്ലബ്ബായ അല്‍ നാസറിനായാണ് കളിക്കുന്നത്. അധികം വൈകാതെ വിരമിക്കുമെന്ന സൂചന ഇതിനോടകം റൊണാള്‍ഡോ നല്‍കിക്കഴിഞ്ഞു. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് ഇപ്പോള്‍ കളിക്കുന്നത്. ഇരുവരും അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.